മേനിനടിക്കാന്‍‌ വേണ്ടി കോവിഡ് മരണക്കണക്കില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു: വി.ഡി. സതീശന്‍

സർക്കാരിന്‍റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2021-07-27 12:00 GMT
Editor : Nidhin | By : Web Desk
Advertising

കോവിഡ് മരണ കണക്കിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കോവിഡ് മരണ കണക്കിലെ അന്തരം പ്രതിപക്ഷം നിരന്തരം അറിയിച്ചിട്ടും സർക്കാർ നിഷേധാത്മ നിലപാടാണ് എടുത്തതെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

കേരളത്തിൽ സർക്കാർ കണക്കിലെ കോവിഡ് മരണവും ഇൻഫർമേഷൻ കേരള മിഷന്റെ കണക്കും തമ്മിലുള്ള അന്തരം നേരത്തെ പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് 16,170 പേർ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചു എന്നാണ്. എന്നാൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്കിൽ 23,486 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ്. 7,316 മരണങ്ങൾ മുഖ്യമന്ത്രി പറഞ്ഞ കണക്കിലില്ല.

കോവിഡ് മരണങ്ങൾ കുറഞ്ഞുവെന്ന് മേനി നടിക്കാനാണ് സർക്കാർ ഇത്തരത്തിൽ കോവിഡ് മരണങ്ങൾ മൂടി വയ്ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടമാകാൻ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻഫർമേഷൻ കേരളയുടെ കണക്കിലും പിഴവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ കോവിഡ് മരണത്തിന്റെ കണക്ക് പുറത്തുവരുന്നത് വരെ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. എന്നാൽ സർക്കാർ തുടക്കം മുതൽ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. ആദ്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പരിഹസിച്ച് മറുപടി പറഞ്ഞ മന്ത്രിക്കു പിന്നീട് പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയാണെന്ന് അംഗീകരിക്കേണ്ടി വന്നു. എന്നാൽ ഇപ്പോഴും സർക്കാർ ഇത് സംബന്ധിച്ച് ഒളിച്ചു കളിക്കുകയാണ്. സർക്കാരിന്റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. ഇന്ന് പ്രതിപക്ഷം സർക്കാരിന്റെ കണക്കുകളിലെ പൊരുത്തക്കേട് കണക്കുകൾ സഹിതം പൊതുജനങ്ങളുടെ മുന്നിൽ വയ്ക്കുന്നു. ഇത് സർക്കാരിന്റെ കണക്കുകളിലെ തന്നെയുള്ള അന്തരമാണ്. യാഥാർഥ്യം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് മരണ കണക്കുകൾ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടേ ഇരിക്കും. സർക്കാർ മറുപടി പറയണം

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News