വെഞ്ഞാറമൂട് കൂട്ടക്കൊല: കസ്റ്റഡിയിലിരിക്കെ അഫാന് ദേഹാസ്വാസ്ഥ്യം, സെല്ലിൽ മറിഞ്ഞുവീണു
ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ പൊലീസ് കസ്റ്റഡിയിലരിക്കെ ദേഹാസ്വാസ്ഥ്യം. അഫാൻ ആത്മഹത്യക്ക് ശ്രമിച്ചതായാണ് സംശയം. അഫാന്‍ സെല്ലില്‍ മറിഞ്ഞുവീണു. ഇതേതുടർന്ന് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, പ്രതി ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ കൂടുതലൊന്നും പറയാനില്ലന്നാണ് മറുപടി നൽകുന്നത്. കസ്റ്റഡിയിൽ ലഭിച്ചശേഷം വെഞ്ഞാറമൂട് സിഐ വീണ്ടും മൊഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതിയുടെ നിസഹകരണം. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോകും. കൊല്ലപ്പെട്ട പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സൽമാബീവിയുടെ മാല പണയപ്പെടുത്തി പണമെടുത്ത് ധനകാര്യ സ്ഥാപനത്തിലും കൊലപാതകത്തിനുള്ള ആയുധം മേടിച്ച കടയിലും തെളിവെടുപ്പ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഉച്ചയ്ക്ക് മുൻപ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കും. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ പൊലീസുകാരെ വിന്യസിക്കും. സൽമാബീവിയെ കൊലപ്പെടുത്തി കേസിൽ ഒമ്പതാം തീയതി വരെയാണ് കസ്റ്റഡിയിൽ അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കും. പിന്നീട് മറ്റു കേസുകളിലെ തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നൽകും. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഉള്ള നീക്കം ആണ് പൊലീസ് നടത്തുന്നത്.