'ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ നരസിംഹ റാവു ഉറങ്ങാൻ പോയി; വാർത്ത പുറത്തുവന്നത് മൂന്ന് വർഷത്തിന് ശേഷം'; കാരണം പങ്കുവച്ച് വെങ്കിടേഷ് രാമകൃഷ്ണൻ
'ഫ്രണ്ട്‌ലൈനെ തങ്ങൾ പരിഗണിക്കുന്നേയില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിൻ്റെ പ്രതികരണം'
കോഴിക്കോട്: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി പി.വി.നരംസിംഹറാവു ഉറങ്ങാൻ പോയി എന്ന വാർത്ത പുറത്തു കൊണ്ടുവന്ന ഓർമ പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ. ബാബരി മസ്ജിദ് തകർക്കപ്പെട്ട് മൂന്നു വർഷത്തിന് ശേഷമാണ് ഫ്രണ്ട്‌ലൈൻ മാസികയിലൂടെ വാർത്ത പുറത്തുകൊണ്ടുവന്നത് എന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ന്യൂസ് എഡിറ്ററും കെയുഡബ്ല്യുജെ ജില്ല സെക്രട്ടറിയുമായിരുന്ന എൻ.രാജേഷിന്റെ സ്മരണക്കായി മാധ്യമം ജേണലിസ്റ്റ് യൂനിയൻ ഏർപ്പെടുത്തിയ അഞ്ചാമത് എൻ.രാജേഷ് സ്മാരക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വെങ്കിടേഷ് രാമകൃഷ്ണൻ.
'നരസിംഹ റാവു സർക്കാറിന്റെ നാലാം വാർഷികത്തിലാണ് ഈ വാർത്ത പുറത്തു കൊണ്ടുവന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി ഉറങ്ങാൻ പോയി എന്ന വിവരം മുമ്പ് തന്നെ ലഭിച്ചിരുന്നു. എന്നാൽ, അതിന് സ്ഥിരീകരണം വരുന്നത് 1995 ലാണ്. റാവുവിന്റെ സർക്കാറിന്റെ ഭാഗമായിരുന്ന രംഗരാജൻ കുമാരമംഗലമാണ് വാർത്തയിൽ സ്ഥിരീകരണം വരുത്തിയത്. റാവുവിൽ വിശ്വാസം നഷ്ടപ്പെട്ട രംഗരാജൻ ഈ വാർത്ത പുറത്തുകൊണ്ടുവരാൻ തന്നോട് പറയുകയായിരുന്നു'.
'പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്ത നിഷേധിച്ചാൽ വാർത്ത ശരിയാണെന്ന് പരസ്യമായി പറയാമെന്ന് രംഗരാജൻ ഉറപ്പുതന്നു. വാർത്ത പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് എത്തിയ വിളിയും തന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഫ്രണ്ട്‌ലൈനെ തങ്ങൾ പരിഗണിക്കുന്നേയില്ല'- എന്നു പറഞ്ഞതും വെങ്കിടേഷ് രാമകൃഷ്ണൻ ഓർത്തു. മാധ്യമങ്ങളിൽ ഭരണകൂടങ്ങൾ നടത്തുന്ന നിയന്ത്രണങ്ങൾ മുമ്പേയുണ്ട്. കഴിഞ്ഞ 10 വർഷമായി അതിന്റെ തീവ്രത വർധിച്ചു. ഈ സാഹചര്യത്തിലാണ് ദി വയറിനെ പോലുള്ള പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാമത് എൻ.രാജേഷ് സ്മാരകപുരസ്‌ക്കാരം ജോൺ ബ്രിട്ടാസ് എം.പി 'ദി വയർ' സ്ഥാപക എഡിറ്ററും ഡറക്ടറുമായ എം.കെ വേണുവിന് സമ്മാനിച്ചു. ഇന്ത്യൻ മാധ്യമ ലോകം പരിണാമം, വർത്തമാനം എന്ന വിഷയത്തിൽ കവിയും എഴുത്തുകാരനുമായ പി.എൻ ഗോപീകൃഷ്ണൻ രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, കെയുഡബ്ല്യുജെ പ്രസിഡന്റ് കെ.പി റെജി, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, കെഎൻഇഎഫ് ജില്ല പ്രസിഡന്റ് അബ്ദുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.