പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളും പരിശോധിക്കും
കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം
കണ്ണൂർ: സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന പരാതിയിലാണ് നടപടി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം. കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്വേഷണത്തിന് അനുമതി നൽകിയിരുന്നില്ല. പുതിയ തീരുമാനത്തോടെയാണ് പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും. കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും ഇതിൽ പരിശോധിക്കുമെന്നാണ് വിവരം.