കാലം സാക്ഷി,ചരിത്രം സാക്ഷി; വി.എസ് അച്യുതാനന്ദന്റെ സമരജീവിതം തിരശ്ശീല താഴ്ത്തുമ്പോൾ

ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകില്ല എന്നത് വി.എസിന്റെ കാര്യത്തിൽ ഒരു ഭംഗി വാക്കല്ല

Update: 2025-07-24 02:59 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ സമരജീവിതം തിരശ്ശീല താഴ്ത്തുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് എന്താണ്?. അദ്ദേഹം കേവലമായ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമായിരുന്നോ? മലയാളിയുടെ ജീവിതത്തെ പരുവപ്പെടുത്തുന്നതിൽ, സാധ്യമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്തായിരുന്നു. ഇനിയുള്ള കാലം വിഎസിന്റെ അസാന്നിധ്യത്തിൽ നാം അനുഭവിക്കാൻ പോകുന്നത് എന്തായിരിക്കും. അറിയപ്പെടാത്ത അനേക ലക്ഷ്യം മനുഷ്യരുമായി സാഹോദര്യം സൃഷ്ടിച്ച മഹാരഥനായ മനുഷ്യന് കേരളം വിരോചിതമായി വിട ചൊല്ലി.

കേരളത്തിന്റെ ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ മറ്റാർക്കും ഒപ്പം രേഖപ്പെടുത്താൻ കഴിയാത്ത വിശേഷ മുദ്രകൾ ബാക്കിയാക്കിയാണ് വി.എസ് ചരിത്രമായത്. പതിനഞ്ചാം വയസിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നിന്ന വിഎസ് പിന്നീട് ഒരിക്കലും അവരിൽ നിന്ന് തിരികെ കയറിയില്ല. വീണുപോകും വരെ വിശ്രമിച്ചമില്ല . അത്രയും ഉണ്ടായിരുന്നു ഏറ്റെടുക്കാനും തീർപ്പു കൽപ്പിക്കാനും ഉള്ള വിഷയങ്ങൾ . സിപിഎമ്മിനകത്ത് വിഭാഗീയതയുടെ തീപ്പാറിയ കാലത്ത് എംവിആറോ, ഗൗരിയമ്മയോ ആയി എടുത്തറിയപ്പെട്ടില്ല വി.എസ് .

Advertising
Advertising

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പറിച്ച് എറിയാൻ കഴിയാത്ത വിധം ജനബന്ദിതമായ കരുത്തായി വിഎസ് വേരാഴ്ത്തിരുന്നു അഴിമതി വിരുദ്ധതയും സ്ത്രീ പീഡകർക്ക് എതിരായ പോരാട്ടവും പ്രഖ്യാപിച്ച് വി എസ് മുറ്റത്തേക്ക് ഇറങ്ങി നിന്നപ്പോൾ അവിശ്വാസത്തിന്റെ കണിക പോലും ഇല്ലാതെ ഒപ്പം അണിചേർന്നു കേരളം. 2006ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ ആകെ ഒരു നിമിഷം മരവിപ്പിച്ച് നിർത്തിയ ഒരു ദിവസം വി.എസ് സൃഷ്ടിച്ചത് ആ വിശ്വാസത്തിന്റെ ബലത്തിലാണ് .

ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകില്ല എന്നത് വി.എസിന്റെ കാര്യത്തിൽ ഒരു ഭംഗി വാക്കല്ല, 101 വയസ്സ് വരെ ജീവിച്ച ഒരാൾ. കേരളത്തിന്റെ പിറവിയും വളർച്ചയും കണ്ട ഒരാൾ കേരളത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ടായിരുന്ന ഒരാൾ ,മലയാളി എന്ന അഭിമാനം നമുക്ക് സാധ്യമാക്കാൻ പണിയെടുത്ത ഒരാൾ. പാർട്ടിയുടെ ശാക്ത ചേരിയുമായുള്ള പൊടി പാടിയ പോരാട്ടത്തിലും സന്ധി എന്ന രണ്ടക്ഷരം ഉച്ചരിക്കാത്ത ഒരാൾ.എല്ലാ അർത്ഥത്തിലും സാർത്ഥകമായിരുന്നു വിഎസിന്റെ സമര ജീവിതം. വി.എസ് സംസാരിച്ചത് അത്രയും ജനങ്ങളുടെ ഭാഷയായിരുന്നു. ഏറ്റെടുത്തത് ആകെയും അവരുടെ സമരങ്ങൾ ആയിരുന്നു. ആ പോരാട്ടത്തിന്റെ തുടർച്ച ഉറപ്പാക്കും എന്നാണ് വലിയ ചുടുകാട്ടിലെ അഗ്നിയെ സാക്ഷിയാക്കി പിണറായി വിജയൻ സഖാക്കളോട് ആണിടുന്നത് . അങ്ങനെയെങ്കിൽ ആ പാർട്ടിയെ കാത്തിരിക്കുന്നത് പുതിയ പുതിയ പുലരികൾ തന്നെ..

അതേസമയം, മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിനും തീരാനഷ്ടമെന്ന് നേതാക്കൾ അനുസ്മരിച്ചു. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ് വി.എസെന്ന് സിപിഎംജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. നവ കേരള സൃഷ്ടിക്ക് തുടക്കം കുറിച്ച മഹാരഥന്മാരിൽ ഒരാളായിരുന്നു വിഎസെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.

പതിനായിരങ്ങളുടെ മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെയും അകമ്പടിയിൽ വി.എസ് മടങ്ങുമ്പോൾ, ചരിത്രപുരുഷന്റെ അടയാളപ്പെടുത്തലുകളെയും പോരാട്ടങ്ങളെയും ഓർത്തെടുക്കുകയായിരുന്നു നേതാക്കൾ. തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സൃഷ്ടിയായ വി.എസ് ,വി.എസ് ആയത് ചെങ്കൊടി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിൽ നടത്തിയ പോരാട്ടങ്ങളിലൂടെയാണെന്ന്  എം.എ ബേബി പറഞ്ഞു. അടിമകളെപ്പോലെ ജീവിച്ച കർഷകത്തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയതും വി.എസാണ്.

വി.എസിന്റെ വിയോഗം പാർട്ടിയുടേയും നാടിന്‍റെയും നഷ്ടമെന്ന് മുഖ്യമന്ത്രിഅനുസ്മരിച്ചു. എല്ലാകാലത്തും തൊഴിലാളി വർഗ്ഗ നിലപാട് ഉയർത്തിപ്പിടിച്ച ആളായിരുന്നു വി.എസ്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് പാർട്ടിയെ പ്രതിരോധിച്ചയാളായിരുന്നു വി.എസ് വർഗീയത ആപത്താകുന്ന കാലത്താണ് വിഎസിന്റെ വിട വാങ്ങൽ. കേരളത്തിന്‍റെ ഉത്തമനായ സന്താനത്തെ നാട് ശരിയായി ഏറ്റെടുത്തതിൽ സിപിഎമ്മിന് ചാരിതാർത്ഥ്യമുണ്ട്.കൂട്ടായ പ്രവർത്തനത്തിലൂടെ ഇത്തരം നേതാക്കളുടെ അസാന്നിധ്യം മറികടക്കുമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News