വഖഫ് ബോർഡ് പുനഃസംഘടന: പരിഹാര ഫോർമുലയിലും അതൃപ്തി; സമവായത്തിന് സർക്കാർ
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ എപി സമസ്തക്ക് അതൃപ്തിയുണ്ട്
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട കാന്തപുരം സമസ്തയുടെ പരാതികൾക്ക് പരിഹാരം കണ്ടെന്ന് പറയുമ്പോഴും എങ്ങനെ പരിഹരിക്കുമെന്നതിൽ വ്യക്തതയില്ല. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അംഗത്വം ഒഴിഞ്ഞ് പകരം എപി സമസ്ത പ്രതിനിധിയെ ഉൾപ്പെടുത്താനും തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കാനുമാണ് ധാരണ. എന്നാൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ എപി സമസ്തക്ക് അതൃപ്തിയുണ്ട്. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് ഒരു വർഷം കൂടി തുടരാൻ അർഹതയുണ്ട് എന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നീട്ടി നിൽക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിഷയത്തിൽ നിലപാട് കടുപ്പിച്ചാൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ബാധിക്കും. കൂടുതൽ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ നീക്കം.
മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ക്ക് ഏതാണ്ട് പരിഹാരമായത്. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോര്‍ഡ് അംഗത്വമൊഴിയുകയും പകരം കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ സമവായ ഫോര്‍മുല. ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും തുടര്‍ന്ന് തൊടിയൂരിനെ ചെയര്‍മാനാക്കുകയും ചെയ്യണം.
കഴിഞ്ഞ ദിവസം അനുനയ നീക്കത്തിൻ്റെ ഭാഗമായി മന്ത്രി എന്‍.ഷംസുദ്ദീന്‍ കാരന്തൂര്‍ മര്‍ക്കസില്‍ നേരിട്ടെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വഖഫ് ബോര്‍ഡില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുനല്‍കുമെന്നാണ് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.
വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിന് അനുയോജ്യമായ പരിഹാരം കാണുമെന്നും മന്ത്രി എന്‍.ഷംസുദ്ദീന്‍ പ്രതികരിച്ചു. കാന്തപുരം വിഭാഗവുമായി നടത്തിയ ചര്‍ച്ച വളരെ സൗഹൃദപരമായിരുന്നെന്നും ആരെയും ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സാഹചര്യം അനുസരിച്ച് ഉണ്ടായ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.