Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊച്ചി: നീതിന്യായ വ്യവസ്ഥയും സർക്കാരിന്റെ സിസ്റ്റവും രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്‍ദമാക്കികൊണ്ടിരിക്കുന്നുവെന്ന് വുമൺ ഇൻ സിനിമ കലക്റ്റീവ്(WCC). സംവിധായകൻ പി.ടി കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ നടപടിയെടുക്കാത്ത സർക്കാരിന്റെ മെല്ലെപ്പോക്കിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് WCC. സർക്കാർ പ്രഖ്യാപനങ്ങളിലെ മെല്ലെപ്പോക്ക് പൊറുക്കാനാവാത്തത്. പി.ടി കുഞ്ഞുമുഹമ്മദിന് സർക്കാർ ജാമ്യം നൽകി രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ WCC ആരോപിക്കുന്നു.
നവംബർ മുപ്പതാം തീയതി ചലച്ചിത്ര പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയ തിരുവനന്തപുരം കൻറ്റോൺമെന്റ് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം. ഇതിന് ശേഷം IFFKയുടെ ഹാൻഡ്‌ബുക്കിൽ നിന്ന് കുഞ്ഞു മുഹമ്മദിന്റെ പേർ നീക്കം ചെയ്യുക മാത്രമാണ് അദ്ദേഹത്തിനെതിരെയെടുത്ത നടപടിയെന്നും കത്തിൽ വിമർശിക്കുന്നു.
ഭരണപക്ഷത്തുള്ള സ്ത്രീ നേതാക്കൾ അതിജീവിതയോട് ഉറച്ചു നിൽക്കണം എന്ന് പറഞ്ഞു കൊണ്ടേയിരിക്കുമ്പോൾ വേറൊരു വശത്ത് ഭരണപക്ഷത്തിന്റെ പ്രതിനിധികളും സിനിമയിലെ തലമുതിർന്ന പ്രവർത്തകരും കുഞ്ഞുമുഹമ്മദിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ കണക്കിലെടുത്ത് അയാളെ വെറുതെ വിടണമെന്ന് അതിജീവിതയോട് നിരന്തരം ആവശ്യപ്പെടുന്നു. ഇത് അതിജീവിതയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നെന്നും കത്തിൽ പറയുന്നു.
ജാമ്യമില്ലാവകുപ്പിൽ ഡിസംബർ എട്ടാം തീയതി രജിസ്റ്റർ ചെയ്ത എഫ്ഐആറിന്മേൽ ഉടൻ തന്നെ അറസ്റ്റ് നടത്താതെ 9,11 തീയതികളിൽ നടന്ന തെരഞ്ഞെടുപ്പും 12 മുതൽ 19 വരെ നടന്ന ഐഎഫ്എഫ്കെയും കഴിയുന്നത് വരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരികൾ അടയിരുന്നു. അവസാനം ജാമ്യാപേക്ഷയുടെ സെഷൻസ് കോടതിയിലെ വാദത്തിനു ശേഷം പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിലൂടെ സിസ്റ്റം ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വീണ്ടും വ്യക്തമായിരിക്കുന്നുവെന്നും WCC തുറന്നടിച്ചു.
WCC മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപം:
'മുപ്പതാമത് കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ, സിനിമ സെലക്ഷൻ സ്ക്രീനിംഗ് സമയത്ത് സംവിധായകൻ
പി ടി കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തി എന്നറിയിക്കുന്ന കോൺഫിഡൻഷ്യൽ കത്ത് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് അയക്കുന്നത് നവംബർ 25 നു അറിയിച്ചിരുന്നു.
സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഐ എഫ് എഫ് കെയിൽ സിനിമകൾ തിരഞ്ഞെടുക്കാനായി പോയതിനിടക്ക് നടന്ന സംഭവമായിരുന്നു അത്. എന്നിട്ടും ചലച്ചിത്രപ്രവർത്തകക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് ഒരു മറുപടി യും നൽകിയില്ല എങ്കിലും ചില നടപടി കൾ എടുക്കുകയുണ്ടായി.
നവംബർ മുപ്പതാം തീയതി ചലച്ചിത്ര പ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തിയ തിരുവനന്തപുരം കൻറ്റോൺമെന്റ് പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തിയത് വീണ്ടും എട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. അതും ഏറെ തവണ അതിജീവത അതിനായി ആവശ്യപ്പെട്ടതിനു ശേഷം! മുപ്പതാം തീയതിയെടുത്ത മൊഴി എഫ് ഐ ആർ ആകാൻ എന്തുകൊണ്ട് ഇത്രയും വൈകി എന്നതിനു പോലീസ് ഒരു കാരണവും അറിയിച്ചില്ല.
ഈ എട്ട് ദിവസങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ റസൂൽ പൂക്കുട്ടി, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ തുടങ്ങിയവർ അതിജീവിതയോട് ഫോണിലും നേരിട്ടും സംസാരിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ നടപ്പിൽ വരുത്തിയത് കുഞ്ഞുമുഹമ്മദിന്റെ പേര് iffk ഹാൻഡ്ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും അയാളെ ചലച്ചിത്ര മേളയിൽ ക്ഷണിക്കാതിരിക്കുകയും ചെയ്യലാണ്. ഇത്തരം പ്രശ്നങ്ങൾ ഇനി മേലിൽ സംഭവിക്കാതിരിക്കാൻ അക്കാദമിക് ചെയ്യാൻ കഴിയുന്ന ദീർഘകാല പരിഹാരങ്ങൾ iffk വേദിയിൽ പ്രഖ്യാപിക്കുമെന്നും സീറോ ടോളറൻസ് പോളിസി നിർബന്ധമായും നടപ്പിൽ വരുത്തുമെന്നും പറഞ്ഞത് വീണ്ടും വാഗ്ദാനമായി അവശേഷിക്കുന്നു.
കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.
മാധ്യമങ്ങൾ കേസിനെക്കുറിച്ചുള്ള വിവരം പുറത്ത് വിടുന്നതിന് തൊട്ടുമുൻപ് വരെ ചലച്ചിത്ര പ്രവർത്തകയോട് പതിനാല് ദിവസം വരെ എഫ് ഐ ആർ വൈകാമെന്ന് പറഞ്ഞ പൊലീസ്, മാധ്യമങ്ങൾ വാർത്ത കൊടുത്തതിന് തൊട്ട് പിന്നാലെ എഫ് ഐ ആർ രേഖപ്പെടുത്തി!!
ഇതിനിടക്ക് കുഞ്ഞ്മുഹമ്മദിനൊപ്പം പല കാലഘട്ടങ്ങളിൽ ജോലിചെയ്യേണ്ടി വന്ന സ്ത്രീകളിൽ പലരും അവർക്കുനേരെ അയാൾ നടത്തിയിട്ടുള്ള നിരന്തരമായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ എഴുതി തുടങ്ങിയിരിക്കുന്നു….
ഭരണപക്ഷത്തുള്ള സ്ത്രീ നേതാക്കൾ, അതിജീവിതയോട് ഇതിൽ ഉറച്ചു നിൽക്കണം ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു...
വേറൊരു വശത്ത് ഭരണപക്ഷത്തിന്റെ പ്രതിനിധികളും സിനിമയിലെ തലമുതിർന്ന പ്രവർത്തകരും കുഞ്ഞുമുഹമ്മദിന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ കണക്കിലെടുത്ത് അയാളെ വെറുതെ വിടണമെന്ന് ചലച്ചിത്ര പ്രവർത്തകയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതിജീവിത കൂടുതൽ സമ്മർദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു.
ജാമ്യമില്ലാവകുപ്പിൽ ഡിസംബർ എട്ടാം തീയതി രജിസ്റ്റർ ചെയ്ത എഫ് ഐ ആറിന്മേൽ ഉടൻ തന്നെ അറസ്റ്റ് നടത്താതെ 9,11 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പും, 12 മുതൽ 19 വരെ നടന്ന ഐ എഫ് എഫ് കെ യും കഴിയുന്നത് വരെ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരികൾ അടയിരുന്നു.അവസാനം ജാമ്യാപേക്ഷയുടെ സെഷൻസ് കോടതിയിലെ വാദത്തിനു ശേഷം പ്രതിയുടെ പ്രായം പരിഗണിച്ച് ജാമ്യം ലഭിക്കുകയും ചെയ്തു.
പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി അയാളെ ജാമ്യത്തിൽ വിട്ടു. പ്രസ്തുത പീഡകൻ പി ടി കുഞ്ഞു മുഹമ്മദ് രക്ഷപ്പെട്ടു അല്ലെങ്കിൽ രക്ഷപ്പെടുത്തി എന്നാണ് അയാൾക്കൊപ്പം നിൽക്കുന്നവർ കരുതുന്നത്. അതിലൂടെ സിസ്റ്റം ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നു വീണ്ടും വ്യക്തമായിരിക്കുന്നു. നീതിന്യായ വ്യവസ്ഥയും ഗവൺമെന്റിന്റെ സിസ്റ്റവും രാഷ്ട്രീയ ഭേദമന്യേ അതിജീവിതമാരെ നിശബ്‍ദമാക്കികൊണ്ടിരിക്കുന്നു!
‘അവൾക്കൊപ്പം’ എന്ന് നിരന്തരം ആവർത്തിച്ച് പറയുന്ന സർക്കാരും, മാധ്യമങ്ങളും, പൊതുജനവുമാണ് നമ്മുടേത്.
പക്ഷേ സർക്കാർ പ്രഖ്യാപനങ്ങളുടെ പ്രയോഗ തലത്തിലെ മെല്ലെപ്പോക്ക് പൊറുക്കാനാവത്തതാണ്.
സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്നതിനായി വ്യവസ്ഥയെ പരിവർത്തിപ്പിക്കുന്നതിനു എളിയ ശ്രമമാണ് ഞങ്ങൾ നടത്താൻ ശ്രമിക്കുന്നത്. അതിനിയും തുടരുകതന്നെ ചെയ്യും. ആൺ അധികാരത്തിന്റെ മറവിൽ നിശബ്ദമാക്കപ്പെട്ട ഒട്ടനവധി അതിജീവിതമാർക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു.'