''ഞങ്ങൾ യുഡിഎഫിലെ രണ്ടാംകക്ഷി, മൂന്നാം സീറ്റിന് അർഹതയുണ്ട്': എം.കെ മുനീർ

''മുന്നണിയുടെ തലപ്പത്ത് ഇരിക്കുന്ന കക്ഷി എന്ന നിലയിൽ കോൺഗ്രസ് അവരുടെ തെറ്റുകൾ തിരുത്തണം. കപ്പലില്‍ ആര് ദ്വാരമുണ്ടാക്കിയാലും എല്ലാവരും മുങ്ങും''

Update: 2024-02-18 06:01 GMT
Editor : rishad | By : Web Desk

എം.കെ  മുനീര്‍

Advertising

കോഴിക്കേട്: യു.ഡി.എഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് മുസ്‌ലിം ലീഗെന്നും ലോക്‌സഭാ തെരഞ്ഞെുപ്പിൽ ഞങ്ങൾക്ക് മൂന്നാമത്തെ സീറ്റിന് അർഹതയുണ്ടെന്നും എം.കെ മുനീർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ അഭിമുഖ പരിപാടിയായ എക്സ്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുമ്പും മൂന്ന് സീറ്റ് ലീഗ് വാങ്ങിയിട്ടുണ്ട്. ലീഗിന് അതിന് അർഹതയുണ്ട്. എവിടെ എന്നല്ല, സീറ്റ് വേണം എന്ന ആവശ്യം ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ചർച്ചയുടെ ഭാഗമായിട്ടെ ഇതൊക്കെ വരൂ, സീറ്റ് നൽകുന്നത് സംബന്ധിച്ച് കോൺഗ്രസ് അവരുടെ കാര്യങ്ങൾ പറയുന്നുണ്ട് - എം.കെ മുനീര്‍ പറഞ്ഞു.

''മുന്നണിയുടെ തലപ്പത്ത് ഇരിക്കുന്ന കക്ഷി എന്ന നിലയിൽ കോൺഗ്രസ് അവരുടെ തെറ്റുകൾ തിരുത്തണം. കപ്പലില്‍ ആര് ദ്വാരമുണ്ടാക്കിയാലും എല്ലാവരും മുങ്ങും. അവർക്ക് ഇനിയും സമയമുണ്ട്. അതിനുള്ളിൽ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങൾ തീർക്കണം. എന്നാൽ അതിനകത്ത് കയറി അഭിപ്രായം പറയാൻ ഞങ്ങൾ ഇല്ല. ഘടകകക്ഷി എന്ന നിലയിലും ഞങ്ങളെക്കൂടി ബാധിക്കുമെന്നതിനാലും അവർ പരിഹാരം കണ്ടെത്തണം''- മുനീര്‍ പറഞ്ഞു. 

''ന്യൂനപക്ഷങ്ങൾ സമ്മർദം ചെലുത്തി നേടിയെടുക്കുന്നു എന്ന് പറയുന്നത് മനസിലാകുന്നില്ല. മുസ്‌ലിം ലീഗ് എന്നത് രാഷ്ടീയ സംഘടനയാണ്, അഞ്ചാം മന്ത്രി എന്നത് നേരത്തെ ഉള്ളതാണ്.  മുമ്പ് നാല് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. എന്നാൽ ചീഫ് വിപ്പ് സ്ഥാനം പിന്നീട് പോയി. ആ നിലക്ക് നോക്കുകയാണെങ്കിൽ അഞ്ച് സ്ഥാനങ്ങള്‍ നേരത്തെയുള്ളതാണ്. പിന്നെ എന്താണ് അധികം ചോദിച്ചു എന്ന് പറയുന്നത്''- എം.കെ മുനീര്‍ ചോദിച്ചു. ന്യൂനപക്ഷങ്ങൾ അർഹതയില്ലാത്തത് പലതും ചോദിച്ചുവാങ്ങുന്നു എന്ന് എ.കെ ആന്റണി പറയുന്നത് ആരെക്കുറിച്ചാണെന്ന് മനസിലായില്ലെന്നും അത് ലീഗിനെക്കുറിച്ചല്ലെന്നും എം.കെ മുനീർ കൂട്ടിച്ചേര്‍ത്തു. 

''കോവിഡ്, പ്രളയം എന്നിവ നേരിട്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല ഘടകമായി മാറി. പിന്നീടാണ് ഇതിന്റെ മറവിലെല്ലാം ബിസിനിസ് നടന്നെന്ന് മനസിലായത്. പി.പി.ഇ കിറ്റ്, മാസ്‌ക് എന്നിവ വാങ്ങുന്നതിലുൾപ്പെടെ അഴിമതി നടന്നു. ഇതൊക്കെ പിന്നീടാണ് പുറത്തുവന്നത്. ഇക്കഴിഞ്ഞ ജനസദസിന്റെ മറവിൽ എന്തൊക്കെ നടന്നുവെന്നും മുനീർ ചോദിച്ചു.

''സമസ്ത-സി.ഐ.സി പ്രശ്‌നം എന്താണെന്ന് അറിയില്ല. പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീർത്തിട്ടുണ്ട്. ഉന്നത നേതാക്കൾ തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. സമസ്തയെ സി.പി.എം കൊണ്ടുപോകുന്നൊന്നുമില്ല. ഒരു മതസംഘടനയെ ഒരു ഭരണകൂടം വിളിക്കുന്നതിൽ തെറ്റ് കാണുന്നില്ല. എ.കെ.ജി സെന്ററിലേക്ക് അല്ലല്ലോ വിളിച്ചത്? അവരുടെ ആവശ്യങ്ങൾ പറയേണ്ടെ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൊടുക്കേണ്ട നിവേദനം അവരുടെ മുന്നിൽ തന്നെ കൊടുക്കേണ്ടെ? അതിനെയൊന്നും ലീഗ് സങ്കുചിതമായി കാണുന്നില്ലെന്നും എം.കെ മുനീർ വ്യക്തമാക്കി.

വഖഫ് വിഷയത്തിൽ സമസ്തയെ വിളിച്ചതിന് കുറ്റംപറഞ്ഞിട്ടില്ല. നിയമസഭ പാസാക്കിയൊരു ബില്ലാണ്. അതിന്മേൽ ഉടനീളം ചർച്ച ചെയ്തത് ലീഗാണ്. അത് മുഴുവനായും വിസ്മരിച്ചുകൊണ്ടാണ് ഇടതുപക്ഷം നീങ്ങിയത്. ഇതിനെ രാഷ്ട്രീയമായി കൊണ്ടുപോയതും ഇടതുപക്ഷമാണെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.

ഇൻഡ്യാ മുന്നണി വീണ്ടും ശക്തിപ്പെട്ടുവരും. തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല. ഇക്കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം നോക്കുകയാണെങ്കിൽ കോൺഗ്രസ് ദുർബലമാണെന്ന് പറയാൻ പറ്റില്ല. കുറഞ്ഞ മാർജിനലിലാണ് പല സീറ്റുകളും കൈവിട്ടത്. അത് ബി.ജെ.പി ഭയപ്പെടുന്നു. അതിലാണ് നിതീഷിനെ ബിജെപി കൊണ്ടുപോയത്. മോദി ഇനിയും വരും എന്നത് തെരഞ്ഞെടുപ്പ് അജണ്ടയാണ്. മോദി വരും എന്ന് പറഞ്ഞ് ഇനിയും സർവേകള്‍ വരും, അതൊക്കെ അജണ്ടയുടെ ഭാഗമാണ്. അതുപോലെ കേരളത്തിലും ഇങ്ങനെ സര്‍വേകള്‍ വരുമെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News