'ഇത് സിനിമയിൽ സംഭവിച്ചു എന്നതിനപ്പുറം നാട്ടിൽ സംഭവിച്ചു എന്നതാണ് നമ്മളെ വിഷമിപ്പിക്കുന്നത് '; ഐക്യദാർഢ്യ സംഗമത്തിൽ അന്ന് ദിലീപ് പറഞ്ഞത് വീണ്ടും ചർച്ചയാവുന്നു
'എല്ലാത്തിനും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാവും'
കോഴിക്കോട്: ഓടുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത് 2017 ഫെബ്രുവരി 17 നാണ്. നടിക്ക് ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തകർ ഒത്തുകൂടിയപ്പോൾ ദിലീപ് നടത്തിയ പ്രസംഗമാണ് വീണ്ടും ചർച്ചയാവുന്നത്. മാസങ്ങൾക്ക് ശേഷം നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയാവുന്നതും കണ്ടു. ദിലീപ് അന്ന് നടത്തിയ പ്രസംഗത്തിൻ്റെ പൂർണരൂപം.
'പ്രിയമുള്ളവരേ,
ഇന്നലെ രാവിലെ ആന്റോ വിളിച്ചു പറഞ്ഞപ്പോഴാണ് ഷോക്കിങ് ആയ വാർത്ത അറിയുന്നത്.
നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കിപ്പോവുന്നത്. ഇത് സിനിമയിൽ സംഭവിച്ചു എന്നതിനപ്പുറം നാട്ടിൽ സംഭവിച്ചു എന്നതാണ് നമ്മളെ വിഷമിപ്പിക്കുന്നത്. സത്യസന്ധമായ രീതിയിൽ തന്നെയാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. എല്ലാവരും വളരെ സജീവമായി തന്നെ ഇതിന് പിന്നിലുള്ള ആളുകളുടെ പുറകിൽ തന്നെയുണ്ട്. മീഡിയക്കാരോട് പ്രത്യേകം പറയാനുള്ളത്- വാർത്തകൾ വളച്ചൊടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയിൽ സംഭവിച്ചത് കൊണ്ട് ഇങ്ങനൊരു കൂട്ടായ്മയുണ്ടായി. ഓരോ സാധാരണക്കാരന്റെ വീട്ടിലും നടക്കുന്ന സംഭവമായി ഇത് എടുത്ത് ഇനി ഇത് നാട്ടിൽ ഉണ്ടാവാതിരിക്കാൻ കൂട്ടായി നിൽക്കാം. അതിനൊപ്പം ഞാനും ഉണ്ടാവും എന്ന് ഉറപ്പിച്ചു പറയുന്നു. മമ്മൂക്ക വിളിച്ചപ്പോൾ തന്നെ എല്ലാവരും ഇവിടെ ഓടി വന്നു. അത് മലയാള സിനിമകുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ചു എന്നതിനപ്പുറം കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോടുകൂടിയാണ്. എല്ലാത്തിനും എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാവും എന്ന ഉറച്ച വിശ്വാസത്തോടെ വന്നിരിക്കുന്ന എല്ലാവർക്കും എല്ലാ ഐശ്വര്യവും നേർന്നുകൊണ്ട് നന്ദി. '