രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത്-കെ മുരളീധരൻ

പൊലീസിൽ ആർഎസ്എസ്സുകാർ കടന്നുകൂടിയെന്ന് പാർട്ടി സഖാക്കൾ തന്നെ പറയുന്നു. ഒടുവിൽ പൊലിസിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു-കെ മുരളീധരൻ എംപി

Update: 2022-01-02 16:52 GMT
Editor : Shaheer | By : Web Desk
Advertising

തലസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് കെ. മുരളീധരൻ എംപി. രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

ഡിലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ കോൺഗ്രസിന് രണ്ട് നിലപാടില്ല. ഗവർണർ അനാവശ്യമായി ഉണ്ടാക്കിയ വിഷയമാണിത്. ഇത് ചർച്ചയാക്കേണ്ടതുമില്ല. ഇതിനെ കുറിച്ച് നന്നായി അറിയുന്ന ആളാണ് ഗവർണർ. എന്നിട്ടും അദ്ദേഹം ശുപാർശ നൽകിയത് എന്തിനാണ്?-മുരളീധരൻ ചോദിച്ചു.

സർവകലാശാലകൾ രാഷ്ട്രീയവൽകരിക്കുന്നുവെന്ന സത്യം പുറത്തുവന്നു. കണ്ണൂർ വിസി നിയമനത്തിൽ ആദ്യം ഗവർണർ അതിന് കൂട്ടുനിന്നു. ഗവർണർക്ക് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ എന്തിന് ഒപ്പിട്ടു? ചാൻസലർ പദവി പാതിവഴിയിൽ ഇട്ടിട്ട് പോകേണ്ടതല്ല. ഇന്നത്തെ വിവാദത്തിൽ രണ്ടുകൂട്ടർക്കും പങ്കുണ്ട്. വിദ്യാഭ്യാസ രംഗത്ത് സ്വന്തം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ആർക്കുവേണ്ടിയാണ് കെ-റെയിൽ? നാടിന് ഗുണമില്ലാത്ത പദ്ധതി ആവശ്യമുണ്ടോ? ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് പൊതുചർച്ച നടത്താത്തത്? ഡിപിആർ എന്താണെന്ന് മുഖ്യമന്ത്രിക്ക് മാത്രമേ അറിയുകയുള്ളൂ. കോടിയേരി വെറും പരികർമിയാണ്. കോടിയേരിക്ക് പദ്ധതിയെ കുറിച്ച് ഒന്നുമറിയില്ല. തന്ത്രിയും പരികർമിയും കളിക്കുകയാണ് പിണറായിയും കോടിയേരിയും. കാനത്തിനും കെ-റെയിലിനെ കുറിച്ച് ധാരണയില്ല...''- അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായിയുടേതും മോദിയുടേതും ഒരേനയമാണെന്നും മുരളീധരൻ ആക്ഷേപിച്ചു. പിണറായി എല്ലായിടത്തും വർഗീയത പറഞ്ഞ് തിരിക്കാൻ ശ്രമിക്കുന്നു. പൊലീസിൽ ആർഎസ്എസ്സുകാർ കടന്നുകൂടിയെന്ന് പാർട്ടി സഖാക്കൾ തന്നെ പറയുന്നു. ഒടുവിൽ പൊലിസിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News