പുതിയ ഡിജിപിയാര്? കേരളം നൽകിയത് ആറ് പേരുകൾ; ചുരുക്കപ്പട്ടിക തയ്യാറാക്കാൻ യുപിഎസ്‍സി
റവാഡ ചന്ദ്രശേഖർ കഴിഞ്ഞദിവസം കേരളത്തിലെത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ടു
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവി ആകാൻ സാധ്യത. റവാഡ ചന്ദ്രശേഖർ കഴിഞ്ഞദിവസം കേരളത്തിലെത്തി മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ടു. അതേസമയം, കേന്ദ്രം ആവശ്യപ്പെട്ട യോഗേഷ് ഗുപ്തയുടെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. പൊലീസ് മേധാവിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാൻ യുപിഎസ്‍സി വ്യാഴാഴ്ച യോഗം ചേരും.
കേരളം നൽകിയത് ആറ് പേരുകളാണ്. കേന്ദ്രം മൂന്ന് പേരുകൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചയ്ക്കും. ഇതിൽ സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുമ്പന്തിയിലുള്ളത് റവാഡ ചന്ദ്രശേഖറാണ്.
കേന്ദ്ര സെക്രട്ടറിയേറ്റിൽ ക്യാബിനറ്റ് പദവിയിൽ ഡെപ്യൂട്ടേഷനിലാണ് കേരള കേഡർ അംഗമായ റവാഡ ചന്ദ്രശേഖർ. സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരിൽ കണ്ട് അറിയിച്ചു. നിതിൻ അഗർവാളിനേക്കാൾ സർക്കാരിന് ഇഷ്ടം റവാഡയെയാണ്. റവാഡ ചന്ദ്രശേഖർ, നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത ഈ പേരുകൾ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനാണ് സാധ്യത.
ഇതിൽ യോഗേഷ് ഗുപ്ത സംസ്ഥാന പൊലീസ് മേധാവി ആകുന്നതിനോട് സർക്കാരിന് താല്പര്യമില്ല. കണ്ണൂരിലെ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കുന്ന സമയത്തായിരുന്നു. പ്രതിപക്ഷ നേതാവിനെതിരായ പുനർജനി അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്നും അന്വേഷണം അവസാനിപ്പിക്കാം എന്നും വിജിലൻസിലിരിക്കെ യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചു. ഇത് അടക്കമുള്ള കാര്യങ്ങളിൽ യോഗേഷ് ഗുപ്തയോട് സർക്കാരിന് അതൃപ്തിയുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് കേന്ദ്രം ആവശ്യപ്പെട്ട വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാസങ്ങൾ പിന്നിട്ടിട്ടും നൽകാതെ സംസ്ഥാന സർക്കാരിന്‍റെ ഒളിച്ചുകളി. ഇതിനൊപ്പം എഡിജിപി എം.ആർ അജിത് കുമാറിനെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന സമ്മർദവും കേരളം ചെലുത്തുന്നുണ്ട്.