ഡോ.ലീലാവതിക്കെതിരായ സൈബർ ആക്രമണം; അങ്ങേയറ്റം അപലപനീയമെന്ന് വനിതാ കമ്മീഷൻ

കേരളം ആദരിക്കുന്ന നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനകമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

Update: 2025-09-17 13:02 GMT

കൊച്ചി: ഗസയിലെ കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ ഡോ.ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതീദേവി. കേരളം ആദരിക്കുന്ന നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനകമാണെന്ന് സതീദേവി പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുന്നതിനിടെയാണ് വിമർശനം.

പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു. ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും സ്ത്രീകളെ നിരന്തരം അധിക്ഷേപ വിധേയമാക്കുന്നത് വർധിച്ചുവരികയാണ്. പലരൂപത്തിലുണ്ടാകുന്ന അധിക്ഷേപങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വനിത കമ്മീഷന്റെ മീഡിയ മോണിറ്ററിങ് സെൽ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സതീദേവി വ്യക്തമാക്കി.

Advertising
Advertising

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തോടെ തൊഴില്‍ ചെയ്യാന്‍ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2013 ൽ നിലവിൽ വന്ന പോഷ് ആക്ട് ( പ്രൊട്ടക്ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇന്‍ വര്‍ക്ക്‌പ്ലെയ്‌സ്) അനുശാസിക്കുന്ന പ്രശ്‌ന പരിഹാര സംവിധാനം (ഇന്റേണൽ കമ്മിറ്റി) കാര്യക്ഷമമാക്കണം. പല സ്ഥാപനങ്ങളിലും ഇത്തരം ഇൻ്റേണൽ കമ്മിറ്റികളുടെ ഘടന, നിയമം അനുശാസിക്കുന്ന രീതിയിലല്ല. ഇത്തരം കമ്മിറ്റികൾ സ്ഥാപനങ്ങളിൽ ഉള്ളതായി തൊഴിൽ ചെയ്യുന്നവർക്ക് പോലും അറിവില്ല. ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കിംഗ് സ്ഥാപനങ്ങളിലും നിലവിൽ പരിശോധന നടന്നു വരികയാണ്.

വഴിത്തർക്കം, സ്വത്തുതർക്കം എന്നീ വിഷയങ്ങളിൽ ഇടപെടാൻ കമ്മീഷന് നിയമപരമായി അധികാരമില്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളുടെ അഭിമാനത്തിന് കോട്ടം വരുന്ന പ്രവൃത്തികൾ , സ്ത്രീകളെ മോശമായി ചിത്രീകരിക്കുക എന്നിവ ഉണ്ടായാൽ കമ്മീഷൻ ശക്തമായി ഇടപെടും. വാർഡ് തലങ്ങളിലുള്ള ജാഗ്രത സമിതികൾ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന എറണാകുളം ജില്ലാ അദാലത്തിൽ ആകെ 160 പരാതികളാണ് പരിഗണിച്ചത്. 36 എണ്ണം പരിഹരിച്ചു. 12 എണ്ണത്തിൽ വിവിധ ഏജൻസികളുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. മറ്റുള്ളവ അടുത്ത അദാലത്തിൽ പരിഗണിക്കും. അംഗങ്ങളായ അഡ്വ. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. മഹിളാ മണി, അഡ്വ ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. രാജേഷ്, അഡ്വ സ്മിതാ ഗോപി, അഡ്വ അമ്പിളി എന്നിവർ പങ്കെടുത്തു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News