മന്ത്രിമാരെ 'പാഠം പഠിപ്പിക്കല്‍' ഇന്ന് മുതല്‍

മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ മുതൽ ഇൻഫോസിസ് സഹസ്ഥാപകൻ ആയ എസ്.ഡി ഷിബുലാൽ വരെ മന്ത്രിമാരെ പാഠങ്ങൾ പഠിപ്പിക്കാനെത്തും

Update: 2021-09-20 03:30 GMT
Advertising

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമാണ് പരിശീലനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യും.

ഭരണചട്ടക്കൂട്, ദുരന്ത സമയങ്ങളിലെ നേതൃത്വം, ഫണ്ടിംഗ് ഏജന്‍സികള്‍, സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളും അവസരങ്ങളും തുടങ്ങി 10 വിഷയങ്ങളിലാണ് പഠനം. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ മുതൽ ഇൻഫോസിസ് സഹസ്ഥാപകൻ ആയ എസ്.ഡി ഷിബുലാൽ വരെ മന്ത്രിമാരെ പാഠങ്ങൾ പഠിപ്പിക്കാനെത്തും. ഭരണ സംവിധാനത്തെ കുറിച്ചുള്ള മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന്‍റെ ക്ലാസോടുകൂടിയാണ് തുടക്കം. യു.എൻ ദുരന്തനിവാരണ മേധാവിയായ ഡോക്ടർ മുരളി തുമ്മാരക്കുടി ദുരന്ത കാലത്ത് നേതൃത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മന്ത്രിമാരെ പഠിപ്പിക്കും. മന്ത്രിമാരുടെ പ്രകടനം ഉയർത്താനുള്ള അടവുകൾ ഷിബുലാൽ പകർന്നു നൽകും.

ഫണ്ടിംഗ് ഏജൻസികളെ കുറിച്ച് മുൻ വേൾഡ് ബാങ്ക് പ്രതിനിധിയും സംസ്ഥാന സർക്കാരിന്‍റെ ഉപദേശകയുമായിരുന്ന ഡോ. ഗീത ക്ലാസുകൾ നയിക്കും. കഴിഞ്ഞ തവണ വിവാദമായ സ്പ്രിംക്ലര്‍ പോലുള്ള ഇടപാടുകളുടെ ഭാഗമാകുമ്പോൾ ഈ പഠനം മന്ത്രിമാർക്ക് ഉപകരിക്കുമോ എന്ന് കാത്തിരുന്നു കാണാം. പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ പഠിപ്പിക്കാനുള്ള ചുമതല നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിനാണ്. പുതിയ കാലത്തെ അഭിമുഖീകരിക്കാനാണ് സോഷ്യൽ മീഡിയയിലെ ചതിക്കുഴികളും അവസരങ്ങളും എന്ന വിഷയത്തിലുള്ള പഠനം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News