പ്രണയം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; ബി.ജെ.പിയുടെ ലൗ ജിഹാദ് ആരോപണം നിഷേധിച്ച് സർക്കാർ

കേന്ദ്രമന്ത്രിയുടെ ആരോപണം തള്ളി ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും

Update: 2024-04-19 15:39 GMT
Editor : ശരത് പി | By : Web Desk
Advertising

ഹുബ്ബള്ളി: കർണാടകയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിന് ലൗ ജിഹാദുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് സർക്കാർ. യുവതിയുടെ സുഹൃത്ത് ഫയാസ് യുവതിയെ കൊലപ്പെടുത്തിയത് ലൗ ജിഹാജ് ആണെന്ന് ആരോപണമുന്നയിച്ച് ബി.ജെ.പി വന്നതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തുവന്നത്.

വ്യാഴാഴ്ചയാണ് ഹുബ്ബള്ളിയിലെ ബി.വി.ബി കോളജ് കാമ്പസിൽ 23 കാരിയായ എംസിഎ വിദ്യാർഥിനി നേഹ സുഹൃത്തിന്റെ ആക്രമണത്തിൽ കൊലപ്പെടുന്നത്. നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത് കർണാടക കോൺഗ്രസ് കോർപ്പറേറ്ററാണ്.

പ്രതിയായ ഫയാസ് നേഹയെ പലതവണ പ്രണയം അഭ്യർഥിച്ച് സമീപിച്ചിരുന്നു. എന്നാൽ നേഹ ഇത് നിരസിക്കുകയായിരുന്നു. വ്യത്യസ്ഥ മതത്തിലുള്ളവരായതിനാൽ ബന്ധത്തിന് താൽപര്യമില്ല എന്ന് പറഞ്ഞാണ് ഫയാസിനെ ഒഴിവാക്കാൻ ശ്രമിച്ചത് എന്ന് നേഹയുടെ പിതാവ് പറയുന്നു.

നേഹയെ പ്രതി കുത്തിയത് കോളജിൽ വച്ചാണ്. പലതവണ ശരീരത്തിലേറ്റ കുത്താണ് യുവതിയുടെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ ലൗ ജിഹാജിന് ബന്ധമുണ്ടെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തുകയായിരുന്നു.

സംഭവം ദൗർഭാഗ്യകരമാണെന്നും, സംഭവത്തിന് ലൗ ജിഹാദുമായി ബന്ധമുണ്ടെന്നും പ്രണയം നിരസിച്ച് പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയത് തന്റെ ശ്രമം പരാജയപ്പെട്ടതിനാലാണെന്നും, കോൺഗ്രസ് സർക്കാരിന്റെ കീഴിൽ ക്രമസമാധാനം തകർന്നുവെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

എന്നാൽ ബി.ജെ.പി ആരോപണത്തെ തള്ളി സംസ്ഥാന സർക്കാർ രംഗത്തെത്തി. നേഹയും ഫയാസും തമ്മിൽ നല്ല ബന്ധമാണുണ്ടായിരുന്നത്, എന്നാൽ നേഹയ്ക്ക് വിവാഹാലോചന വന്നതോടെ ഇരുവരും പിരിഞ്ഞു ഇതിൽ കുപിതനായാണ് ഫയാസ് നേഹയെ കൊലപ്പെടുത്തിയത്, സംഭവത്തിന് ലൗജിഹാദുമായി ബന്ധമൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.

മികച്ച ക്രമസമാധാനമാണ് സംസ്ഥാനത്തുള്ളത്, ക്രമസമാധാനമില്ലെന്ന് പറഞ്ഞ് ഗവർണർ ഭരണം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച എ.ബി.വി.പി ഹുബ്ബള്ളിയിൽ റോഡ് ഉപരോധിക്കുകയും, കോളജിൽ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

കേസിൽ നിലവിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, പ്രതിയ്ക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News