സിപിഎം പ്രതിപക്ഷത്തായിരുന്ന സമയത്ത് ആർക്കെങ്കിലും ഒരു ഉരുള ചോറെങ്കിലും കൊടുത്തിട്ടുണ്ടോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; തെളിവുകള്‍ നിരത്തി ജെയ്ക് സി. തോമസ്
ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചെന്നും മുണ്ടക്കൈയിലെ വീട് നിർമാണം ഉടൻ തുടങ്ങുമെന്നും രാഹുല്‍ മീഡിയവണ്‍ ലൈവത്തോണില്‍
പാലക്കാട്: യൂത്ത് കോൺഗ്രസിന്‍റെ വയനാട് പുനരധിവാസ ഫണ്ടിൽ വെട്ടിപ്പെന്ന ആരോപണം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചെന്നും ഉടൻ വീട് നിർമാണം തുടങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മീഡിയവണ്‍ ലൈവത്തോണില്‍ പറഞ്ഞു.'കോൺഗ്രസ് കണ്ടെത്തിയ ഭൂമിയിലെ നിർമാണം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ആദ്യം കണ്ടെത്തിയ രണ്ടര ഏക്കർ ഭൂമി പിന്നീട് മാറ്റേണ്ടി വന്നത് തടസ്സമായി.ഫണ്ട് ശേഖരണത്തിലും തടസ്സം നേരിട്ടെന്നും' രാഹുല്‍ പറഞ്ഞു.
ഏതെങ്കിലും കോൺഗ്രസ് യുഡിഎഫ് മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിരുന്ന കാലത്ത് സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു ഉരുള ചോറെങ്കിലും കൊടുത്തിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. 'പ്രതിപക്ഷത്തിരിക്കുമ്പോഴാണ് സർക്കാറിനെ സഹായിക്കാൻ ഞങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.കോവിഡ് മഹാമാരി സമയത്ത് സർക്കാറിനെതിരെ സമരം നടത്തുമ്പോഴും പച്ചക്കറികിറ്റുകൾ ശേഖരിച്ച് യൂത്ത് കോണ്‍ഗ്രസ് വീടുകളിലേക്ക് എത്തിച്ചു. 770 കോടി രൂപയാണ് വയനാട് പുനരധിവാസത്തിനായി സർക്കാർ പിരിച്ചെടുത്തത്.ദുരന്തബാധിതർ സമരം ചെയ്തത് സർക്കാറിനെതിരെയാണ്. പ്രദേശത്തെ ആളുകൾക്ക് പോലും സർക്കാറിനെ വിശ്വാസമില്ല. ദുരന്തബാധിതർക്ക് ഉപജീവനമാർഗം നിലച്ചു.യൂത്ത് കോൺഗ്രസ് ജീപ്പും മുസ്‍ലിം ലീഗ് ഓട്ടോറിക്ഷയും വാങ്ങി നൽകിയിട്ടുണ്ട്. എന്നാല്‍ നിയമത്തിന്‍റെ പേര് പറഞ്ഞ് സര്‍ക്കാര്‍ അത് ചെയ്തിട്ടില്ല. സർക്കാറിന്റെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് കേസുകൾ കോടതിയിൽ നടക്കുകയാണ്.ഇടതുപക്ഷ നേതാവ് ഉഴവൂർ വിജയന്റെ വ്യക്തിപരമായ ബാധ്യത തീർക്കാൻ സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചെലവഴിച്ചു.ചെങ്ങന്നൂർ മുൻഎംഎൽഎ കെ.കെ രാമചന്ദ്രന്‍നായരുടെ വ്യക്തിപരമായ ബാധ്യത തീർക്കാൻ പണം ചെലവഴിച്ചതും കോടതിയിൽ കിടക്കുകയാണ്.ഇതെല്ലാം നിയമം അനുസരിച്ചാണോ'? രാഹുല്‍ ചോദിച്ചു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആരോപണങ്ങള്‍ക്ക് മീഡിയവണിന്‍റെ ലൈവത്തോണില്‍ ജെയ്ക് സി. തോമസ് മറുപടി നല്‍കി.രാഹുലിന്റേത് നട്ടാൽ കുരുക്കാത്ത പച്ചക്കള്ളമെന്നും അന്തസ്സുകെട്ട നുണയെന്നും ജെയ്ക് സി. തോമസ് പറഞ്ഞു.കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ദുരന്തത്തിൽ ഡിവൈഎഫ്‌ഐ നേതാക്കൾ 10 ലക്ഷം രൂപ നൽകിയതിന്റെയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ എൻജിഒ യൂണിയൻ ശേഖരിച്ച പണം കൈമാറുന്നതിന്റെ ചിത്രങ്ങളും ജെയ്ക് തെളിവായി കാണിച്ചു. പുനരധിവാസത്തിനായി പിരിച്ച പണം എവിടെയെന്ന് ചോദിച്ചപ്പോൾ ആപ്പ് ഡിലീറ്റ് ചെയ്ത് മുങ്ങിയ കോൺഗ്രസിന്‍റെ വഴിയല്ലല്ലേ ഞങ്ങളുടേതല്ലെന്നും ജെയ്ക് പറഞ്ഞു.