ഇവിടേക്ക് വരൂ; സൂര്യകാന്തിപ്പൂക്കൾ കാണാം...
അൽജൗഫിലാണ് സൂര്യകാന്തിപ്പൂക്കളുടെ വസന്തം; കൃഷിയിടങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു
റിയാദ്: സൂര്യകാന്തിപ്പൂക്കളുടെ മനോഹാരിതയിൽ നിറഞ്ഞുനിൽക്കുകയാണ് സൗദി അറേബ്യയിലെ അൽ ജൗഫ് മേഖല. മഞ്ഞയും ചുവപ്പും ഓറഞ്ചും നിറങ്ങളിലുള്ള സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞതോടെ അൽജൗഫിലെ കൃഷിയിടങ്ങൾ മനോഹര കാഴ്ചകളായി മാറിയിരിക്കുകയാണ്. വലിയ തോതിൽ കാഴ്ചക്കാരെയും ആകർഷിക്കുന്നുണ്ട്.
വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള സൂര്യകാന്തിപ്പൂക്കളാണ് കൃഷിയിടങ്ങളിൽ വളരുന്നത്. ഗ്രാമീണ അന്തരീക്ഷത്തിൽ പൂക്കളുടെ ഭംഗി ആസ്വദിക്കാനുള്ള അവസരവും ഇവിടെയെത്തുന്നവർക്ക് ലഭിക്കുന്നു. ഫാമിലെ വൈവിധ്യം കൂട്ടാനും പുതിയൊരു ഭംഗി നൽകാനുമാണ് സൂര്യകാന്തി കൃഷി തുടങ്ങിയതെന്ന് കർഷകനായ അബൂ മാലിക് പറഞ്ഞു. പൂക്കളുടെ വിവിധ നിറങ്ങളും ഭംഗിയും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. പൂക്കാലം കഴിഞ്ഞാൽ ലഭിക്കുന്ന വിത്തുകളും കർഷകർക്ക് പ്രയോജനകരമായ വിളവാണ്.സൂര്യകാന്തിപ്പൂക്കൾ ഏകദേശം 15 ദിവസത്തോളം പൂത്തുനിൽക്കും. തുടർന്ന് പൂക്കളുടെ തലകൾ പാകമാകുകയും താഴേക്ക് ചായുകയും ചെയ്യും. ഇതിന് പിന്നാലെ ഇതളുകൾ കൊഴിഞ്ഞ് പൂക്കളുടെ തലയിൽ വിത്തുകൾ രൂപപ്പെടും. പിന്നീട് ഇവ ശേഖരിക്കും. അൽജൗഫിലെ വിപുലമായ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ കൃഷിയിടങ്ങളും. സീസണൽ കൃഷി ഫാമുകളെ സന്ദർശക കേന്ദ്രങ്ങളാക്കി മാറ്റുന്നതോടൊപ്പം മേഖലയിലെ കാർഷിക വൈവിധ്യവും പ്രകൃതിഭംഗിയും ഒരുപോലെ പ്രദർശിപ്പിക്കുകയാണ്.