തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്​ത്​ ബാങ്ക്​ വായ്പ തട്ടിപ്പ്​; ദുരിതം അനുഭവിച്ച്​ മലയാളി കുടുംബം

2017 മുതൽ പ്രയാസത്തിലാണ്​ തൃശൂർ സ്വദേശിനിയും കുടുംബവും

Update: 2026-09-26 03:00 GMT
Editor : Rafeeq MM | By : Gulf Desk
റിഷാഫും നിഷീറയും 

ദുബൈ: തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്ത് ആരോ നടത്തിയ ബാങ്ക് തട്ടിപ്പിന്‍റെ ഇരകളായി ദുരിതമനുഭവിക്കുകയാണ് യുഎഇയിലെ ഒരു മലയാളി കുടുംബം. ഉമ്മുൽഖുവൈനിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി നിഷീറയും ഭർത്താവ്​ റിഷാഫും അടങ്ങുന്ന കുടുംബമാണ്​ ഒമ്പത്​ വർഷമായി ദുരിതം അനുഭവിക്കുന്നത്​. യു.എ.ഇയിലെ മൂന്ന് ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത്​ തിരിച്ചടച്ചില്ല എന്ന പേരിൽ ഒമ്പത് വർഷമായി യാത്രാവിലക്ക് നേരിടുകയാണ് ഇവർ. നിഷീറയുടെ പേരിനോട്​ സാമ്യമുള്ള വ്യക്​തി തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത്​ മൂന്ന്​ ബാങ്കുകളിൽ നിന്ന്​ ലക്ഷക്കണക്കിന്​ ദിർഹം വായ്പയെടുത്തതാണ്​ ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്​. ഇതോടെ 2017 മുതൽ യാത്ര വിലക്ക്​ അടക്കം നിയമനടപടികൾ നേരിടുകയാണ്​ ഇവർ.

Advertising
Advertising

റാക്​ ബാങ്ക്​, നാഷനൽ ബാങ്ക്​ ഓഫ്​ അബൂദബി, എഡിസിബി എന്നീ ബാങ്കുകളിൽ നിന്ന്​ വായ്പയെടുത്തെന്നാണ്​ കേസ്​. ദുബൈ മുനിസിപ്പാലിറ്റിയിൽ ​ജോലി ചെയ്യുന്ന വ്യക്​തിക്കാണ്​ ​വായ്പ നൽകിയതെന്നാണ്​ ബാങ്ക്​ രേഖകൾ. എമിറേറ്റ്​സ്​ ഐഡിയിലെയും പാസ്​പോർട്ടിലെയും നമ്പറെല്ലാം വ്യത്യസ്തമാണ്​. നിഷീറയാണെങ്കിൽ വായ്പ നൽകിയെന്ന ബാങ്കുകൾ പറയുന്ന സമയത്തൊന്നും ജോലി ചെയ്തതിട്ടുമില്ല. ​രണ്ട്​ ബാങ്കുകളുടെ കേസുകൾ കോടതിയും പൊലീസും റദ്ദാക്കി. എന്നാൽ, വർഷങ്ങൾക്ക്​ ശേഷം മറ്റൊരു ബാങ്ക്​ സിവിൽ കേസ്​ നൽകിയതോടെയാണ്​ ഇവർ വീണ്ടും ദുരിതത്തിലായത്​. കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക്​ യാത്ര ചെയ്യാൻ നിഷീറ ടിക്കറ്റ്​ എടുത്തിരുന്നു. തലേദിവസമാണ്​ യാ​ത്ര വിലക്ക്​ അറിയുന്നത്. തുടർന്ന്​ കോടതിയിൽ എത്തി ജഡ്​ജിയെ കണ്ട്​ രേഖകൾ കാണിച്ച്​ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയായിരുന്നുവെന്ന്​ റിഷാഫ്​ ‘മീഡിയവണി’നോട്​ പറഞ്ഞു.

ഒമ്പത് വർഷമായി ഓരോ തവണയും നാട്ടിലേക്ക്​ ​പോകുമ്പോ​ഴെല്ലാം ടെൻഷൻ ആണെന്നും ഓ​രോ പ്രാവശ്യവും പൊലീസ്​ സ്​റ്റേഷനിൽ ചെന്ന്​ രേഖകൾ ഉറപ്പുവരുത്തിയ ശേഷമാണ്​ യാത്ര ചെയ്യുന്നതെന്നും നിഷീറ പറയുന്നു. എമിഗ്രേഷൻ കഴിഞ്ഞാൽ മാത്രമാണ് സമാധാനമുണ്ടാകുകയെന്നും അവർ പറയുന്നു.

ലോണെടുത്തയാളുമായി പേരുകൊണ്ട് സാമ്യമുണ്ട് എന്നതൊഴിച്ചാൽ നിഷീറക്ക് ഈ ബാങ്ക് ഇടപാടുമായി യാതൊരു ബന്ധവുമില്ല. വീട്ടമ്മയായിരുന്ന നിഷീറ അടുത്തകാലത്താണ് അധ്യാപികയായി ജോലി ആരംഭിച്ചത്. ഒമ്പത്​ വർഷമായി അനുഭവിക്കുന്ന മനഃപ്രയാസവും ദുരിതവും എല്ലാം അവസാനിപ്പിക്കാൻ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ്​ കുടുംബത്തിന്‍റെ തീരുമാനം.

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News