Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിനെ ദുബൈയിലെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഇത്തിഹാദ് ട്രെയിനിൽ മറ്റ് എമിറേറ്റുകളിൽ നിന്ന് ദുബൈയിലെത്തുന്നവർക്ക് മെട്രോ സർവീസിൽ നഗരം ചുറ്റാൻ കഴിയുന്ന വിധമാണ് പദ്ധതി.
ഇത്തിഹാദ് റെയിലിന്റെ ദുബൈ അല്‍ യലായീസ് സ്റ്റേഷന്‍, ദുബൈ മെട്രോയുടെ റെഡ് ലൈനിലുള്ള ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. ഈ മാസം 30 മുതല്‍ ഇത്തിഹാദ് റെയില്‍ ദുബൈയില്‍ നിന്ന് പാസഞ്ചര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടും.
രണ്ട് സ്റ്റേഷനുകളെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പ്രത്യേക കാല്‍നടപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ഇത്തിഹാദ് റെയില്‍ സ്റ്റേഷനില്‍ നിന്ന് ഭൂഗര്‍ഭ മെട്രോ സ്റ്റേഷനിലേക്ക് നീളുന്ന കൂറ്റന്‍ സ്റ്റീല്‍ ഫ്രെയിം ഘടനയിലുള്ള പാലത്തിന്റെ ജോലികള്‍ വേഗത്തില്‍ നടന്നു വരികയാണ്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദുബൈ നിവാസികള്‍ക്ക് മെട്രോ വഴി ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സിലെത്തി അല്‍ യലായീസ് സ്റ്റേഷനിലൂടെ അബൂദബിയിലേക്കോ ഫുജൈറയിലേക്കോ എളുപ്പത്തില്‍ യാത്ര ചെയ്യാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.