ഇവി റെഡിനസിൽ ജിസിസിയിൽ ഒന്നാമത്; ആഗോള ഇൻഡക്സിലും തിളങ്ങി യുഎഇ

2050-ഓടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ 50 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കൽ ലക്ഷ്യം

Update: 2026-09-24 14:55 GMT

ദുബൈ: ഇലക്ട്രിക് വാഹന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിൽ ജിസിസി രാജ്യങ്ങളിൽ ഒന്നാമതെത്തി യുഎഇ. ആ​ഗോളതലത്തിൽ 22-ാം സ്ഥാനവും രാജ്യം നേടിയിട്ടുണ്ട്. ​ആർതർ ഡി. ലിറ്റിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2025ലെ പുതിയ വാഹനവിൽപനയുടെ 9 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. ലോകമെമ്പാടുമുള്ള 31 പ്രമുഖ വിപണികൾ വിലയിരുത്തി തയ്യാറാക്കിയ '2026 ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സിൽ' 53 പോയിന്റുകൾ നേടിയാണ് ജിസിസി രാജ്യങ്ങളിൽ യുഎഇ ഒന്നാമതെത്തിയത്. ചാർജിങ് സൗകര്യങ്ങൾ, ഉപഭോക്തൃ സ്വീകാര്യത, സർക്കാരിന്റെ നയങ്ങൾ, ഊർജ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

Advertising
Advertising

2025-ലെ വാഹനവിൽപനയിൽ 6 മുതൽ 8 ശതമാനം വരെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും, 2.5 ശതമാനം പ്ലഗ്-ഇൻ ഹൈബ്രിഡുകളുമാണ്. രാജ്യത്തുടനീളം ചാർജിങ് കേന്ദ്രങ്ങളുടെ എണ്ണം 2,800 ആയി ഉയർന്നു. ഇതിൽ 1,250 ഡി.സി (DC) ചാർജിങ് പോയിന്റുകളും 350 ഹൈ-പവർ ചാർജിങ് യൂണിറ്റുകളും ഉൾപ്പെടുന്നു. 2050-ഓടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ 50 ശതമാനവും ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് ആക്കി മാറ്റാനാണ് യുഎഇ ലക്ഷ്യമിടുന്നത്. 2030-ഓടെ ദുബൈയിലെ വാഹനങ്ങളുടെ 15 ശതമാനത്തിലധികം ഇവി ആക്കാനും പദ്ധതിയുണ്ട്.

ഇൻഡക്സിൽ 100-ന് മുകളിൽ പോയിന്റ് നേടി ചൈനയും (106) നോർവെയുമാണ് (103) ആഗോളതലത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിനിൽക്കുന്നത്. സിംഗപ്പൂർ (96), നെതർലാന്റ്സ് (90) എന്നിവയാണ് തൊട്ടുപിന്നിൽ. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, വ്യാവസായിക നയങ്ങൾ, വിപണി സാഹചര്യങ്ങൾ എന്നിവ വ്യത്യസ്തമായതിനാൽ ലോകരാജ്യങ്ങളിൽ ഇവി വിപ്ലവം പല വേഗതയിലായിരിക്കും മുന്നേറുകയെന്ന് ആർതർ ഡി. ലിറ്റിൽ അധികൃതർ വിലയിരുത്തുന്നു.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News