ദുബൈയിൽ അഡ്വാൻസ് പണം നഷ്ടപ്പെടാതെ ഇനി റൂം മാറാം; പുതിയ വ്യവസ്ഥകൾ അറിയാം...

കരാർ റദ്ദാക്കാൻ കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകണം

Update: 2026-09-25 08:30 GMT

ദുബൈ: ദുബൈയിൽ അംഗീകൃത ഷെയേർഡ് ഹൗസിങ്ങുകളിൽ കഴിയുന്ന താമസക്കാർക്ക് കരാർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് വാടകക്കരാർ അവസാനിപ്പിക്കാനും മുൻകൂട്ടി നൽകിയ വാടകത്തുക തിരികെ ലഭിക്കാനും അവസരം. ദുബൈ പുറപ്പെടുവിച്ച പുതിയ 'ഷെയേർഡ് ഹൗസിങ് നിയമം' അനുസരിച്ചാണ് ഈ പുതിയ അവകാശം ലഭിക്കുന്നത്. നിയമപ്രകാരം നിശ്ചിത നോട്ടീസ് കാലാവധി കെട്ടിട ഉടമയ്ക്ക് നൽകാമെങ്കിൽ ഏത് സമയത്തും കരാർ റദ്ദാക്കാൻ താമസക്കാരന് അവകാശമുണ്ടാകും.

30 ദിവസത്തെ നോട്ടീസ് നിർബന്ധം

കരാർ റദ്ദാക്കാൻ കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് നൽകണം. എന്നാൽ, വാടകക്കരാറിൽ ഇതിലും ഉയർന്ന നോട്ടീസ് കാലാവധിയാണ് (ഉദാഹരണത്തിന് 60 ദിവസം) രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ ആ കാലാവധിയായിരിക്കും ബാധകമാകുക. ഇമെയിൽ വഴി, നോട്ടറി പബ്ലിക് മുഖേന, നേരിട്ടോ അല്ലെങ്കിൽ മറ്റ് നിയമപരമായ രീതികളിലോ ഔദ്യോഗികമായി വേണം നോട്ടീസ് നൽകാൻ. വാക്കാൽ പറയുന്നവ അംഗീകരിക്കപ്പെടില്ല.

Advertising
Advertising

അഡ്വാൻസ് തുക തിരികെ ലഭിക്കുന്നത് എങ്ങനെ?

കൃത്യമായി നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കുന്ന താമസക്കാർക്ക് മുൻകൂറായി നൽകിയ വാടകത്തുക തിരികെ ചോദിക്കാം. എന്നാൽ ബാക്കി തുക തിരികെ നൽകുന്നതിന് മുമ്പ് ഒരു മാസത്തെ വാടക പിടിച്ചെടുക്കാൻ കെട്ടിട ഉടമയ്ക്ക് നിയമപരമായി അവകാശമുണ്ടാകും. പല മാസത്തെ വാടക മുൻകൂറായി നൽകിയിട്ടുള്ളവർക്ക് ഈ നിയമം ഏറെ ആശ്വാസകരമാകും.പുതിയ നിയമപ്രകാരം മാറ്റൊരു കരാറിലെത്തിയിട്ടില്ലെങ്കിൽ വാടക മാസാമാസം മുൻകൂറായി നൽകുന്നതാണ് രീതി. പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ വൈദ്യുതി, ജല നിരക്കുകൾ വാടകയിൽ ഉൾപ്പെടും.

തുക തിരികെ ലഭിച്ചില്ലെങ്കിൽ എന്തുചെയ്യണം?

അഡ്വാൻസ് തുക തിരികെ നൽകാൻ ആവശ്യപ്പെട്ട് 30 ദിവസത്തിനകം ഉടമ പണം നൽകിയില്ലെങ്കിൽ, താമസക്കാർക്ക് എക്‌സിക്യൂഷൻ ജഡ്ജിക്ക് ഹർജി നൽകാം. റെന്റൽ ഡിസ്പ്യൂട്ട് സെന്ററിനായിരിക്കും (RDC) ഇത്തരം കേസുകളിൽ തീർപ്പുകൽപ്പിക്കാനുള്ള പൂർണ അധികാരം.

കെട്ടിടം വിറ്റാലും കരാർ തുടരും

താമസക്കാർക്ക് കവചമാകുന്ന മറ്റൊരു പ്രധാന വകുപ്പും പുതിയ നിയമത്തിലുണ്ട്. ഷെയർ ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയാലും നിലവിലുള്ള വാടകക്കരാറിനെ അത് ബാധിക്കില്ല. പുതിയ ഉടമയ്ക്കു കീഴിലും മുൻ ഉടമയുമായി ഒപ്പുവെച്ച അതേ വ്യവസ്ഥകളിൽ താമസക്കാരന് താമസ കാലാവധി പൂർത്തിയാക്കാം. അംഗീകൃത പെർമിറ്റുകൾ, രജിസ്റ്റർ ചെയ്ത വാടകക്കരാറുകൾ, കൃത്യമായ താമസ മാനദണ്ഡങ്ങൾ എന്നിവ വഴി ദുബൈയിലെ ഷെയേർഡ് ഹൗസിങ് മേഖലയെ കൂടുതൽ നിയമവിധേയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News