എയർ ഇന്ത്യ–ഫ്ലൈദുബൈ പങ്കാളിത്തം; യുഎഇയിലെ ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ കണക്ഷനുകൾ

ഒറ്റ ടിക്കറ്റിൽ യാത്രയും ബാഗേജ് ചെക്ക്​ ഇൻ സംവിധാനവും ലഭിക്കും

Update: 2026-09-26 01:30 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: യുഎഇയിലെ ഇന്ത്യൻ യാത്രക്കാർക്ക് ഇന്ത്യയിലേക്കും ഇന്ത്യ വഴി യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും കൂടുതൽ യാത്രാ കണക്ഷനുകളുമായി എയർ ഇന്ത്യ–ഫ്ലൈദുബൈ ഇന്‍റർലൈൻ പങ്കാളിത്തം. ഇതിലൂടെ ഫ്ലൈദുബൈയുടെ 52 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ യാത്രക്കാർക്കും എയർ ഇന്ത്യയുടെ 69 കേന്ദ്രങ്ങളിലേക്ക് ഫ്ലൈദുബൈ യാത്രക്കാർക്കും കണക്ഷൻ ലഭിക്കും.

ദുബൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഈ സൗകര്യത്തിൽ ഒറ്റ ടിക്കറ്റിൽ യാത്രയും ബാഗേജ് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചെക്ക് ഇൻ ചെയ്യുന്നതിനുള്ള സംവിധാനവും ലഭിക്കും. കരാർ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബൈ വഴി ഫ്ലൈദുബൈ സർവീസ് നടത്തുന്ന 52 കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൽ യൂറോപ്പിലെ 23, മിഡിലീസ്റ്റിലെ 21, ആഫ്രിക്കയിലെ ആറ് എന്നിവ ഉൾപ്പെടും. ഫ്ലൈദുബൈ യാത്രക്കാർക്ക് ഡൽഹി, മുംബൈ വഴി എയർ ഇന്ത്യയുടെ 69 കേന്ദ്രങ്ങളിലേക്കും കണക്ഷൻ ലഭിക്കും. ബംഗളൂരു, ചെന്നൈ, ചണ്ഡിഗഢ്, ഗോവ, ജയ്പൂർ, പുണെ, വാരണാസി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബാലി, ഹോ ചി മിൻ സിറ്റി, ഹോങ്കോങ്, ക്വാലാലംപൂർ, മൗറീഷ്യസ്, മെൽബൺ, സിയോൾ, സിംഗപ്പൂർ, സിഡ്നി, ടോക്കിയോ തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും എയർ ഇന്ത്യയുടെ ശൃംഖല വഴി തുടർയാത്ര സാധ്യമാകും.

Advertising
Advertising

കുടുംബസന്ദർശനം, വിവാഹം, മതപരമായ ചടങ്ങുകൾ, ബിസിനസ് യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പോകുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ കണക്ഷനുകൾ പ്രയോജനപ്പെടും. എന്നാൽ പുതിയ നേരിട്ടുള്ള റൂട്ടുകളോ അധിക സർവീസുകളോ പ്രഖ്യാപിച്ചതല്ല കരാർ. നിലവിലുള്ള രണ്ട് വിമാനക്കമ്പനികളുടെയും ശൃംഖലകൾ പരസ്പരം ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 26 മുതൽ മാർച്ച് അവസാനം വരെയുള്ള ശീതകാല ഷെഡ്യൂളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഇന്ത്യ–യുഎഇ മേഖലയിൽ ആഴ്ചയിൽ 272 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗൾഫ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു. ഇതിൽ 54 സർവീസുകൾ എയർ ഇന്ത്യയും ബാക്കിയുള്ളവ എയർ ഇന്ത്യ എക്സ്പ്രസുമാണ് നടത്തുക.

എയർ ഇന്ത്യയുമായും ഉസ്ബെക്കിസ്ഥാൻ എയർവേയ്സുമായുമുള്ള പുതിയ പങ്കാളിത്തത്തോടെ ഫ്ലൈദുബൈയുടെ ഇന്‍റർലൈൻ പങ്കാളികളുടെ എണ്ണം 46 ആയി. പങ്കാളിത്ത ശൃംഖലയിലൂടെ 300ലേറെ കേന്ദ്രങ്ങളിലേക്ക് കണക്ഷൻ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ യാത്രക്കാർക്ക് ഈ കരാറിന്‍റെ പ്രധാന മാറ്റം പുതിയൊരു നേരിട്ടുള്ള റൂട്ട് എന്നതിലുപരി കൂടുതൽ യാത്രാ കോമ്പിനേഷനുകൾ ലഭിക്കുന്നുവെന്നുള്ളതാണ്​. ദുബൈയിൽ നിന്ന് എയർ ഇന്ത്യയുടെ ശൃംഖല ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്താനും അവിടെനിന്ന് തുടർയാത്ര നടത്താനും കഴിയും. മറുവശത്ത് ഫ്ലൈദുബൈ വഴി ദുബൈയിലെത്തി എയർ ഇന്ത്യയുടെ ഡൽഹി, മുംബൈ ഹബ്ബുകൾ വഴി ഇന്ത്യയിലേക്കും ഇന്ത്യക്ക്​ പുറത്തേക്കുമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും സാധിക്കും. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News