സൗദി–യുഎഇ ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്​, ഇരുരാജ്യങ്ങളും പരസ്പര ബന്ധിതം -ഡോ. ഗർഗാഷ്​

ഇറാൻ യുദ്ധത്തിൽ താൽക്കാലിക പരിഹാരമല്ല, വേണ്ടത്​ ദീർഘകാല സമാധാനം

Update: 2026-09-26 02:02 GMT
Editor : Rafeeq MM | By : Gulf Desk

ദുബൈ: സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധം നിലവിൽ മികച്ച നിലയിലല്ലെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. എന്നാൽ ഇരു രാജ്യങ്ങളുടെയും സുരക്ഷാ, സാമ്പത്തിക താൽപര്യങ്ങൾ പരസ്പരം ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യ സ്ഥിരതയുള്ളതായിരിക്കാതെ യുഎഇക്ക് സ്ഥിരതയോടെ മുന്നോട്ടുപോകാനാകില്ല. സൗദിയുടെ വിഷൻ 2030 പദ്ധതിയിലൂടെയുള്ള സാമ്പത്തിക വളർച്ചയും യുഎഇയുടെ പ്രാദേശിക സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനവും തമ്മിൽ മത്സരം വർധിച്ചിട്ടുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരാൾ ജയിച്ചാൽ മറ്റൊരാൾ തോൽക്കും എന്ന തരത്തിലുള്ള മത്സരമായി കാണേണ്ടതില്ല. സൗദി വളർന്നാൽ യുഎഇക്കും നേട്ടമുണ്ടാകുമെന്നും തിരിച്ചും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങൾ നിയന്ത്രിക്കപ്പെടണമെന്നും മത്സരം പരിധിക്കുള്ളിൽ തുടരണം. ഹൂതികൾ സൗദി അറേബ്യയെ ലക്ഷ്യമിടുമ്പോൾ യുഎഇക്ക് ആശങ്കയുണ്ടെന്നും സൗദിയുടെ സുരക്ഷയോടുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം ഫോറിൻ അഫയേ​ഴ്​സിന്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Advertising
Advertising

ഇറാൻ യുദ്ധത്തിന് താൽക്കാലിക വെടിനിർത്തലോ ഒത്തുതീർപ്പോ മാത്രം പോര. വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടാത്ത തരത്തിലുള്ള നിലനിൽക്കുന്ന സമാധാനമാണ് ആവശ്യം. ഇതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കണം. അമേരിക്ക–ഇറാൻ ചർച്ചകൾ പ്രധാനമാണെങ്കിലും, ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണവും അത്രതന്നെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്–ഇസ്രയേൽ യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങൾ മാസങ്ങളായി മേഖലയിൽ തുടരുകയാണ്​. യുദ്ധം ദീർഘകാലം നീളുമെന്നും പ്രത്യാഘാതങ്ങൾ വർഷങ്ങളോളം നേരിടേണ്ടിവരുമെന്നും യുഎഇ തുടക്കം മുതൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗർഗാഷ്​ പറഞ്ഞു.

ആണവ ചർച്ചകളിൽ വാഷിങ്ടണും തെഹ്റാനും തമ്മിലെ അകലം വർധിച്ചതിന്‍റെ പശ്ചാത്തലത്തിൽ സംഘർഷസാധ്യത യുഎഇ വിലയിരുത്തിയിരുന്നുവെന്ന് ഗർഗാഷ് വ്യക്​തമാക്കി. യുദ്ധം തുടങ്ങിയാൽ ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള സാധ്യതയും യുഎഇ കണക്കിലെടുത്തിരുന്നു. എന്നാൽ ആക്രമണത്തിന്‍റെ വ്യാപ്തിയും തുടർച്ചയും പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു. സംഘർഷം രണ്ട് വ്യത്യസ്ത യുദ്ധങ്ങളായാണ് കാണേണ്ടതെന്നാണ്​ ഗർഗാഡ്​ വ്യക്​തമാക്കിയത്​. ഒന്ന് അമേരിക്ക–ഇസ്രയേൽ സഖ്യം ഇറാന്​ നേരെ നടത്തിയ ആക്രമണവും മറ്റൊന്ന്​ മറ്റൊന്ന് ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്ക്​ നടത്തിയ ആക്രമണവും.

യുദ്ധത്തോടെ ഗൾഫ് സുരക്ഷയിൽ അമേരിക്കയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ലെന്നും മറിച്ച് വർധിച്ചിട്ടുണ്ടെന്നും ഗാർഗഷ് അഭിപ്രായപ്പെട്ടു. അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് സ്വന്തം പ്രതിരോധശേഷിയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സൈനിക ശക്തി സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് പ്രധാനമായും ഉപയോഗിക്കുകയെന്നും, മേഖലയിലെ രാജ്യങ്ങൾ സ്വന്തം സുരക്ഷക്കായി ശേഷി വികസിപ്പിക്കണം.ചൈനക്കും മേഖലയിൽ ക്രിയാത്മക പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സുരക്ഷക്ക്​ പിന്തുണ നൽകാൻ കഴിയും. ഒപ്പം ഇറാനെ രാഷ്ട്രീയ പരിഹാരത്തിലേക്ക് പ്രേരിപ്പിക്കാനും ചൈനക്ക്​ സാധിക്കുമെന്നാണ്​ ഗർഗാഷിന്‍റെ വിലയിരുത്തൽ.

ഇസ്രയേലുമായുള്ള ബന്ധം ഉപയോഗിച്ച് ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തിക്കാൻ യുഎഇ ശ്രമിച്ചിട്ടുണ്ടെന്നും ഗസ്സക്കുള്ളള്ള യുഎഇയുടെ സഹായം ഏകദേശം 4 ബില്യൺ ഡോളറിലെത്തിയെന്നും ഗാർഗഷ് പറഞ്ഞു.പശ്ചിമേഷ്യയിലെ രാഷ്ട്രീയ വിഷയങ്ങളിൽ ഇസ്രയേലുമായുള്ള ബന്ധം യുഎഇക്ക് സംസാരിക്കാനുള്ള ഒരു വേദി നൽകിയിട്ടുണ്ടെങ്കിലും ഇസ്രയേൽ നയങ്ങളിൽ അബുദാബിയുടെ സ്വാധീനത്തിന് പരിധികളുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള അറബ് നിലപാടിനെ യുഎഇ പിന്തുണയ്ക്കുന്നതായി ഗാർഗഷ് ആവർത്തിച്ചു.



Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News