വെച്ച് മാറേണ്ടതും, വിട്ട് നല്‍കേണ്ടതുമായ സീറ്റുകള്‍ ഏതെല്ലാം: എല്‍.ഡി.എഫില്‍ ഉഭയകക്ഷി ചര്‍ച്ച
ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നാരംഭിക്കും.
ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. സി.പി.എം - സി.പി.ഐ ഉഭയകക്ഷി ചര്‍ച്ച വൈകീട്ട് നടക്കും. വെച്ച് മാറേണ്ടതും, വിട്ട് നല്‍കേണ്ടതുമായ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്ന് നടക്കുക.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ചത് സ്വതന്ത്രന്‍മാർ ഉള്‍പ്പെടെ 92 സീറ്റുകളില്‍, സി.പി.ഐ മത്സരിച്ചത് 27 സീറ്റുകളില്‍. എന്നാല്‍ പുതിയതായി കേരള കോണ്‍ഗ്രസ് എമ്മും, എല്‍.ജെ.ഡിയും ഇടത് മുന്നണിയിലെത്തി. അതുകൊണ്ട് രണ്ട് പാര്‍ട്ടികളും സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ് ചില സീറ്റുകള്‍ സി.പി.ഐ വിട്ട് നല്‍കും. എന്നാല്‍ വിട്ട് നല്‍കുന്നതിനുപകരം സീറ്റ് വേണമെന്നാവശ്യം സി.പി.ഐ മുന്നോട്ട് വയ്ക്കും.
കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ സീറ്റുകള്‍ വിട്ട് നല്‍കാന്‍ സി.പി.ഐ തയ്യാറാകും. കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാറും, ഇരിക്കൂറിന് പകരം കണ്ണൂര്‍ സീറ്റുമാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം സി.പി.എമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടാകാനാണ് സാധ്യത. പറവൂറും പിറവവും വെച്ച് മാറണമെന്നാവശ്യം സി.പി.ഐയ്ക്കുണ്ട്. രണ്ട് പാര്‍ട്ടികളും കഴിഞ്ഞ തവണ തോറ്റ് സീറ്റ് ആയത് കൊണ്ട് അതിനുള്ള സാധ്യതയുമുണ്ട്.
നാദാപുരവും ബാലുശ്ശേരിയും വെച്ച് മാറണമെന്ന ചര്‍ച്ചകള്‍ ഉണ്ടെങ്കിലും സി.പി.എമ്മിന് താത്പര്യമില്ലെന്നാണ് സൂചന. ചവറ സീറ്റ് സി.പി.എം ഏറ്റെടുത്തതോടെ കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ അധികമായി ചോദിക്കും. കുന്നത്തൂർ സീറ്റിലാണ് സി.പി.ഐയുടെ കണ്ണ്. ഇത്തവണ സീറ്റ് നിഷേധിച്ചാല്‍ കോവൂര്‍ സി.പി.ഐയിലെത്തി കുന്നത്തൂരില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ചര്‍ച്ചയോടെ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകില്ലെങ്കിലും പ്രാഥമിക ധാരണകള്‍ ഉണ്ടായേക്കും.