സിഡ്നി: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര വാച്ച് നിര്‍മാതാക്കളാണ് റോളക്സ്. സ്വിസ് നിർമാണ മികവ്, കൃത്യത , ഈടുനിൽപ്പ് , ഉയർന്ന റീസെയിൽ മൂല്യം എന്നിവയാണ് റോളക്സിനെ മറ്റ് വാച്ചുകളിൽ നിന്ന് വേറിട്ടുനിർത്തുന്നത്.
വെള്ളത്തിനടിയിലായാലും ഏത് മലയുടെ മുകളിലായാലും റോളക്സ് വാച്ചുകൾ കൃത്യമായ സമയം കാണിക്കുന്നു. നാല് മുതൽ അഞ്ച് ലക്ഷം രൂപ മുതലാണ് ഈ വാച്ചുകളുടെ വില ആരംഭിക്കുന്നത്. ഒറിജിനൽ റോളക്സ് വാച്ച് വാങ്ങണമെങ്കിൽ ഒരാൾക്ക് 4 മുതൽ 5 വർഷം വരെ കാത്തിരിക്കേണ്ടിയും വന്നേക്കാം. എന്നാൽ റോളക്സ് വാച്ചുകൾക്ക് ഇത്രയധികം ജനപ്രീതി ലഭിക്കുന്നത് എന്തുകൊണ്ടാണെന്നും അവയ്ക്ക് എന്തുകൊണ്ടാണ് ഇത്ര ഉയർന്ന വിലയെന്നും ചിന്തിച്ചിട്ടുണ്ടോ?
1905-ൽ ഹാൻസ് വിൽസ്‌ഡോർഫും ആൽഫ്രഡ് ഡേവിസും ചേർന്ന് ലണ്ടനിൽ 'വിൽസ്‌ഡോർഫ് & ഡേവിസ്' എന്ന കമ്പനി സ്ഥാപിച്ചതോടെയാണ് റോളക്സിന്റെ ചരിത്രം ആരംഭിക്കുന്നത്. റിസ്റ്റ് വാച്ചുകൾ നിർമിച്ച് ജ്വല്ലറികൾക്ക് വിൽപന നടത്തുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. ഈ ജ്വല്ലറികൾ വാച്ചിന്റെ ഡയലുകളിൽ സ്വന്തം പേരുകൾ പതിപ്പിച്ചാണ് ഉപഭോക്താക്കൾക്ക് വിറ്റിരുന്നത്. പതിയെ പതിയെ വാച്ചിന്‍റെ ആവശ്യകത വര്‍ധിച്ചു. അക്കാലത്ത് സമയം നോക്കാൻ റിസ്റ്റ് വാച്ചുകളല്ല ഉപയോഗിച്ചിരുന്നത്.പോക്കറ്റ് വാച്ചുകളുടേത് പോലെ കൃത്യമല്ലാത്തതായിരുന്നു കാരണം. എന്നാൽ പോക്കറ്റ് വാച്ചുകൾക്കും പോരായ്മകളുണ്ടായിരുന്നു. വെള്ളം വീണാൽ കേടാവുകയോ ഉയരങ്ങളിൽ വച്ച് പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്യുമായിരുന്നു. എന്നിട്ടും സമയം പാലിക്കാൻ മറ്റ് മാര്‍ഗങ്ങൾ ഇല്ലാത്തതിനാൽ പോക്കറ്റ് വാച്ചുകളാണ് അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്.
എന്നാൽ പോക്കറ്റ് വാച്ചുകളെക്കാൾ സമയം നോക്കാൻ നല്ലത് റിസ്റ്റ് വാച്ചുകളാണെന്ന് ഹാൻസ് വിൽസ്ഡോർഫ് മനസ്സിലാക്കി. അപ്പോൾ എന്തുകൊണ്ട് ഈ വാച്ചുകളുടെ സമയ കൃത്യത മെച്ചപ്പെടുത്തിക്കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. റിസ്റ്റ് വാച്ചുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച ശേഷം ആൽഫ്രഡും വിൽസ്ഡോർഫും വിപുലമായി പരീക്ഷണം നടത്തി ലോകത്തിലെ ഏറ്റവും കൃത്യമായ റിസ്റ്റ് വാച്ച് നിര്‍മിക്കുകയായിരുന്നു.
പുതിയ റിസ്റ്റ് വാച്ചുകൾ നിര്‍മിച്ചതിന് ശേഷവും അവര്‍ അവർ ജ്വല്ലറികൾക്ക് വിറ്റ് പണം സമ്പാദിച്ചിരുന്നുവെങ്കിലും വിപണിയിൽ തങ്ങളുടെ വാച്ചുകളുടെ ഡിമാൻഡ് ക്രമേണ വർധിച്ചുവരുന്നതായും ആളുകൾക്ക് അവരുടെ വാച്ചുകൾ വളരെയധികം ഇഷ്ടമാകുന്നതായും ശ്രദ്ധയിൽ പെട്ട്. അതിനാൽ എന്തുകൊണ്ട് സ്വന്തം ബ്രാൻഡ് നാമത്തിൽ വിപണിയിലേക്ക് ഇറങ്ങിക്കൂടാ എന്നായി അടുത്ത ചിന്ത. അങ്ങനെ സ്വന്തം ബ്രാൻഡ് നാമത്തിൽ വാച്ചുകൾ നിർമിക്കാൻ തുടങ്ങി. എന്നാൽ ആ സമയത്ത് കമ്പനിയുടെ പേര് വിൽസ്, ഡഫ് & ഡേവിസ് എന്നായിരുന്നു. അത് ഡയലിൽ എഴുതുക സാധ്യമായിരുന്നില്ല. തുടര്‍ന്ന് 1908 ൽ കമ്പനിയുടെ പേര് റോളക്സ് എന്നാക്കി മാറ്റുകയായിരുന്നു.
ഓരോ തവണയും സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന മികവ് തന്നെയായിരുന്നു റോളക്സിനെ മറ്റ് വാച്ച് നിര്‍മാണ് കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നത്. കൂടുതൽ മികച്ചതാക്കാൻ നൂതനാശയങ്ങൾ പരീക്ഷിച്ചു വിജയിച്ചു. 1908-ൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ കമ്പനിയുടെ ഓഫീസ് തുറന്നു. അവിടെ നിന്നായിരുന്നു പിന്നീട് കമ്പനിയുടെ പ്രവര്‍ത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. 1919-ൽ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചതോടെ ലണ്ടൻ കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ സ്വിറ്റ്സർലൻഡിലുള്ള കമ്പനിയുടെ സ്ഥാനം അതിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിന് വളരെയധികം സഹായകരമായി. അക്കാലത്ത്, സ്വിസ് നിർമിത വാച്ചുകൾ ഏറ്റവും കൃത്യമായ സമയത്തിന് പേരുകേട്ടതും ലോകമെമ്പാടും ഉയർന്ന ഡിമാൻഡുള്ളതുമായിരുന്നു. അതുകൊണ്ട് തന്നെ റോളക്സ് വാച്ചുകളിൽ സ്വിസ് നിര്‍മിതം എന്ന് കണ്ടപ്പോൾ തന്നെ ആളുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ വാങ്ങാൻ തുടങ്ങി. കമ്പനിക്ക് നല്ല ലാഭവും ലഭിച്ചു.
സമയ കൃത്യതയിൽ മാത്രമല്ല, വെള്ളം, പൊടി, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയ ബാഹ്യകാരണങ്ങളാൽ ഒരിക്കലും കേടുപാടുകൾ സംഭവിക്കാത്ത ഒരു വാച്ച് സൃഷ്ടിക്കുക എന്നതായിരുന്നു റോളക്സിന്റെ ലക്ഷ്യം. കഠിനാധ്വാനത്തിനും പരീക്ഷണത്തിനും ശേഷം, 1926 ൽ അവർ ലോകത്തിലെ ആദ്യത്തെ വാട്ടർപ്രൂഫ് വാച്ച് സൃഷ്ടിച്ചു. വാട്ടര്‍ പ്രൂഫ് വാച്ച് നിര്‍മിച്ചെങ്കിലും അത് കൂടുതൽ ആളുകളിലേക്ക് എത്തിച്ചാൽ മാത്രമേ വിജയിക്കൂ എന്ന ചിന്തയും നിര്‍മാതാക്കളെ അലട്ടി. പത്രത്തിലോ മാസികയിലോ പരസ്യം നൽകിയാൽ ആളുകൾ എങ്ങനെ വിശ്വസിക്കും? ഇത് മനസ്സിലാക്കിയ ഹാൻസ് വെൽസ്-ഡർഫ് ഇവന്റ് മാർക്കറ്റിംഗിലേക്ക് തിരിയുകയും വിവിധ കായിക ഇനങ്ങളിൽ അത്ലറ്റുകൾക്ക് ധരിക്കാൻ നൽകുകയും ചെയ്തു. ഈ തന്ത്രം കമ്പനിക്ക് വലിയ വിജയം നേടിക്കൊടുത്തു.