'മറഡോണയെന്നോ നെയ്മറെന്നോ പേരിടുന്ന പോലെയല്ല പ്രശസ്ത സാഹിത്യ സൃഷ്ടിയുടെ പേര് സിനിമയ്ക്കിടുന്നത്'; 'ഹിഗ്വിറ്റ' വിവാദത്തിൽ സച്ചിദാനന്ദൻ

''വായനക്കാരായ മലയാളികൾക്ക് അതൊരു ഫുട്‌ബോൾ കളിക്കാരന്റെ പേരിനെക്കാൾ ഒരു വലിയ കഥാകാരന്റെ തിരിച്ചുവരവിന്റെയും ഒരു പ്രധാന കഥയുടെയും പേരുതന്നെയാണ്''

Update: 2022-12-01 15:38 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: 'ഹിഗ്വിറ്റ' സിനിമ വിവാദത്തിൽ എഴുത്തുകാരൻ എൻ.എസ് മാധവനെ പിന്തുണച്ച് കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ. ഹിഗ്വിറ്റയെ മലയാളി വായനക്കാരെങ്കിലും അറിയുന്നത് എൻ.എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ട്. അതിൽ സിനിമാക്കാരന്റെ കബളിക്കലുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഹിഗ്വിറ്റ' മലയാള ചെറുകഥയിൽ ഒരു ലാൻഡ്മാർക് ആയിരുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വായനക്കാരായ മലയാളികൾക്ക് അത് ഒരു ഫുട്‌ബോൾ കളിക്കാരന്റെ പേരിനെക്കാൾ ഒരു വലിയ കഥാകാരന്റെ തിരിച്ചുവരവിന്റെയും ഒരു പ്രധാന കഥയുടെയും പേരുതന്നെയാണ്. അത്തരമൊരു ശീർഷകം ഒരു സിനിമയ്ക്ക് ഉപയോഗിക്കുമ്പോൾ കഥാകൃത്തിനെ അറിയിക്കുകയെങ്കിലും ചെയ്യുന്നത് സാമാന്യമര്യാദ മാത്രമാണ്-സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

മര്യാദകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം എന്ന എന്റെ സംശയത്തെ ബലപ്പെടുത്തുന്നവയായിരുന്നു ഏറെയും ആ കഥ വായിക്കാത്തവരെന്ന് ഞാൻ സംശയിക്കുന്നവരുടെ പ്രതികരണങ്ങൾ. മറഡോണയെന്നോ നെയ്മറെന്നോ റൊണാൾഡോയെന്നോ പേരിടുന്ന പോലെയല്ല ഒരു പ്രശസ്തമായ സാഹിത്യ സൃഷ്ടിയുടെ പേര് ഒരു സിനിമയ്ക്ക് ഇടുന്നത്. അത് നിഷ്‌കളങ്കമല്ലെന്നറിയാൻ സാമാന്യബുദ്ധി മതിയെന്നും അദ്ദേഹം കുറിച്ചു.

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്‌ക്കെതിരെ നേരത്തെ എൻ.എസ് മാധവനും രംഗത്തെത്തിയിരുന്നു. തലമുറകൾ സ്‌കൂളിൽ പഠിച്ച തന്റെ കഥയുടെ തലക്കെട്ടിൽ തനിക്കുള്ള അവകാശം മറികടന്നാണ് ഈ സിനിമ ഇറങ്ങുന്നതെന്നും മറ്റൊരാൾക്കും ഈ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെയെന്നും മാധവൻ പ്രതികരിച്ചു. ഹിഗ്വിറ്റ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പ്രതികരണം.

'മലയാള സിനിമ എന്നും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകൾ സ്‌കൂളിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നാണ് ഈ സിനിമ ഇറങ്ങുന്നത്. ഒരു ഭാഷയിലും ഒരു എഴുത്തുകാരനും എന്റെ ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ.. ഒന്നേ പറയാനുള്ളൂ.. ഇത് ഏറെ ദുഃഖകരമാണ്''- എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.

ഹേമന്ത് ജി. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഹിഗ്വിറ്റ', സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട്‌സിന്റെ ബാനറിൽ ബോബി തര്യൻ-സജിത് അമ്മ എന്നിവരാണ് നിർമ്മിക്കുന്നത്. ആലപ്പുഴയിലെ ഫുട്‌ബോൾ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് സ്‌പോർട്‌സ് ക്വാട്ടയിൽ കണ്ണൂരിലെ ഒരു ഇടതുനേതാവിന്റെ ഗൺമാനായി നിയമനം ലഭിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാൻ ശ്രീനിവാസൻ ഗൺമാനെയും സുരാജ് വെഞ്ഞാറമൂട് ഇടതുപക്ഷ നേതാവിനെയും അവതരിപ്പിക്കുന്നു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എൻ.എസ് മാധവൻ 'ഹിഗ്വിറ്റ' എന്ന ശീർഷകം സംബന്ധിച്ച് സർക്കാരിന് എഴുതിയ കത്തിന്റെ ഒരു കോപ്പി എനിക്കും അയച്ചിരുന്നു. അതിനോടുള്ള പ്രതികരണം ഒന്ന് ടെസ്റ്റ് ചെയ്യുകയായിരുന്നു ഞാൻ. 'ഹിഗ്വിറ്റ' മലയാള ചെറുകഥയിൽ ഒരു ലാൻഡ്മാർക് ആയിരുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വായനക്കാരായ മലയാളികൾക്ക് അത് ഒരു ഫുട്‌ബോൾ കളിക്കാരന്റെ പേരിനെക്കാൾ ഒരു വലിയ കഥാകാരന്റെ തിരിച്ചുവരവിന്റെയും ഒരു പ്രധാന കഥയുടെയും പേരുതന്നെയാണ്.

അത്തരമൊരു ശീർഷകം ഒരു സിനിമയ്ക്ക് ഉപയോഗിക്കുമ്പോൾ കഥാകൃത്തിനെ അറിയിക്കുകയെങ്കിലും ചെയ്യുന്നത് സാമാന്യമര്യാദ മാത്രമാണ്. അത്തരം മര്യാദകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം എന്ന എന്റെ സംശയത്തെ ബലപ്പെടുത്തുന്നവയായിരുന്നു ഏറെയും ആ കഥ വായിക്കാത്തവരെന്ന് ഞാൻ സംശയിക്കുന്നവരുടെ പ്രതികരണങ്ങൾ. മറഡോണ എന്നോ നെയ്മർ എന്നോ റൊണാൾഡോ എന്നോ പേരിടുന്ന പോലെയല്ല ഒരു പ്രശസ്തമായ സാഹിത്യ സൃഷ്ടിയുടെ പേര് ഒരു സിനിമയ്ക്ക് ഇടുന്നത്.

Full View

അത് നിഷ്‌കളങ്കമല്ലെന്നറിയാൻ സാമാന്യബുദ്ധി മതി. ഏതായാലും വ്യക്തികളെക്കുറിച്ച് എന്നതിനെക്കാൾ നമ്മുടെ കാലത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.

Summary: Poet and Chairman of Kerala Sahitya Akademi K. Satchidanandan supports writer N.S Madhavan in 'Higuita' controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News