'ആ ഇരിക്കുന്ന കസേരയില്‍ മുറുക്കെ പിടിച്ചോ സി.എമ്മേ'; മമ്മൂട്ടിയുടെ 'വണ്‍' സിനിമ ട്രെയിലര്‍ കാണാം
കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്
മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തുന്ന വണ്‍ ടീസറിന് ഗംഭീര വരവേല്‍പ്പ്. മോഹന്‍ലാലടക്കമുള്ള മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളാണ് വണ്‍ സിനിമ ട്രെയിലര്‍ പുറത്തുവിട്ടത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തില്‍ അതിശക്തമായ പ്രതിപക്ഷ നേതാവിനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സമാനതയുള്ള ദൃശ്യങ്ങളും ഡയലോഗുകളുമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആക്ഷേപവും മറുപടിയുമായി നീങ്ങുന്ന ട്രെയിലര്‍ പഞ്ച് ഡയലോഗുകളാല്‍ സമ്പന്നമാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച മുഖ്യമന്ത്രിക്കെതിരായ 'ചെത്തുകാരന്‍റെ മകന്‍' പരാമര്‍ശം പരോക്ഷമായി ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'കണ്ട അമ്പട്ടന്‍റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതും ഇതിനപ്പുറവും നടക്കുമെന്ന' പി ബാലചന്ദ്രന്‍റെ കഥാപാത്രത്തിന്‍റെ സംഭാഷണം ഇതിന് സമാനമായുള്ളതാണ്. 'ഞാന്‍ പതിനഞ്ച് ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്' എന്ന പഞ്ച് ഡയലോഗോട് കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.
ജോജു ജോർജ്, നിമിഷ സജയന്‍, മാത്യൂ തോമസ്, സുദേവ് നായർ, ഗായത്രി അരുൺ തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.