ആയതി: പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും നോവല്‍

മധുരവീഞ്ഞിനായെടുത്തുവെച്ച പഴുത്ത് പാകമായ മള്‍ബറികളുടെ മധുരവും പുളിയും ചവര്‍പ്പുമുള്ള പ്രണയഹര്‍ഷ ലഹരികളുടെ നോവല്‍. സമരങ്ങളുടെയും അതിജീവനത്തിന്റെയും നോവല്‍. ഷബ്‌ന മറിയം എഴുതിയ 'ആയതി' നോവല്‍ വായന.

Update: 2023-11-15 08:20 GMT
Advertising

'പ്രണയത്തിലാകുക, എന്നാല്‍

സ്വര്‍ഗ്ഗ നരകങ്ങള്‍ക്കിടയിലെ

ഒറ്റനൂല്‍ പാലത്തിലൂടെ തുഴയാന്‍

പഠിക്കുക എന്നാണ്'

അവസാന പേജും വായിച്ചു കഴിയുമ്പോള്‍ നമ്മളോര്‍ത്തുപോകും. സൗഹൃദത്തിന്റെ അനുരാഗത്തിന്റെ.

രതികാമനകളുടെ.

പനിനീര്‍ മദജലം കിനിയുന്ന അടയാളങ്ങള്‍ പതിച്ച താളുകള്‍. കൗമാരത്തിന്റെയും യൗവനത്തിന്റെയും തീക്ഷ്ണകാലം. കാമ്പസ് ജീവിതത്തിന്റെ ഉന്മാദകാലം.

കായലിന്റെയും സല്‍മാന്റെയും വന്യമായ പ്രണയം.

മാലിക്കിന് റാഷിദയോടുള്ള ഏകാന്ത പ്രണയം.

അമോഗയുടെയും യദുവിന്റെയും കാവ്യാത്മകമായ പ്രണയം.

എല്ലാത്തിനും മുകളില്‍ കായലിനോടുള്ള

അമ്മമ്മയമ്മിഞ്ഞയുടെ പകരം വയ്ക്കാനാകാത്ത സ്‌നേഹം.

'പിരിയാമെന്ന് ഞങ്ങള്‍ ഒരുമിച്ചായിരുന്നു തീരുമാനിച്ചത്. ഒരു വാശിപ്പുറത്ത് ഞാനും, എനിക്കുറപ്പുണ്ട് അതേ വാശിപ്പുറത്ത് അവനും അതിന് സമ്മതിച്ചു. ഞങ്ങള്‍ പരസ്പരം കുത്തി മുറിച്ചു. പക്ഷേ, ഞങ്ങളന്ന് കൈപിടിച്ച് മാനാഞ്ചിറയിലിരുന്നപ്പോള്‍ വീണ്ടും ഞാന്‍, അവന്റെയുള്ളില്‍ എനിക്കായി ഉണ്ടാവുമെന്ന് കരുതിയ ഹൃദയത്തിലേക്ക്, ഞങ്ങള്‍ ഒന്നിച്ചു നടന്ന വഴികളിലേക്ക്. ഞങ്ങളുടെ ചുംബനങ്ങള്‍ തുടിച്ച നിമിഷങ്ങളിലേക്ക് വീണ്ടും പ്രതീക്ഷയോടെ നോക്കി. ഞാനലിഞ്ഞു. അവനും. ഞങ്ങള്‍ അറിയാതെതന്നെ ഞങ്ങള്‍ പഴയതുപോലെ സ്‌നേഹത്തിലായി. ഞങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന മക്കളും ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ഞങ്ങള്‍ ഒന്നിച്ചുറങ്ങാതെ പോയ ആയിരത്തൊന്നു രാത്രികളും നിറഞ്ഞു തുളുമ്പി. അതിനെക്കുറിച്ചൊന്നും പരസ്പരം ഓര്‍മിപ്പിക്കാതെ ബീച്ചിലേക്ക് ഞങ്ങള്‍ ഓട്ടോ കയറി. അവനെന്നെ ആര്‍ത്തിയോടെ ചുംബിച്ചു. ഞാനവനെ അതിലും ആര്‍ത്തിയോടെ ഞെരുക്കി. എന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രണയം മനുഷ്യരെ അങ്ങേയറ്റം ദുര്‍ബലരാക്കും. എന്റെ ഹൃദയത്തെ തിരിച്ചുതരാന്‍ ഞാനവനോട് ഭിക്ഷ യാചിച്ചു. ഞങ്ങളെന്നത്തേക്കാള്‍ അധികം ഹോട്ടലുകള്‍ കയറിയിറങ്ങി പലവക സാധനങ്ങള്‍ ആര്‍ത്തിയോടെ തിന്നുകൂട്ടി. സ്‌നേഹത്തിനായി പറഞ്ഞും പറയാതെയും ഞാനവനോട് യാചിച്ചുകൊണ്ടേയിരുന്നു. അവന്റെ കണ്ണും നിറഞ്ഞുചുവന്നിരുന്നു. പൂര്‍ണ്ണ നഗ്‌നരായി ആലിംഗനം ചെയ്തു ദിവസങ്ങളോളം കിടക്കയില്‍ കഴിഞ്ഞുകൂടാന്‍ എന്റെ മനസ്സും ആത്മാവും ഗദ്ഗദപ്പെട്ടു.

കുത്തിമറിഞ്ഞൊഴുകുന്ന പ്രണയത്തില്‍ നിന്ന് തുടങ്ങി മനുഷ്യന്റെ സ്‌നേഹത്വരയോടുള്ള ആര്‍ത്തിയില്‍ ചെന്ന് നില്‍ക്കുന്ന വരികള്‍. ആത്മാഭിമാനം മാത്രം കൈമുതലാക്കി മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഏന്തിപ്പിടിക്കുന്ന/നമ്മളെപ്പോലും എഴുന്നേറ്റ് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യര്‍.

ആര്‍ത്തി, ആഹ്ലാദം, ഉന്‍മാദം, ദു:ഖം, നിരാശ, .. എല്ലാം മധ്യങ്ങള്‍ കൂര്‍ത്തവ.

ഒരു മനുഷ്യന് തന്നില്‍തന്നെ വിശ്വാസമുണ്ടാകാനുള്ള എളുപ്പവഴി താന്‍ കടന്നുവന്ന കഠിനവഴികളെയും അതു മറികടന്ന ദിവസങ്ങളെയും ഒന്നുകൂടി ഓര്‍മ്മയിലേക്കെടുക്കുക എന്നതാണ്. അപ്പോഴവന്‍ തികച്ചും വേറൊരു വ്യക്തിയാവും. ഇരുട്ടില്‍ ആളൊഴിഞ്ഞ നിരത്തില്‍ പതിയുന്ന, തന്റെ കാലൊച്ച മാത്രം കേള്‍ക്കെ ഏതൊരാളിലെയും അതിശക്തിമാന്‍ ജാഗരൂകനായി എഴുന്നേറ്റുനില്‍ക്കും.

മാനാഞ്ചിറയിലൂടെ. കോഴിക്കോട് ബീച്ചിലൂടെ. മട്ടാഞ്ചേരിയിലൂടെ. മറൈന്‍ ഡ്രൈവിലുടെ. വഴുതക്കാടും മ്യൂസിയം പാര്‍ക്കും ടാഗോര്‍ തിയറ്ററും വേളിക്കായലിലുടെയും ഒഴുകിപ്പരക്കുന്ന കായല്‍ എന്ന പെണ്‍കുട്ടിയുടെ കഥ.

പക്ഷെ, കായലിന്റെ നേര്‍ജീവിത ആഖ്യാനപരിസരങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്ത മാലിക് എന്ന ഹൃദയ മുറിവേറ്റ ചെറുക്കന്റെ ജീവനില്‍ ഒട്ടിച്ചേരുന്ന വിധി വിസ്മയമാണ് ആയതിയെന്ന നോവലിന്റെ പ്രണയ പ്പൊരുള്‍. ഒരു സ്ത്രീ (എഴുത്തുകാരി) പരുക്കനായ ഒരു പുരുഷനെ ഏറ്റവും സത്യസന്ധമായിത്തന്നെ പകര്‍ത്തി വെച്ചിരിക്കുന്നു.

അമ്മമ്മയെന്നെ സ്‌നേഹിച്ചപോലെ ഈ ലോകത്ത് ആരും എന്നെ സ്‌നേഹിച്ചിട്ടില്ല. ഒരിക്കല്‍ ആഴത്തില്‍ സ്‌നേഹിക്കപ്പെട്ടാല്‍ അത്രത്തോളമെത്താത്ത ഒന്നിലും നമ്മള്‍ പിന്നീട് തൃപ്തരാക്കില്ല. ആദ്യ പ്രണയത്തിനൊക്കെ അമ്മമ്മയുടെ തുടക്കമാവാനേ കഴിഞ്ഞുള്ളൂ.

ഓരോ മനുഷ്യനും പലരിലൂടെ കടന്നുപോയി പലതരത്തില്‍ പരുവപ്പെട്ടായിരിക്കാം നമുക്കായുള്ള ആളുകളായി മുന്നില്‍ വന്നുനില്‍ക്കുന്നത്. എന്തായാലും ഓരോയിടത്തും മനുഷ്യന്‍ പലതാണ്.

മാലിക്ക് നിന്റെ തിരുമുറിവുകള്‍ എന്റെതുമാണ്. നിന്റെ മുറിവുണക്കുന്ന പ്രണയം എന്റെ പ്രണയവുമാണ്.

പ്രണയം നിങ്ങളില്‍ തളിര്‍ത്തു പൂവിടുകയും ഞണ്ടിറുക്കങ്ങളായി നോവിക്കുകയും ചെയ്യട്ടെ. ഇത് മുറിവുകളുടെ, ഉന്‍മാദങ്ങളുടെ നോവലാണ്.

(സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ച നോവലിന് 2022 ലെ കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.)

https://www.spcsindia.com/search/Aayathi


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - മാമ്മന്‍ കെ. രാജന്‍

Writer

Similar News

അടുക്കള
Dummy Life