Dark Story Begin | ലിവിങ് ടുഗെതര്‍ - നോവല്‍

ലിവിങ് ടുഗെതര്‍ - അനിത അമ്മാനത്ത് എഴുതിയ നോവല്‍ | അധ്യായം 15

Update: 2024-04-30 11:55 GMT
Advertising

എസ്.പിയുടെ നോട്ടം കണ്ടപ്പോഴേ ചന്ദ്രിക പഠിച്ചു വെച്ച പാഠങ്ങള്‍ മറന്നു തുടങ്ങിയിരുന്നു. 'ഉത്തരം പറയണം ചന്ദ്രിക മാഡം. നിങ്ങള്‍ ചെയ്തുകൂട്ടിയ പ്രവൃത്തികള്‍ കുറ്റവാസന ഉള്ളതായിരുന്നു എന്ന് നിങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതാണ് നിങ്ങളുടെ ഇപ്പോഴുള്ള മൗനത്തിനും ചിന്തക്കും കാരണം. നിങ്ങള്‍ നേടിയ വിദ്യാഭ്യാസം തെറ്റില്‍ നിന്നും അക്രമത്തില്‍ നിന്നും അകന്നുമാറാനുള്ളത് ആയിരുന്നില്ല, മറിച്ച് മരുമകളേയും അവളില്‍ നിങ്ങളുടെ മകനുണ്ടായ കുഞ്ഞിന്റേയും ജീവിതം എങ്ങനെ നശിപ്പിക്കാമെന്നും തക്കം പാര്‍ത്തിരുന്ന് അവരുടെ ജീവന്‍ എങ്ങനെയെടുക്കാമെന്നും ചിന്തിക്കുന്നതിന് വേണ്ടിയും അതിനുള്ള ഗൂഢാലോചനക്കും വേണ്ടിയും മാത്രം ഉപയോഗിച്ചപ്പോള്‍ നിങ്ങള്‍ എന്ന സ്ത്രീയും ഭാര്യയും അമ്മയും അമ്മായിയമ്മയും ഗ്രാന്‍ഡ് മദറും എന്തിനേറെ മനുഷ്യന്‍ എന്ന പദവി തന്നെയും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. എന്നാല്‍, തന്റെ ഉള്ളിലെ അടക്കി ഭരിക്കുന്ന ഗുണ്ടായിസം പുറംലോകം അറിയുമോ എന്നും നിങ്ങള്‍ കെട്ടിപ്പൊക്കി ഉണ്ടാക്കിയ ഫെയ്ക്ക് ഇമേജിന്റെ ചീട്ടുകൊട്ടാരം തകരുന്നത് കാണേണ്ടി വരുമോ എന്നും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, ആ വിഷയത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരാം. തീര്‍ച്ചയായും ഇതെല്ലാവരും ആഘോഷിക്കുന്ന വിഷയമായി മാറും. കാരണം, സ്വന്തം മകന്റെ കുടുംബം തകര്‍ക്കാന്‍ വേണ്ടി മാതാപിതാക്കള്‍ക്ക് എത്രവലിയ ഗുണ്ടകളും ക്രിമിനലുകളും ആകാന്‍ കഴിയുമെന്നത് നാട്ടില്‍ നാലു പേര് അറിയുന്നത് നല്ലതല്ലേ. ഇതുപോലെയുള്ള കുറ്റവാസന നിറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ ഇനിയൊന്ന് ചെയ്യുമ്പോള്‍ അവര്‍ രണ്ടുവട്ടമെങ്കിലും ആലോചിക്കുന്ന രീതിയില്‍ ഇത് ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കും. പല കേസുകളും അപമാനം ഭയന്ന് പുറത്ത് പറയാന്‍ ആളുകള്‍ തയ്യാറാകാറില്ല. അതുകൊണ്ടാണ് പല നിഷ്ഠൂരതകളും പുറംലോകം അറിയാതെ പോകുന്നത്. എന്ന് കരുതി അതിനര്‍ഥം ലോകം നന്നായി എന്നൊന്നും അല്ലല്ലോ. പുറത്ത് നടക്കുന്ന ഗുണ്ടായിസങ്ങളേക്കാള്‍ ഗുണ്ടായിസവും മല്‍പ്പിടുത്തവും നടക്കുന്ന രീതിയിലേക്ക് വീടുകളുടെ അകത്തളങ്ങള്‍ മാറിയിട്ടുണ്ട്. നിങ്ങളെപ്പോലുള്ളവരാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. മകന് കൂടെ കിടക്കാന്‍ വെപ്പാട്ടിയെ വരെ തയ്യാറാക്കി കൊടുക്കുന്ന നിന്നെയൊക്കെ അമ്മ എന്ന് വിളിക്കേണ്ടി വരുന്ന അവന്റെയൊക്കെ ഗതികേട്- ഓരോ വിചിത്ര ജന്മങ്ങള്‍.' ടേബിളില്‍ ഉച്ചത്തില്‍ അടിച്ചു കൊണ്ട് ചന്ദ്രികയെ ഉറ്റു നോക്കി കൊണ്ട് ഭാവന പറഞ്ഞു.

ചന്ദ്രികയില്‍ ഭയത്തിന്റെയും അപമാനത്തിന്റേയും നിഴല്‍ വെട്ടം തെളിഞ്ഞു കൊണ്ടിരുന്നു.

'കമോണ്‍ സ്പീക്ക് ഔട്ട് ' എസ്.പിയുടെ ശബ്ദം ഉയര്‍ന്നു.

'എനിക്ക് ... എനിക്ക് ... ഞാന്‍ ...' ശബ്ദം തൊണ്ടയില്‍ കുടുങ്ങിയ അവസ്ഥയില്‍ ചന്ദ്രിക ഏറെ പ്രയാസപ്പെട്ട് പറഞ്ഞൊപ്പിച്ചു. ഞാനവന്റെ അമ്മയായതുകൊണ്ടാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. '

'ആണോ? എല്ലാ അമ്മമാരും ഇങ്ങനെയാണോ മക്കളുടെ കാര്യങ്ങളില്‍ ഇടപെടുന്നത്? പ്രത്യേകിച്ചും വിവാഹിതരായ മക്കളുടെ കാര്യങ്ങളില്‍ ഇടപെടുന്നത്? അവരുടെ വിവാഹ ജീവിതം തകര്‍ക്കാന്‍ വേണ്ടി 'കൂട്ടിക്കൊടുപ്പ്' നടത്തിയാണോ മാതാപിതാക്കള്‍ മക്കളുടെ കുടുബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത്? ആണോ 'ദ മോസ്റ്റ് ക്രിമിനല്‍ മൈന്‍ഡഡ് ചന്ദ്രിക ബാഹുലേയന്‍?' എസ്.പിയുടെ പരിഹാസം കലര്‍ന്ന ചോദ്യത്തിന് അര്‍ഥങ്ങളേറെയായിരുന്നു.

'എന്റെ മകന്റെ കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു. ആ മൂധേവിയെ ഒഴിവാക്കാന്‍ ആരെ വേണമെങ്കിലും കൊല്ലാനും ഞാന്‍ തയ്യാറായിരുന്നു.' അരിശത്തോടെ ചന്ദ്രിക പറഞ്ഞു നിര്‍ത്തി. മരുമകളോടുള്ള അരിശം ചന്ദ്രികയുടെ വാക്കുകളില്‍ അപ്പോഴും വ്യക്തമായിരുന്നു.

'ഇതിലും ഭേദം ഒരു കൊലപാതകം നടത്തുന്നത് തന്നെയായിരുന്നു. ഇത്രയൊക്കെ ആയിട്ടും അഹങ്കാരത്തിന്റെ തിളപ്പ് കണ്ടില്ലേ? നിങ്ങളുടെ സ്വന്തം മകളുടെ കാര്യത്തില്‍ എങ്ങനെയാ? മരുമകന് ഒപ്പം നിങ്ങള്‍ മറ്റൊരു പെണ്ണിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടോ?' ഭാവന കൈകള്‍ മേശപ്പുറത്ത് ആഞ്ഞടിച്ചു കൊണ്ട് വര്‍ധിച്ചു വന്ന കോപത്തോടെ സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റു. ഇനിയും അവിടെ നിന്നാല്‍ ചന്ദ്രികയുടെ ദേഹത്ത് തന്റെ കൈകള്‍ വീഴുമെന്ന് ഭാവനയ്ക്ക് ഉറപ്പായിരുന്നു. തത്കാലം അതുവേണ്ടെന്ന് വെച്ച് രണ്ടു കൈകള്‍ കൂട്ടി തിരുമ്മി കൊടുങ്കാറ്റ് വേഗത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങിയ എസ്.പിയെ നോക്കി കൊണ്ട് അനന്തരാമന്‍ തുടര്‍ന്നു, 'നിങ്ങള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. പേര് മൃദുല. വിവാഹിതയാണ്. മകളുടെ വിവാഹ ജീവിതം തകര്‍ക്കാന്‍ നിങ്ങള്‍ എന്തേ മകള്‍ക്കോ മരുമകനോ ഒരു ലിവിങ് ടുഗതര്‍ ആലോചിക്കാതിരുന്നത്?'

' അതിന് എന്റെ മരുമകന്‍ വളരെ നല്ല മനുഷ്യനാണ്.'

'ആ വിശേഷം കൂടുതല്‍ പറയണമെന്നില്ല, നല്ലത് പോലെ അറിയാം. അവന്‍ വളരെ നല്ല മനുഷ്യനായത് കൊണ്ടാണല്ലോ വിവാഹത്തിന് മുമ്പ് നസ്രാണിയുടെ കൂടെ ഒളിച്ചോടിപ്പോയ നിങ്ങളുടെ മകളെ

അവന്‍ സ്വീകരിച്ചത്. അന്ന് നിങ്ങളുടെ മകള്‍ക്ക് ഭര്‍ത്താവായി അവനെ വാങ്ങിയെടുക്കാന്‍ നിങ്ങള്‍ പൈസ വാരിക്കോരി തലങ്ങും വിലങ്ങും എറിഞ്ഞിട്ടുണ്ട്. വല്ലവന്റേയും കൂടെ അഴിഞ്ഞാടി നിന്ന മകളുടെ താലി പൊട്ടാതിരിക്കാന്‍ വിവാഹശേഷവും ഫ്‌ളാറ്റ് വാങ്ങി കൊടുത്തും സ്ഥലങ്ങള്‍ വാങ്ങിച്ചു കൊടുത്തും വിലയ്ക്ക് വാങ്ങിയ മരുമകനെ നിങ്ങള്‍ സന്തോഷിപ്പിച്ചു കൊണ്ടേയിരുന്നു. ആം ഐ റൈറ്റ്?'

ഇത്തവണ ചന്ദ്രികയ്ക്ക് തല ചുറ്റുന്നത് പോലെയും ഭൂമി പിളരുന്നത് പോലെയുമാണ് തോന്നുന്നത്. തങ്ങള്‍ പോലും മറന്നു കഴിഞ്ഞ മൃദുലയുടെ പൂര്‍വ്വകാലത്തിലേക്ക് ഇവര്‍ എങ്ങനെ ഇറങ്ങിച്ചെന്നു? വളരെ ഭീതിയോടു കൂടി അവള്‍ അസ്വസ്ഥത പ്രകടമാക്കി തുടങ്ങി. അവള്‍ എനിക്ക് മകള്‍ മാത്രമല്ല, എന്റെ എല്ലാമെല്ലാമാണ്. അവള്‍ക്കുവേണ്ടി എത്ര വലിയ തെറ്റും പാതകവും കൊലപാതകവും ഞാന്‍ ചെയ്യും. അവളുടെ സുഖവും സന്തോഷവും കാണുവാന്‍ തനിക്ക് എന്തുവേണമെങ്കിലും ചെയ്യാന്‍ കഴിയും. അത്രയും ഗാഢമായി താന്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തന്റെ മകളുടെ പുറത്തറിയരുതെന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്ന ആ രഹസ്യം ഇവരെങ്ങനെ അറിഞ്ഞു? ഇതുപോലെ എത്രപേര്‍ അറിഞ്ഞു കാണും? ചന്ദ്രികയുടെ ഉള്ളില്‍ കുറേ ചോദ്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു കൊണ്ടേയിരുന്നു. എങ്ങനെ? ആര്? ഒന്നിനും ഉത്തരം കിട്ടുന്നില്ല. മകളുടെ ജീവിതം തകരാറിലാകുന്ന ചോദ്യമാണ് ഇപ്പോള്‍ ചോദിച്ചത്. ഒരു നിമിഷത്തിനുള്ളില്‍ അനേകായിരം ചോദ്യങ്ങള്‍ ചന്ദ്രികയുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു. ചോദ്യങ്ങള്‍ അവളുടെ നെഞ്ചിന്‍കൂട് തകര്‍ത്തുകൊണ്ട് പുറത്തേക്ക് വന്നു. ചുവന്ന് കലങ്ങിയ കണ്ണുകളുമായി അതിരൂക്ഷമായ നോട്ടമാണ് ചന്ദ്രിക പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിഞ്ഞത്.

'സാര്‍ എന്ത് അപരാധമാണ് എന്റെ മകളെക്കുറിച്ച് പറയുന്നത്? ഏതോ ഒരു സ്ത്രീ എവിടെയോ മരിച്ചു എന്ന പേരില്‍ ഇവിടെ ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതും പോരാഞ്ഞിട്ട് ഇപ്പോള്‍ എന്റെ മകളെക്കുറിച്ച് അനാവശ്യവും പറയുന്നുവോ? പൊലീസ് എന്നുവച്ചാല്‍ എന്തും പറയാനുള്ള ലൈസന്‍സ് എന്നാണോ നിങ്ങളുടെ ധാരണ?'

'ഏതോ ഒരു സ്ത്രീയോ? കേള്‍ക്കണേ തമാശ?' അനന്തരാമനും കോണ്‍സ്റ്റബിള്‍ ലക്ഷ്മിയും പരസ്പരം നോക്കി പുച്ഛഭാവത്തില്‍ മുഖം വക്രഭാവത്തില്‍ പിടിച്ചു.

'മരിച്ച സ്ത്രീയുമായുള്ള ബന്ധം കുറച്ചു മുമ്പ് അമ്മച്ചി ഇവിടെ ഛര്‍ദ്ദിച്ചത് മറന്ന് പോയോ? അതോ വിവാഹത്തിന് മുമ്പുള്ള മകളുടെ അവരാതിച്ച കഥ കേട്ടപ്പോള്‍ വിഭ്രാന്തി പിടിച്ചോ?'

'മകളെയും മരുമകനേയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണം സര്‍.'

'എന്തു ചോദിക്കണം, എന്തു ചോദിക്കേണ്ട എന്നത് നീ ഞങ്ങളെ പഠിപ്പിച്ച് തരേണ്ടതില്ല. നിങ്ങളുടെ മകളും മരുമകനും മറഞ്ഞിരുന്ന് ഇര പിടിക്കുന്ന വല്യ പുള്ളികളാണെന്ന് ഞങ്ങള്‍ക്കറിയാം. അവരും ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. അതുകൊണ്ട് കേരള പൊലീസിന്റെ പണികളെക്കുറിച്ചും ലൈസന്‍സിനെക്കുറിച്ചും ചന്ദ്രിക മാഡം അധികം ബേജാറാവണ്ട. നിങ്ങളെ പോലെയുള്ള ഏഴാം കൂലികളെ ആദ്യമായി ഒന്നുമല്ലല്ലോ ഞങ്ങള്‍ കാണുന്നത്. മാത്രവുമല്ല, മകന്റെ അവിഹിതം അന്വേഷിച്ച് പോയ ഞങ്ങള്‍ക്ക് കിട്ടിയത് വിജൃംഭിപ്പിക്കുന്ന മകളുടെ അവിഹിത ജീവിതഗാഥയാണ്. അവിടെ നിന്നും തുടങ്ങിയ നിങ്ങള്‍ ഇസബെല്ലയുടെ കഥ വരെയും എത്തിയത് എങ്ങനെ എന്നത് നിങ്ങളുടെ വായില്‍ നിന്നു തന്നെ മൊഴിയുമ്പോള്‍ അല്ലേ പൂര്‍ണ്ണത? '

ചന്ദ്രിക മുമ്പില്‍ ഇരുന്ന വെള്ളം എടുത്തു കുടിച്ചു. വിയര്‍ത്ത് ഒലിച്ചു കൊണ്ടിരുന്നു.

'ചുരുക്കി പറഞ്ഞാല്‍ മകളുടെ കഥകള്‍ പുറത്തു വന്നാല്‍ അവളുടെ ജീവിതം തകരുമോ എന്ന ഭയമുണ്ടെങ്കിലും മകന്റെ അവിഹിതത്തിലൂടെ മരുമകള്‍ ഒഴിഞ്ഞു പോയാല്‍ അത്രയും നല്ലത് എന്ന ശുഭാപ്തി വിശ്വാസം നിങ്ങളില്‍ ഇപ്പോഴും ഉണ്ട്. സംഗതി പുലിയാണ് ഈ സ്ത്രീ.' അനന്തരാമന്‍ ശിഹാബുദ്ദീനെ നോക്കി പറഞ്ഞു.

'താരകയെ ഞങ്ങള്‍ക്ക് ഇനി ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍, അങ്ങനെയല്ല മൃദുലയുടെ കാര്യം. അവള്‍ ഒരു പാവമാണ്. അവളുടെ വിവാഹം ജീവിതം തകരാന്‍ പാടില്ല. കണ്ണനും അവള്‍ക്കുമിടയില്‍ ഒരു പ്രശ്‌നമുണ്ടാക്കാന്‍ പാടില്ല.'

'അതേ... മകളുടെ വിവാഹ ജീവിതം തകരാതിരിക്കാന്‍ മരുമകന്റെ നിര്‍ബന്ധ ബുദ്ധിക്ക് അനുസൃതമായി നഥാന്റെ ഡിവേഴ്‌സ് ഏത് വിധേനയും നടത്തിയെടുക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. അല്ലേ? നിങ്ങള്‍ ചെയ്തു കൂട്ടിയ എല്ലാ ക്രൈമിനു പിന്നിലും മരുമകന്റെ ഒത്താശ ക്ലിയര്‍ ആണ്. എല്ലാ കാര്യവും നിങ്ങളെ കൊണ്ട് അവന്‍ നടപ്പാക്കുന്നു. അവന്റെ സൂത്രപ്പണികള്‍ നടപ്പാക്കുന്ന യന്ത്രം മാത്രമാണ് നിങ്ങള്‍. എന്തിന് വേണ്ടി? എന്താണ് ഇതിലെ അവന്റെ നേട്ടം? അതങ്ങ് തുറന്ന് പറഞ്ഞേക്ക്. അതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.'

That dark story is the beginning of the real story...!

(തുടരും)

അനിത അമ്മാനത്ത്: മലയാളത്തിലും ഇംഗ്ലീഷിലുമായി ഏഴ് കഥ-കവിതാ സമാഹാരങ്ങളില്‍ എഴുതിയിട്ടുണ്ട്. ഡി.സി ബുക്‌സ് വായനാ വാരാഘോഷം-2023 ലെ ബുക് റിവ്യു മത്സര വിജയി. 1111 സ്വന്തം തത്വചിന്ത ഉദ്ധരണികള്‍ തുടര്‍ച്ചയായ 11 ദിവസങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച് പുതിയ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ടൈറ്റില്‍ റെക്കോര്‍ഡ് സെറ്റ് ചെയ്തു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക പുരസ്‌കാര ജൂറി അവാര്‍ഡ്, ഗാര്‍ഗി മാധ്യമ കൂട്ടായ്മയുടെ മാധവിക്കുട്ടി സ്മാരക ജൂറി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനിത അമ്മാനത്ത്

Writer

Similar News

അടുക്കള
Dummy Life