ചില്ലു ഗ്ലാസുകള്‍

| കവിത

Update: 2023-07-24 10:16 GMT
Advertising

പൊടുന്നന്നെ

ഉടച്ചു കളയാവുന്ന

ചില്ലു ഗ്ലാസിലാണ്

അവള്‍

എന്നെ

സൂക്ഷിച്ചിരിക്കുന്നത്.

എന്നും പുലര്‍ച്ചെ

ഉടഞ്ഞുപോയ

ചില്ലു കഷ്ണങ്ങള്‍

ശ്രദ്ധയോടെ

പെറുക്കിയെടുത്ത്

ദൂരേക്ക് കളയും.

വീണ്ടും

പുതിയതൊന്ന്,

ആരും

തിരിച്ചറിയാത്തതുപോലെ

ആ സ്ഥാനത്ത്

ഉറപ്പിച്ചിരുത്തും.

പരിക്കുപറ്റി കിടക്കുന്ന

അവയങ്ങള്‍

കഴുകി തുടച്ച്

കൃത്യമായ സ്ഥലങ്ങളില്‍

ചേര്‍ത്തൊട്ടിച്ച്

ആ പുതിയ

ചില്ലു ഗ്ലാസിലേക്ക്

വീണ്ടുമവളെന്നെ

ഇറക്കി വെയ്ക്കും.

പിന്നെ

ചിരിച്ചു കൊണ്ട്

അന്നം തരും.

ഉച്ചയ്ക്ക്

പാട കെട്ടിയ

വെള്ളത്തെ

അരിപ്പ കൊണ്ട്

തൂത്തുകളയും.

അവള്‍ പാട്ടു പാടും

ഞാനാ വെള്ളത്തില്‍

നീന്തി തുടിക്കും.

വൈകുന്നേരങ്ങളില്‍

അവള്‍

ഗാഢമായ

ചിന്തയിലാവണം.

രാത്രിയുടെ

നേര്‍ത്ത നിശബ്ദതയില്‍

ആരുമറിയാതെ

ചില്ലുഗ്ലാസ് മറിച്ചിട്ടവള്‍

ഉറങ്ങാന്‍ കിടക്കുന്നു.

കട്ടിലിനു താഴെ

ഒരു മുറം,

ഒരു ചൂല്,

ചില്ലു ഗ്ലാസുകള്‍,

വെള്ളം,

പശനിറച്ചൊരു കുപ്പി,

കഴുകി തുടക്കാനൊരു

നീളന്‍ തൂവാല!

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അജേഷ് പി.

Writer

Similar News