കാണുന്നുണ്ടോ?

| കവിത

Update: 2023-01-26 13:32 GMT
Click the Play button to listen to article

ഭൂപടത്തിലേക്കൊന്നു

സൂക്ഷിച്ചു നോക്കൂ

അവരെ കാണാം

സാങ്കല്‍പ്പിക അതിരുകളില്‍

ഒട്ടും സങ്കല്പികമല്ലാത്ത

മനുഷ്യപ്പറ്റങ്ങള്‍

അഭയാര്‍ത്ഥികള്‍

കോളനികള്‍

ചേരികള്‍

ലയങ്ങള്‍

അവര്‍ക്കിടയില്‍

അണക്കെട്ടുകളെ

ആണവനിലയങ്ങളെ

അതിവേഗതകളെ

എഴുന്നുനില്‍ക്കും പ്രതിമകളെ

കെട്ടിടങ്ങളെ

എല്‍ഇഡി വെളിച്ചങ്ങളെ

മായ്ച്ചു നോക്കൂ


നഗരമധ്യത്തിലോവുചാലുപോല്‍

കെട്ടിക്കിടക്കുന്ന മനുഷ്യരെ കാണുന്നുണ്ടോ?

കൂട്ടയടക്കലിന് തയാറായി നില്‍ക്കുന്ന

ആള്‍ക്കൂട്ടത്തിനു ചുറ്റും

വരച്ചു നോക്കൂ,

ഓഷ്വിറ്റ്‌സിന്റെ

ഗേറ്റോയുടെ

ബെര്‍ലിന്റെ

വാഗണുകളുടെ

ജാലിയന്‍ വാലാബാഗുകളുടെ

സെര്‍ബിയന്‍ കാലിവണ്ടികളുടെ

ചതുരങ്ങള്‍

വെറിപിടിച്ച മനുഷ്യമുഖങ്ങളില്‍

വെച്ചു നോക്കൂ

കറുത്തമഷിയാല്‍ കുറിമീശ

നിക്ഷേപ-വികസന

കോര്‍പറേറ്റു കമ്പനികള്‍ക്ക്

ഈസ്റ്റിന്ത്യാ എന്ന പേര് വെച്ച് നോക്കൂ

ചിലമനുഷ്യരുടെ

കഴുത്തിലെ

കയ്യിലെ

ചങ്ങലകള്‍

അഗോചരമാവും വിധം

ചെറുതായി മായ്ക്കുക മാത്രമേ അവര്‍ ചെയ്തിട്ടുള്ളൂ

ഒന്നും എവിടെയും പോയിട്ടില്ല

ഒന്നും മാറിയിട്ടില്ല

കാണുന്നുണ്ടോ?


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സിദ്ദിഹ പി എസ്

contributor

Similar News

അടുക്കള
Dummy Life
Behind the scene