ഒരു ജനത കൈകള്‍ നീട്ടുന്നു!

| കവിത

Update: 2023-10-13 08:26 GMT
Advertising
Click the Play button to listen to article

സമാധാനത്തോടെ

അമ്മയുടെ മടിയില്‍

തലചായ്ച്ചുറങ്ങാന്‍

കൊതിച്ചവര്‍ക്കാണ്

നിങ്ങള്‍ തടവറകളില്‍

വീടൊരുക്കിയത്

സന്തോഷത്തോടെ

കളിച്ചുകൊണ്ടിരുന്ന

കുരുന്നുകളുടെ

മൈതാനങ്ങളാണ്

നിങ്ങളുടെ പീരങ്കികള്‍

തീറെഴുതിയെടുത്തത്

പ്രണയത്തോടെ

ചുംബിക്കാനാഞ്ഞ

രാവിന്റെ ചുണ്ടുകളാണ്

നിങ്ങളുടെ വെടിയൊച്ചകളാല്‍

വിറങ്ങലിച്ചു പോയത്


വാത്സല്യത്തോടെ

ചുരത്തേണ്ട

അമ്മിഞ്ഞപ്പാലിലാണ്

നിങ്ങള്‍ ഭയം നിറച്ചത്

തൊട്ടില്‍ മുതല്‍

ശവക്കട്ടില്‍ വരെ

നെറ്റിയിലൊട്ടിച്ചു വെച്ചു

ഞങ്ങളാ പ്രാണഭയം!

ജീവിതമാസ്വദിക്കാന്‍

വിടാതെയാണ്

കൊന്നു കളഞ്ഞത്

ശേഷം, തടവറകള്‍ പോലും

ബുള്‍ഡോസറുകളാല്‍ നിരത്തി

നിങ്ങള്‍ ഗോതമ്പുപാടങ്ങളാക്കി

മണ്ണിനടിയില്‍ നിന്ന്

പുറത്തേക്ക് നീട്ടുന്ന

കൈകളില്‍

ചില്ലകള്‍ മുളയ്ക്കുന്നുണ്ട്

ഇലകൊഴിച്ചവരുടെ

മരണത്തിന്

കൊടുംവേനലാവാന്‍!



 

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സൗദ പൊന്നാനി

Writer

Similar News

അടുക്കള
Dummy Life