മരംകൊത്തികള്‍

| കവിത

Update: 2023-04-24 14:06 GMT
Click the Play button to listen to article

രണ്ട് ദിവസം മുമ്പ് കവലയില്‍ വെച്ച് വെട്ടേറ്റ കവി

ഇന്നലെ വൈകിട്ട് 6.30ന് മരണമടഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍

കീറി മുറിച്ചുള്ള

പരിശോധനയ്‌ക്കൊരുങ്ങി

നഗ്‌നയായി ഒരു കവിത

കവിയെകാത്തു കിടക്കുന്നു

II

മരണ വിവരം

ഇന്നലയേ ഞാന്‍ അറിഞ്ഞിരുന്നു.

ആദരാഞ്ജലികള്‍

അര്‍പ്പിക്കുന്ന തിരക്കില്‍

ഒന്നു വന്നു കാണാനേ കഴിഞ്ഞില്ല

(ക്ഷമിക്കുമല്ലോ?)

കവലകളില്‍

മുഖപുസ്തകത്താളുകളില്‍

നിന്റെ പുഞ്ചിരിക്കുന്ന പൂമുഖം

പൂക്കള്‍ പൊഴിച്ചു കിടക്കുന്നു

മാറി വരുന്ന ഋതുക്കളില്‍

തണുത്തോ വിറങ്ങലിച്ചോ

ഉടുതുണി വലിച്ചെറിഞ്ഞോ

നീ പൊഴിച്ചിട്ട

തൂവലുകള്‍

അരൂപിയായ

ജീവത്തുടിപ്പിന്റെ

വഴുവഴുപ്പായ്.

തെരുവിന്റെ നിബിഢ വനത്തിലിപ്പോള്‍

കൊടിച്ചിപ്പട്ടികള്‍ വട്ടമിട്ട്

കടിച്ച് കീറുന്നു

III

കവിയിപ്പോള്‍

ദൈവസന്നിധിയില്‍

വിചാരണ

കാത്തു കിടക്കുന്നു.

വിനയാന്വിതനായി കവി

ഉപവിഷ്ടനായി ദൈവം

കോടതി കൂടുന്നു.

തെളിവുകള്‍ നിരത്തി കൊലക്കുറ്റം കവി വാദിക്കുന്നു.

ഒരു പറ്റം ആളുകള്‍വെട്ടിയെടുത്ത

മഷി ഊര്‍ന്നു വീഴുന്ന കൈപ്പത്തി!

മറ്റു ചിലര്‍ കുരിശു കൊണ്ട് ചാപ്പകുത്തി

ശബ്ദം നിലച്ചുപോയ ചുണ്ടുകള്‍.

ഒരു കൂട്ടം രാം, രാംവിളിച്ച് തച്ചുടച്ച ചിന്തകള്‍

തിളച്ച് ആവി പാറുന്ന തലയോട്ടി!

സൗമ്യനായി ദൈവം:

'അവരൊക്കെ എന്റെയാളുകളാണ്...

എന്നെ കുറിച്ച് സംസാരിക്കുന്നവര്‍...

എന്നെ വാഴ്ത്തുന്നവര്‍...!

നീയോ...?'

'സാര്‍, ഞാന്‍ മനുഷ്യനെക്കുറിച്ചും, വിശപ്പിനെക്കുറിച്ചും, പ്രണയത്തെക്കുറിച്ചുമാണ് സംസാരിച്ചത്.'

'നിങ്ങള്‍ കവികള്‍ ധിക്കാരികള്‍...'

മരം കൊത്തികളെ നോക്കൂ...

ഒരു കാലത്തെ കവികളായിരുന്നു അവര്‍.

നിഷേധികള്‍

ദൈവം ശിക്ഷ വിധിച്ചു.!

ഏകാന്തതയുടെ നെരിപ്പോടില്‍ കവി മരംകൊത്തിയായി മരംകൊത്തി കൊണ്ടേയിരുന്നു.

അസ്വസ്ഥതകളില്‍ ആവിഷ്‌ക്കരിക്കാന്‍ ഭാഷ നഷ്ടപ്പെട്ടുപോയവന്റെ

ഒരോ കൊത്തും

എത്ര തീവ്രമാണ്..?

മരംകൊത്തികള്‍

പച്ചമരങ്ങളെ

കൊത്തിക്കൊത്തി

പഴുപ്പിച്ചെടുക്കുന്നു.

ലിപിയില്ലെങ്കിലും ഒരു കവിത മെനഞ്ഞെടുക്കാന്‍

ഒരു കവിക്കല്ലാതെ

മറ്റാര്‍ക്കാണാവുക...?


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - യഹിയാ മുഹമ്മദ്

Poet

Similar News

അടുക്കള
Dummy Life
Behind the scene