വരും, വരാതിരിക്കില്ല

| കഥ

Update: 2024-01-05 13:12 GMT
Advertising
Click the Play button to listen to article

മഴമാറി മാനം തെളിഞ്ഞ ആകാശം നോക്കി രാവിലെതന്നെ കാത്തുമോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

'കാത്തൂന്റച്ഛന്‍ വരുമല്ലോ..

കാത്തൂനെ കാണാന്‍ വരുമല്ലോ'

ചാണകം മെഴുകിയ കയ്യാലപുരയില്‍ കാലും നീട്ടിയിരുന്ന് മുറുക്കാന്‍ ചാറ് ആഞ്ഞ് തുപ്പിക്കൊണ്ട് നാണി തള്ള കൊഞ്ഞനം കാട്ടി.

'വരും വരും. തള്ളേം മോളും കൂടി കാത്തിരുന്നോ'

ആറ്റിതണുപ്പിച്ച കട്ടന്‍ചായയില്‍ മധുരം ചേര്‍ക്കാന്‍ പഞ്ചസാരയില്ലാന്നും പറഞ്ഞ് അടുക്കളയില്‍ നിന്നും കല്യാണി പിറുപിറുക്കുന്നുണ്ടായിരുന്നു.

'ന്താടി .. നിന്റമ്മയ്ക്ക് ഒരെളക്കം?'

നാണി തള്ള കാത്തുവിനോട് ചോദിച്ചു.

'ചായയ്ക്ക് പഞ്ചാര ഇല്ല. കൊറച്ച് തര്വോ?'

ഇതുകേട്ട് വന്ന കല്ല്യാണി കാത്തുവിനോട് ഒച്ചയിട്ടു.

'എരക്കാണോ നീ. ആരാ നിനക്കിത് പഠിപ്പിച്ച് തന്നത്. ഇനി ആവര്‍ത്തിക്കോ. ആവര്‍ത്തിക്കോ ന്ന്.

കല്യാണി കാത്തുവിനെ തല്ലാനോങ്ങി.

'ഹയ്യാ. എന്താ അവള്‍ടെ ഒരിളക്കം.

കെട്ടിയോനില്ലാത്ത പേരുംപറഞ്ഞ് കണ്ട പീടികയില്‍നിന്നും കടമാണെന്ന് പറഞ്ഞ് വാങ്ങി തിന്നുന്നുണ്ടല്ലോ.

ഹാ. കടമാണോന്ന് ആര്‍ക്കറിയാം.

ചോദിക്കാനും പറയാനും ആണൊരുത്തന്‍ ആറേഴ് കൊല്ലായില്ലേ നാട്ടില്‍ വരാതെ പേര്‍ഷ്യയില്‍ സുഖിച്ച് കഴിയുന്ന്. ഓന് പോലും ഇവളെ കൈയ്യൊഴിഞ്ഞ മട്ടാ.

മൂധേവി. നാശം പിടിച്ചവള്.

വെറ്റില ചെല്ലത്തില്‍ നിന്നും ഒരു കീറ് വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് നാണി തള്ള വായിലേക്ക് തിരുകി കയറ്റി.

മധുരമില്ലാത്ത കട്ടന്‍ചായ ഒറ്റവലിക്ക് കുടിച്ച് തീര്‍ത്ത് കാത്തു അമ്മയെ നോക്കി പുഞ്ചിരിച്ചു.

'അച്ഛന്‍ വരും കാത്തൂനെ കാണാന്‍ കാത്തൂന്റെ അച്ഛന്‍ ഒറപ്പായും വരും'

കാത്തുമോള് ചിണുങ്ങി.

സങ്കടത്തോടെ ദൂരേയ്ക്ക് നോക്കിയിരിക്കുന്ന മകളെ നോക്കി കല്യാണി ഏങ്ങിപ്പോയി.  


അകത്തെ കട്ടിലിനടിയിലെ പഴകിയ ഒരു പെട്ടിവലിച്ച് കല്ല്യാണിയത് തുറന്ന് നോക്കി. അതില്‍ അഞ്ച് വര്‍ഷം മുമ്പ് വേണുവേട്ടന്‍ പേര്‍ഷ്യയിലെ ജയിലില്‍ നിന്നും അവസാനമായി തനിക്കെഴുതിയ

ആ കത്ത് അവള്‍ ഒന്നൂടെ വായിച്ചു.

'കല്യാണീ. നമ്മുടെ കുഞ്ഞിനെ നോക്കിക്കോളണേ.

അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്യാത്ത എനിക്ക്, ഇവിടെ ഈ കാരാഗ്രഹത്തില്‍ നിന്നും ഒരു മോചനം കിട്ടിയാല്‍ ഉടനെ ഞാന്‍ വരും. എന്റെ കല്യാണിയേം മോളേം കാണാന്‍. അതുവരെ കാത്തിരിക്കണേ. ഞാനിതിനുള്ളിലാണെന്ന് നീ അല്ലാതെ മറ്റാരും അറിയരുതേ. അറിഞ്ഞാല്‍ പിന്നെ..

എന്ന് നിന്റെ വേണുവേട്ടന്‍.

കത്ത് വായിച്ചതും കല്യാണിയുടെ സര്‍വ്വ നിയന്ത്രണവും തെറ്റി. അവള്‍ ഉറക്കെ കരഞ്ഞു. തേക്കാത്ത ആ നാലു ചുമരിനുള്ളില്‍ ആ നിലവിളി തട്ടി നിന്നു. ഒരു കുഞ്ഞു കൈ തലോടല്‍ അറിഞ്ഞതും കല്യാണി പെട്ടെന്ന് മുഖം തുടച്ചു.

'കരയല്ലമ്മാ. മാനം തെളിഞ്ഞൂലോ.

ഇനി കാത്തൂന്റച്ഛന്‍ വരും.

കാത്തൂന്റമ്മ കരയണ്ടട്ടാ'

കുഞ്ഞി കൈ കൊണ്ട് കല്യാണിയുടെ കവിളില്‍ തലോടി കൊണ്ട് കാത്തു ഒരു മുത്തം നല്‍കി.

തന്നേക്കാളേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മകളെ നോക്കി കല്യാണി മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.

'വരും... വരാതിരിക്കില്ല'. 



 

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സെറീന ഉമ്മു സമാന്‍

Writer

Similar News

അടുക്കള
Dummy Life