ത്രിദന്‍ ജ്യോതി ഗുഹയിലെ രഹസ്യകലവറ

വീര്‍സാല്‍ - നോവല്‍ | അധ്യായം 12

Update: 2023-09-30 17:21 GMT
Advertising
Click the Play button to listen to article

ഒരു ഉര്‍ദു ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറേയും കൊണ്ടാണ് പിറ്റേ ദിവസം രാവിലെ ദമന്‍ജീത് എന്റെ അടുത്തു വന്നത്. എന്താണ് ദമന്‍ ജീത്തിന്റെ ഉദ്ദേശമെന്നു എനിക്കാദ്യം മനസ്സിലായില്ല. ഞങ്ങള്‍ പഴയ ആള്‍ക്കാരുടെ ബുദ്ധി നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പമൊന്നും ഓടിത്തുടങ്ങിയിട്ടില്ല. ദമന്‍ജീത് പുതിയ തലമുറയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്. അവന്‍ എപ്പോഴും അപ്‌ഡേറ്റഡ് ആണ്. ഞാനീ ചെറിയ ഫോണും കൊണ്ട് നടക്കുമ്പോള്‍ അവന്‍ മാര്‍ക്കെറ്റിലിറങ്ങിയ പുതിയ തരം ഫോണുകള്‍ ഉപയോഗിക്കുന്നു. ഞാന്‍ പത്രവും വായിച്ചിരിക്കുമ്പോള്‍ അവന്‍ ഫോണിലെ വീഡിയോകള്‍ വഴി വാര്‍ത്തകള്‍ കേള്‍ക്കുന്നു. ഞാന്‍ അയല്‍പക്കക്കാരോട് സംസാരിച്ചിരിക്കുമ്പോള്‍ അവന്‍ അന്യദേശത്തുള്ള അവന്റെ സുഹൃത്തുക്കളോടു സംവദിക്കുന്നു. സ്‌കൂളില്‍ ഒപ്പം പഠിച്ച സഹപാഠികളെക്കണ്ടെത്തി പരിചയം പുതുക്കുന്നു. അതെങ്ങനെയെന്നു ആലോചിച്ചിരിക്കെയാണ് ഞാന്‍ അവനോട് ഖാലിദിനെ നമുക്ക് അങ്ങനെയൊന്ന് കണ്ടെത്തിയാലോ എന്ന് ചോദിച്ചത്. കേള്‍ക്കേണ്ട താമസം അവന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഖാലിദിനെ അന്വേഷിച്ചുതുടങ്ങി. ഖാലിദ് അമനേ, ഖാലിദ് ഖബീര്‍, ഖാലിദ് ഖാന്‍ എന്നിങ്ങനെ നിരവധി അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും നമ്മുടെ ഖാലിദിനെ മാത്രം കണ്ടില്ല. അതിനു ശേഷമാണ് ദമന്‍ജീത് ഈ റിപ്പോര്‍ട്ടറേയും കൊണ്ട് എന്റെ അടുത്തെത്തിയത്.

നീട്ടി വളര്‍ത്തിയ താടിയും തവിട്ടു നിറത്തിലുള്ള ജുബ്ബയും. തോളിലൊരു തുണിസഞ്ചിയും കയ്യിലെ വലിയ ക്യാമറയും. ഇതായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍, എന്റെ സങ്കല്‍പ്പങ്ങളേയെല്ലാം തകിടം മറിച്ചു കൊണ്ട് ജീന്‍സു ധരിച്ച ഒരു പയ്യന്‍ എന്റെ മുന്നില്‍ വന്നു നിന്നു.

''ടെല്‍ മീ എബൗട്ട് യുവര്‍ ബ്രദര്‍,'' അവന്‍ ഫോണ്‍ പുറത്തെടുത്തു കൊണ്ട് ചോദിച്ചു. പണ്ട് പേനയും കടലാസും ചെയ്ത ജോലിയും കൂടി ഇപ്പോള്‍ ഫോണാണല്ലോ ചെയ്യുന്നത്. ഞാനെനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞെങ്കിലും അവന് തൃപ്തിയാകുന്നുണ്ടായിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി അവന്‍ ചോദ്യശരങ്ങളെയ്തു കൊണ്ടേയിരുന്നു.

ചിലപ്പോള്‍ ദമന്‍ജീത്തും എന്റെ സഹായത്തിനെത്തി. ഖാലിദിനെ കണ്ടു പിടിക്കാനായാല്‍ ഞങ്ങളെ വെച്ച് ഒരു സ്റ്റോറി ചെയ്യാനുള്ള അനുവാദവും വാങ്ങിയിട്ടാണ് അവന്‍ സ്ഥലം വിട്ടത്.

എനിക്കാ പയ്യന്റെ വാക്കുകളിലൊന്നും അത്ര വിശ്വാസം തോന്നിയില്ലെങ്കിലും എത്രയും പെട്ടന്ന് നമ്മള്‍ അവനെ കണ്ടു പിടിക്കും എന്നാണ് ദമന്‍ എന്നോട് പറഞ്ഞത്. അതില്‍ തുളുമ്പുന്ന ആത്മവിശ്വാസം എന്നേയും ഉത്സാഹവാനാക്കി.

അധികം വൈകാതെത്തന്നെ ഞങ്ങള്‍ ത്രിദന്‍ ജ്യോതി ഗുഹ സന്ദര്‍ശിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി അതിനു ചുറ്റും നിറയെ കാട്ടു ചെടികള്‍ വളര്‍ന്നു നിന്നിരുന്നു. അതെല്ലാം പറിച്ചു കളഞ്ഞു ഗുഹക്കകത്തു കടക്കാന്‍ തന്നെ ഒന്നൊന്നര മണിക്കൂറെടുത്തു. ഗുഹക്കുള്ളിലും നിറയെ ഉണങ്ങിയ ഇലകളും പുല്ലുമായിരുന്നു. നിലത്തുള്ള കല്ലുകള്‍ക്ക് നല്ല തണുപ്പുണ്ടായിരുന്നു. അകത്തേക്കു കടക്കുന്തോറും വെള്ളത്തിന്റെ താളത്തിലുള്ള ശബ്ദം ഞങ്ങളെത്തേടി വന്നു. അടുത്തെവിടെയോ ഒരു കിണറോ പൊയ്കയോ കുളമോ കാണുമെന്നു ദമന്‍ജീത് അഭിപ്രായപ്പെട്ടു. ഗുഹക്കകത്തെ നിശ്ശബ്ദത ഭയാനകമായിരുന്നു. ഓരോ ചുവടുവെക്കുമ്പോഴും ഇരുട്ടിന്റെ കനം കൂടി വരുന്നത് പോലെത്തോന്നി. ഒന്ന് രണ്ടു തവണ ഞങ്ങള്‍ എന്തോ ശബ്ദം കേട്ടു പുറകിലേക്ക് നോക്കി. അത് ഗുഹക്കകത്തെ പ്രത്യേകതയാണ് എന്ന് അല്‍പസമയത്തിനുള്ളില്‍ മനസ്സിലായി. അകത്തെ ചെറു ചലനങ്ങളെ വരെ പ്രതിധ്വനിക്കുന്ന ചുവരുകള്‍. ആ പരിസരത്തോട് പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കും.

ദമന്‍ജീത് തന്റെ ഫോണിലെ വെളിച്ചം തെളിച്ചു. കാലങ്ങളായി വെളിച്ചം കാണാത്ത ചെറു പ്രാണികള്‍ നാനാ ഭാഗത്തു നിന്നും പൊങ്ങി വന്നു. ചിലതു ചാടിക്കൊണ്ടേയിരുന്നു. മറ്റു ചിലതു പറന്നുകൊണ്ടേയിരുന്നു. ഗുഹയുടെ പരുപരുത്ത ചുമരുകള്‍ വരെ ഒന്ന് പിന്നോട്ടാഞ്ഞത് പോലെത്തോന്നി. ഞങ്ങളുടെ കണ്ണുകളും നിലയുറപ്പിക്കാനായി ബദ്ധപ്പെടുന്നുണ്ടായിരുന്നു.

''ഇവിടെ എവിടെയായിരിക്കും ബാബയുടെ എഴുത്ത്?'' ദമന്‍ ജീത്തിന്റെ ശബ്ദം എന്റെ ചെവിക്കല്ലില്‍ത്തട്ടി വിഘടിച്ചു. പിന്നെ, ചിന്നിച്ചിതറി. ശേഷം ഒരു തേനീച്ചയെപ്പോലെ എന്റെ ചെവിക്കു ചുറ്റും വട്ടമിട്ടു പറന്നു. എന്റെ മുഖഭാവം ശ്രദ്ധിച്ചിട്ടെന്നോണം ദമന്‍ജീത് ഏതോ ഒരു ഭാഗത്തേക്കു ചൂണ്ടികാണിച്ചു. ഞാന്‍ പതിയെ ആ ഭാഗത്തേക്കു നടന്നു. രണ്ടടി വെച്ചപ്പോള്‍ ദമന്‍ജീത്തിനു കുനിഞ്ഞു നടക്കേണ്ടി വന്നു. ഗുഹയുടെ ഉയരം കുറയുകയാണെന്ന് മനസ്സിലായി. ഞാന്‍ ദമന്‍ ജീത്തിന്റെ ഫോണിലെ വെളിച്ചത്തില്‍ ദൃഷ്ടി പതിപ്പിക്കാന്‍ ശ്രമിച്ചു. അതിങ്ങനെ മിന്നാമിനുങ്ങിനെപ്പോലെ ചുവരില്‍ത്തട്ടി എന്റെ കണ്ണിനെ മഞ്ഞളിപ്പിച്ചു.

ഓരോ നിമിഷവും ഓരോ യുഗങ്ങളായെനിക്ക് തോന്നി. അമര്‍നാഥ് ബാബ എങ്ങനെ ഇവിടെ വെച്ച് കൊല്ലപ്പെട്ടു? ശത്രുക്കള്‍ ഇവിടെ ഒളിച്ചിരുന്നതാകുമോ? ഇപ്പോഴും ഒളിച്ചിരിപ്പുണ്ടാകുമോ? എന്റെ ശരീരത്തിലൂടെ ഭയം അരിച്ചിറങ്ങി. ഇത് തങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദിനമായിരിക്കുമോ? അങ്ങനെയെങ്കില്‍ മായേ ആരു നോക്കും? താന്‍ മരിച്ചെന്നറിഞ്ഞാല്‍ മാ കരയുമോ? അതോ മറവിയുടെ മൂടുപടം മരണമെന്തെന്നു തന്നെ മായെ വിസ്മരിപ്പിച്ചിട്ടുണ്ടാകുമോ? എനിക്കു ദമന്‍ ജീത്തിനെ വിളിക്കണമെന്ന് തോന്നി. പക്ഷേ, ശബ്ദം തൊണ്ടയില്‍ കെട്ടി നിന്നു. വായ വല്ലാതെ വരണ്ടണങ്ങുന്നത് ഞാനറിഞ്ഞു. ഞാനവിടെ ഇരുന്നു.

''ഗുല്‍സാര്‍, ഇത് നോക്ക്. ഇതല്ലേ ബാബയുടെ എഴുത്ത്? ചിത്രങ്ങള്‍?'' ദമന്‍ ജീത്തിന്റെ ഉത്സാഹമെന്നെ ഉണര്‍ത്തി.

'' ഇവിടെ കുറെ കല്ലുകളുണ്ട്. ഇത് നോക്ക്, ഗുല്‍സാര്‍. ഇതിലെന്താണെഴുതിയിരിക്കുന്നത്?''

ഞാന്‍ ക്ഷീണം മറന്നു ദമന്‍ജീത്തിന്റെയടുത്തേക്കു നടന്നു. അത് വരെയുണ്ടായിരുന്ന ഭയം എന്നെ വിട്ടകലുന്നത് ഞാനറിഞ്ഞു. ഞങ്ങള്‍ ആ രഹസ്യക്കലവറ കണ്ടു പിടിക്കും. ഖാലിദിനെയും. ഞാനുറക്കെ വിളിച്ചു പറഞ്ഞു. ദമന്‍ജീത് ഒരു പര്‍വ്വതം കീഴിടക്കിയ സന്തോഷത്തിലായിരുന്നു.


ഞാന്‍ ആ വലിയ കല്ലുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. അതവിടെ ഒട്ടിച്ചു വെച്ചത് പോലെത്തോന്നി. ദമന്‍ജീത് തന്റെ കയ്യിലെ ചിത്രം അതിനു മുകളില്‍ വെച്ചു. അത്ഭുതമെന്നു പറയട്ടേ, ദമന്‍ ജീത്തിന്റെ ഫോണിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ അതില്‍ കൊത്തിവെച്ചിരുന്ന ആ ചിത്രം കണ്ടു. പരുന്ത് തന്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ആ ചിത്രം.

അതിനുമുകളില്‍ ഒരു പച്ച വെളിച്ചം കത്തി. ഒരു ബീപ് ശബ്ദവും. ഞങ്ങള്‍ ആശ്ചര്യപൂര്‍വം പരസ്പരം നോക്കി. പ്രാചീനമായ ആ ഗുഹയില്‍ അത്യാധുനിക സജ്ജീകരണങ്ങളാണ്. ഞങ്ങള്‍ ആ രഹസ്യ കലവറ കണ്ടെത്തിയിരിക്കുന്നു. ഗുല്‍സാര്‍ രാജകുടുംബത്തിന്റേതെന്നു കരുതപ്പെടുന്ന രഹസ്യ കലവറ.

(തുടരും)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News

അടുക്കള
Dummy Life
Behind the scene