ഒരു തെരഞ്ഞെടുപ്പിനപ്പുറം ജാമിഅയിലെ വിദ്യാർഥി സമരം ജനാധിപത്യ ശൂന്യതയ്ക്ക് അന്ത്യം കുറിക്കുമോ?
ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും നേതൃത്വത്തെ തെരഞ്ഞെടുക്കാനും കൂടിയുള്ളതാണ് സർവകലാശാലകൾ
വിദ്യാർഥികൾക്ക് പഠിക്കാനുള്ള ഇടം മാത്രമല്ല സർവകലാശാലകൾ. ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും നേതൃത്വത്തെ തെരഞ്ഞെടുക്കാനും കൂടിയുള്ളതാണ്. ആ ഇടങ്ങളിൽ വിദ്യാർഥികളുടെ ശബ്ദത്തിന് വിലയില്ലാതാകുമ്പോൾ നഷ്ടമാകുന്നത് ഒരു തെരഞ്ഞെടുപ്പ് മാത്രമല്ല, ജനാധിപത്യത്തിൽ പങ്കാളികളായി അവരുടെ അവകാശം നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽ മുൻനിരയിലാണ് ഡൽഹി ജാമിഅ മില്ലിഅ ഇസ്ലാമിയ സർവകലാശാല. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി വിദ്യാർഥികളാണ് ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. എന്നാൽ, ഇന്ന് ഈ സർവകലാശാല രാവും പകലും വിദ്യാർഥി സമരച്ചൂടിലാണ്. ഒരു സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം എന്തുകൊണ്ടാണ് ഇത്ര വലിയ പ്രക്ഷോഭമായി മാറുന്നത്? സർവകലാശാലയിൽ ദിവസങ്ങളായി തുടരുന്ന വിദ്യാർഥി സമരം ഉയർത്തുന്ന പ്രധാന ചോദ്യം ഇതാണ്.
ജാമിയയിലെ സമരം ഒരു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മാത്രമായി ചുരുക്കാനാവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾക്കും അവകാശങ്ങൾക്കും എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന ചോദ്യവും ഈ പ്രക്ഷോഭം ഉയർത്തുന്നു.
സർവകലാശാലകളിൽ വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും നയപരമായ തീരുമാനങ്ങളിൽ അഭിപ്രായം അറിയിക്കാനും ജനാധിപത്യപരമായ വേദികൾ ആവശ്യമാണ്. അതേസമയം, അക്കാദമിക പ്രവർത്തനങ്ങൾ തടസ്സപ്പെടാതെയും സമാധാനപരമായ അന്തരീക്ഷം നിലനിർത്തിയും പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുമുണ്ട്.
ഏകദേശം രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന തികച്ചും ന്യായമായ ആവശ്യവുമായി ആരംഭിച്ച പ്രക്ഷോഭം, ഇപ്പോൾ വിദ്യാർഥി ജനാധിപത്യം, സർവകലാശാലയുടെ ഉത്തരവാദിത്വം, പ്രതിഷേധിക്കാനുള്ള അവകാശം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഈ മാസം 12-ന് ഏതാനും വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം പിന്നീട് കൂടുതൽ വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഔദ്യോഗിക അറിയിപ്പ്, അച്ചടക്ക നടപടികളുടെ പിൻവലിക്കൽ, പ്രതിഷേധത്തിനിടെയുണ്ടായ സുരക്ഷാ ജീവനക്കാരുടെ നടപടികളിൽ അന്വേഷണം തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന്റെ കേന്ദ്രബിന്ദു. തെരഞ്ഞെടുപ്പ് നടത്താമെന്ന് സർവകലാശാല ഉത്തരവിറക്കിയെങ്കിലും അതുകൊണ്ടുമാത്രം പ്രതിഷേധം തണുപ്പിക്കാൻ സർവകലാശാലയ്ക്കായില്ല.
തെരഞ്ഞെടുപ്പില്ലാത്ത രണ്ട് പതിറ്റാണ്ട്
ജാമിഅ മില്ലിയ ഇസ്ലാമിയയിൽ അവസാനമായി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത് 2005-ലാണ്. 2006 മാർച്ച് 31-ന് തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ പിരിച്ചുവിട്ടതോടെ സർവകലാശാലയിൽ കേന്ദ്രതലത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി സംഘടന ഇല്ലാതായി. പിന്നീട് നിരന്തരം വിദ്യാർഥികൾ ആവശ്യം ഉന്നയിച്ചെങ്കിലും സർവകലാശാല അംഗീകരിച്ചില്ല.
ഒരു സർവകലാശാലയിൽ വിദ്യാർഥി പ്രതിനിധാനം ക്ലാസ് മുറികളിലോ പഠനവിഭാഗങ്ങളിലോ മാത്രം ഒതുങ്ങേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ വീണ്ടും ഉയരുന്നത്. ഹോസ്റ്റൽ സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ, ഗവേഷണ സ്റ്റൈപ്പൻഡുകൾ, ഹാജർനിബന്ധനകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സർവകലാശാലയുടെ വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളെ ഒരുപോലെ ബാധിക്കുന്നവയാണ്. ഇത്തരം വിഷയങ്ങൾ കൂട്ടായി ഉന്നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട യൂണിയന് സാധിക്കും. അതിനാലാണ് ജാമിയയ്ക്ക് തൊട്ടടുത്തുള്ള ജെഎൻയുവിലും ഡൽഹി സർവകലാശാലയിലും കൃത്യമായി തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.
വ്യക്തമായ സമയക്രമം വേണം
പ്രക്ഷോഭത്തിന്റെ സമ്മർദത്തെ തുടർന്ന് സർവകലാശാലാ യൂണിയന്റെ ഭരണഘടന തയ്യാറാക്കുന്നതിനായി സമിതിയെ നിയോഗിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഉത്തരവിലുള്ളത്. സമരകാലത്ത് വിദ്യാർഥികൾക്കെതിരെ നൽകിയ സസ്പെൻഷൻ, കാരണം കാണിക്കൽ നോട്ടീസുകൾ എന്നിവ പിൻവലിക്കുമെന്നും സുരക്ഷാ ജീവനക്കാരുടെ നടപടികൾ പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു. ഇത് വിദ്യാർഥികളുടെ സമരത്തിന് ലഭിച്ച പ്രധാനപ്പെട്ട ഒരു നേട്ടമാണ്. എന്നാൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുന്നതും തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പാക്കുന്നതും രണ്ടാണ്. ഇതാണ് വിദ്യാർഥികളെ വീണ്ടും സമരം തുടരാൻ നിർബന്ധിതരാക്കിയത്.
ഭരണഘടനയ്ക്ക് അംഗീകാരം നൽകുന്ന തീയതി വ്യക്തമല്ലെങ്കിൽ, അതിനുശേഷമുള്ള 15 ദിവസത്തെ സമയപരിധിക്ക് പ്രായോഗികമായ അർത്ഥം പരിമിതപ്പെടും. അംഗീകാരത്തിനുള്ള സമയക്രമം പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പ് വീണ്ടും നീണ്ടുപോകാനുള്ള സാധ്യത നിലനിർത്തുന്നുവെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആശങ്ക. അതുകൊണ്ടാണ് ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിനുശേഷവും സമരം അവസാനിക്കാതിരുന്നത്. ചീഫ് ഇലക്ഷൻ ഓഫീസറെ നിയമിക്കുക, തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിനും സമയപരിധി നിശ്ചയിക്കുക, വിദ്യാർഥി പ്രതിനിധാനത്തിന്റെ കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകുക, പ്രോക്റ്റർക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നത്.
പ്രതിഷേധത്തിനുള്ള ഇടം വേണം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കവും അക്കാദമിക അന്തരീക്ഷവും സംരക്ഷിക്കേണ്ടത് സർവകലാശാല അധികൃതരുടെ ഉത്തരവാദിത്വമാണ്. എന്നാൽ സമാധാനപരമായ പ്രതിഷേധത്തിനുള്ള ഇടം ഉറപ്പാക്കുന്നതും അത്രതന്നെ പ്രധാനമാണ്. ഇവിടെ നിർണായകമാകുന്നത്, വിദ്യാർഥികളുടെ ആവശ്യങ്ങളോട് ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്. തെരഞ്ഞെടുപ്പ് പോലുള്ള അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വ്യക്തമായ നടപടിക്രമം നൽകുന്നതിനുപകരം, സമരത്തിന്റെ നിയന്ത്രണത്തിലും അച്ചടക്ക നടപടികളിലും മാത്രം ഊന്നൽ നൽകുന്നുവെന്ന തോന്നൽ വിദ്യാർഥികളിൽ ശക്തിപ്പെട്ടാൽ സംഘർഷം നീണ്ടുപോകും.
ജാമിഅയിലെ സമരത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അലിഗഢ് മുസ്ലിം സർവകലാശാലയിലും വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനരാരംഭിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. അവിടത്തെ സമരത്തിനുശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമുണ്ടായതും ജാമിയയിലെ വിദ്യാർഥികൾക്ക് പ്രചോദനമായി. ജാസിം ഖാൻ, എബിൻ ബാസിൽ, രിഹാൻ ഖാൻ, രിഹാൻ ഹൈദർ, രിദ തുടങ്ങിയ വിദ്യാർഥികളാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നിരാഹാരത്തിൽ. വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയ എംപിമാരായ മുഹിബ്ബുല്ല നദ്വിയെയും ഇമ്രാൻ മസൂദിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് എന്തിന്റെ പേരിലെന്ന് ഇപ്പോഴും അവ്യക്തമാണ്.