ജീവിതം, ലഹരി, മരണം; 'ബ്രേക്കിങ് ബാഡ്' എന്ന ഉന്മാദികളുടെ ലോകം

ന്യൂയോര്‍ക് ടൈംസ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സീരീസ് ആയി തിരഞ്ഞെടുത്തത് വിന്‍സ് ഗില്ലിഗനും ടോം ഷ്‌നൗട്‌സും ചേര്‍ന്ന് രൂപപ്പെടുത്തിയ ബ്രേക്കിങ് ബാഡിനെയാണ്. കലാകാരന്മാര്‍ പ്രേക്ഷകര്‍ നിരൂപകര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഈ നേട്ടം ബ്രേക്കിങ് ബാഡിലെത്തിയത്

Update: 2026-10-17 08:17 GMT

വര്‍ഷം 2004, ന്യൂയോര്‍ക് ഫിലിം സ്‌കൂളില്‍ സഹപാഠികളും സുഹൃത്തുക്കളും സര്‍വ്വോപരി തൊഴില്‍രഹിതരുമായ രണ്ട് യുവാക്കള്‍ ഒരു സയാഹനത്തില്‍ പരസ്പരം ഫോണില്‍ സംസാരിക്കുകയായിരുന്നു. അവരില്‍ ഒരാള്‍ വിന്‍സ് ഗില്ലിഗന്‍, മറ്റേയാള്‍ ടോം ഷ്‌നൗട്‌സ്. അവരിരുവരും നേരത്തേ 'എക്‌സ് ഫയല്‍സ്' എന്ന സയന്‍സ് ഫിക്ഷന്‍ ഡ്രാമ സീരീസില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. നിലവില്‍ രണ്ടുപേരും പണിയൊന്നും ഇല്ലാതിരിക്കുകയാണ്. ഒരുമിച്ചുള്ള ഫോണ്‍ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഇനി എന്താ പരിപാടി എന്ന് വിന്‍സ് ടോമിനോട് ചോദിക്കുന്നു. കുറച്ചുനാളായി കയ്യില്‍ നയാ പൈസയോ മുന്നില്‍ പ്രതീക്ഷയോ ഇല്ലാതിരുന്നതിന്റെ ചെടിപ്പില്‍ ടോം വിന്‍സിനോട് ഒരു തമാശ പറയുന്നു. നമ്മുക്കൊരു കാര്യം ചെയ്യാം. ഒരു ആര്‍.വി വാടകയ്‌ക്കെടുത്ത് അമേരിക്കയിലൂടെ ഒന്ന് കറങ്ങാം. അതിന് പണം വേണ്ടേ എന്നായി വിന്‍സ്. ആര്‍.വിയില്‍ ഒരു കെമിസ്ട്രി ലാബ് സെറ്റ് ചെയ്ത് മെതാംഫെറ്റാമിന്‍ കുക്ക് ചെയ്ത് വിറ്റ് പണമുണ്ടാക്കാം എന്നായി ടോം. ക്രിമിനല്‍ എന്നതിനേക്കാള്‍ കൂടുതല്‍ ക്രിയേറ്റീവായ വിന്‍സിന്റെ തലയിലൂടെ ഒരു കൊള്ളിയാന്‍ മിന്നി.

Advertising
Advertising

ഗതികേടില്‍ തന്റെ കൂട്ടുകാരന്‍ പറഞ്ഞ തമാശ ഒരാശയമായാണ് വിന്‍സ് ഗില്ലിഗന് തോന്നിയത്. ഈ ആശയം എന്തുകൊണ്ട് ഒരു ഡ്രാമ സീരീസ് ആക്കിക്കൂടാ എന്ന് ചിന്തിച്ചു വിന്‍സ്. പിന്നെ നടന്നത് ചരിത്രമാണ്. ന്യൂയോര്‍ക് ടൈംസ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സീരീസ് ആയി തിരഞ്ഞെടുത്തത് വിന്‍സ് ഗില്ലിഗനും ടോം ഷ്‌നൗട്‌സും ചേര്‍ന്ന് രൂപപ്പെടുത്തിയ ബ്രേക്കിങ് ബാഡിനെയാണ്. കലാകാരന്മാര്‍ പ്രേക്ഷകര്‍ നിരൂപകര്‍ എന്നിവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഈ നേട്ടം ബ്രേക്കിങ് ബാഡിലെത്തിയത്.

 ബ്രേക്കിങ് ബാഡ്: കഥാസാരം

അമേരിക്കയിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ആല്‍ബകുര്‍ക്കി നഗരത്തിലാണീ കഥ നടക്കുന്നത്. വാള്‍ട്ടര്‍ വൈറ്റ് എന്ന കെമിസ്ട്രി ഹൈസ്‌കൂള്‍ അധ്യാപകനാണ് ബ്രേക്കിങ് ബാഡിലെ പ്രധാന കഥാപാത്രം. മടുപ്പിക്കുന്ന ജീവിതമാണ് വാള്‍ട്ടറിന്റേത്. ഗര്‍ഭിണിയായ ഭാര്യയും കൗമാരത്തിലെത്തിയ ഭിന്നശേഷിക്കാരനായ മകനുമാണ് അദ്ദേഹത്തിനുള്ളത്. വാള്‍ട്ടര്‍ ഒരു കെമിസ്ട്രി ജീനിയസ് ആയിരുന്നു. അദ്ദേഹം ബാല്യകാല സുഹൃത്തുക്കളോടൊപ്പം ആരംഭിച്ച 'ഗ്രേ മാറ്റര്‍' എന്ന കമ്പനി ഇന്ന് ബില്യണ്‍ ഡോളര്‍ ബിസിനസാണ് ചെയ്യുന്നത്. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തുടക്കകാലത്തുതന്നെ ഗ്രേമാറ്ററില്‍ നിന്ന് വാള്‍ട്ടര്‍ പുറത്തുപോവുകയായിരുന്നു. പിന്നീട് ജീവിതത്തില്‍ സക്‌സസ് ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അധ്യാപനത്തെക്കൂടാതെ അല്‍പ്പംകൂടി പണം സമ്പാദിക്കുന്നതിനായി ഒരു കാര്‍ വാഷില്‍ ജോലിചെയ്യുന്നുണ്ട് വാള്‍ട്ടര്‍. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് അയാളുടെ ഭാര്യ അവിചാരിതമായി ഗര്‍ഭിണിയാകുന്നത്. എല്ലാത്തിനും പുറമേ അശനിപാതംപോലെ വാള്‍ട്ടറിനെ തേടി മറ്റൊരു ദുരിതവാര്‍ത്ത കൂടി എത്തുന്നു. മാരകമായ ലങ്‌സ് കാന്‍സര്‍ പിടിയിലാണ് താന്‍, അതും സ്റ്റേജ് നാല്. ഒട്ടും പ്രതീക്ഷാ നിര്‍ഭരമല്ലാത്ത ജീവിതത്തില്‍ വാള്‍ട്ടര്‍ ഒരു സുപ്രധാന തീരുമാനം എടുക്കുന്നതും അതുണ്ടാക്കുന്ന പ്രതിസന്ധികളുമാണ് ബ്രേക്കിങ് ബാഡ് പറയുന്നത്.

വാള്‍ട്ടറിനെക്കൂടാതെ രണ്ട് പ്രധാന കഥാപാത്രങ്ങള്‍ കൂടി ബ്രേക്കിങ് ബാഡിലുണ്ട്. അത് അദ്ദേഹത്തിന്റെ സ്റ്റുഡന്റും പിന്നീട് പാര്‍ട്ടണറുമായ ജെസ്സി പിങ്ക്മാനാണ്. രണ്ടാമത്തെയാള്‍ വാള്‍ട്ടറിന്റെ ഭാര്യാ സഹോദരിയെ വിവാഹം ചെയ്തവകയില്‍ അളിയനായ ഹാങ്ക് ഷ്രേഡര്‍ എന്ന ഡി.ഇ.എ ഏജന്റാണ്.വാള്‍ട്ടര്‍ ഭാര്യ സ്‌കൈലര്‍, മകന്‍ വാള്‍ട്ടര്‍ ജൂനിയര്‍, സ്‌കൈലറിന്റെ അനുജത്തി മറീ, ഭര്‍ത്താവ് ഹാങ്ക് ഷ്രേഡര്‍ എന്നിവര്‍ക്ക് ചുറ്റുമാണ് ബ്രേക്കിങ് ബാഡിന്റെ കഥ വികസിക്കുന്നത്. തന്റെ കെമിസ്ട്രിയിലുള്ള അറിവ് ഉപയോഗിച്ച് അക്കാലത്ത് അമേരിക്കയില്‍ പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന മെതാംഫെറ്റാമിന്‍ (എം.ഡി.എം.എ) എന്ന സിന്തറ്റിക് ഡ്രഗ് ഉണ്ടാക്കാന്‍ വാള്‍ട്ടര്‍ തീരുമാനിക്കുകയാണ്.

ഹെറോയിന്‍, ഹാഷിഷ് എന്നിവയെവച്ച് നോക്കുമ്പോള്‍ വിലകുറഞ്ഞതും കഞ്ചാവിനേക്കാള്‍ ലഹരി തരുന്നതുമായ മെത് അന്ന് പാവങ്ങളുടെ ഇടയിലും യുവാക്കളിലും പ്രചാരം സിദ്ധിച്ച് വരികയായിരുന്നു. ഈ മാര്‍ക്കറ്റിലേക്കാണ് വാള്‍ട്ടര്‍ എന്ന കെമിസ്ട്രി ജീനിയസ് തന്റെ 99 ശതമാനം പരിശുദ്ധിയുള്ള ബ്ലൂ മെത് എന്ന സിഗ്‌നേച്ചര്‍ ഡ്രഗ് ഇറക്കിവിടുന്നത്. വിപണിയെ തീപിടിപ്പിച്ച ബ്ലൂമെത് വാള്‍ട്ടറിന് പണവും ഒപ്പം അപകടവും കൊണ്ടുവരുന്നു. ബ്ലൂമെത് അന്വേഷിച്ച് ഡ്രഗ് കാര്‍ട്ടലും ഒപ്പം ഡി.ഇ.എയും എത്തുന്നതോടെ വാള്‍ട്ടറും പങ്കാളി ജെസ്സി പിങ്ക്മാനും ഉറക്കമില്ലാത്ത രാത്രികളിലേക്കാണ് വഴുതി വീഴുന്നത്. അതുവരെ സമാധാനമുണ്ടായിരുന്ന അവരുടെ ജീവിതത്തില്‍ മരണവും ദുരന്തങ്ങളും പതിവാകുന്നു.

 ബ്രേക്കിങ് ബാഡിനെപറ്റി പറയുമ്പോള്‍ ജെസ്സി പിങ്ക്മാനും ഹാങ്ക് ഷ്രേഡറും കുറച്ചുകൂടി വിശദീകരണം അര്‍ഹിക്കുന്നുണ്ട്. ജെസ്സി ഒരു തലതെറിച്ച പയ്യനാണ്. സ്‌കൂള്‍ പഠനകാലം മുതല്‍ അവന്‍ ലഹരിക്ക് അടിമയാണ്. ഇതുകാരണം സ്വന്തം വീട്ടില്‍ നിന്ന് ബഹിഷ്‌കൃതനുമാണ്. പിന്നീട് അയാള്‍ പണമുണ്ടാക്കാനായി ഒരു മെത് കുക്ക് ആയി മാറുന്നു. അപരിഷ്‌കൃതാമയ രീതിയില്‍ മെതാംഫെറ്റാമിന്‍ കുക്ക് ചെയ്യുന്ന ജെസ്സി അത് വിറ്റാണ് ജീവിക്കുന്നത്. ഹൈസ്‌കൂളില്‍ വാള്‍ട്ടറിന്റെ സ്റ്റുഡന്റ് ആയിരുന്നു അയാള്‍. വാള്‍ട്ടര്‍ ജെസ്സിയെ കൂടെക്കൂട്ടുന്നത് മെത് വില്‍ക്കുന്നതിനുവേണ്ടിയാണ്.

ഇനി ഹാങ്കിലേക്ക് വന്നാല്‍, അയാള്‍ വളരെ തൊഴില്‍ അഭിനിവേശമുള്ള ഒരു പൊലീസുകാരനാണ്. തമാശക്കാരനും വായാടിയും വാള്‍ട്ടറിനേക്കാള്‍ ജീവിതവിജയം നേടിയ ആളുമാണ് ഹാങ്ക്. കുട്ടികളില്ലെങ്കിലും ലാബ് അിസിസ്റ്റന്റ് ആയ ഭാര്യ മറിയുമായി ചേര്‍ന്ന് സന്തോഷപൂര്‍ണ്ണമായാണ് അയാള്‍ ജീവിക്കുന്നത്. അല്‍പ്പം പേടിത്തൊണ്ടനാണ് ഹാങ്ക്. എന്നാലത് അയാള്‍ പുറത്തുകാണിക്കാറില്ല. സ്ഥിരോത്സാഹവും കമ്മിറ്റ്‌മെന്റും സത്യസന്ധതയും ഉള്ള ഹാങ്ക്, ബ്രേക്കിങ് ബാഡിന്റെ ആത്മാവാണ്.

ബ്രേക്കിങ് ബാഡിനെ കള്‍ട്ട് ക്ലാസിക് ആക്കുന്നതിന് കാരണക്കാരായ മൂന്ന് കഥാപാത്രങ്ങള്‍ കൂടി ഉണ്ട്.

ഒന്ന് ഡ്രഗ് കാര്‍ട്ടല്‍ ലീഡറായ ഗുസ്താവോ ഫ്രിംഗ് എന്ന ചിലിയന്‍ അമേരിക്കന്‍ പൗരനാണ്. അസാധാരണനായ ഒരു കുറ്റവാളിയാണ് ഗസ് എന്ന വിളിപ്പേരുള്ള ഗുസ്താവോ. പുറമേക്ക് മാന്യനും 'ലാസ് പോയോസ് ഹെര്‍മാനോട്' എന്ന ഫ്രൈഡ് ചിക്കന്‍ നെറ്റ്‌വര്‍ക്കിന്റെ ഉടമയുമാണ് ഗസ്. എന്നാലിയാള്‍ അപകടകാരിയായ ഒരു ക്രിമിനലാണ്. ചിലിയില്‍ നിന്ന് മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് കടന്ന് 20 വര്‍ഷംകൊണ്ട് നിശ്ശബ്ദമായി ഒരു ഡ്രഗ് കാര്‍ട്ടല്‍ പടുത്തുയര്‍ത്തിയ ആളാണ് ഗസ് ഫ്രിംഗ്. സമൂഹത്തില്‍ മാന്യതയുടെ പ്രതിരൂപമായ ഗസ് കുടില കര്‍മ്മങ്ങളില്‍ പ്രവചനാതീതനാണ്.

രണ്ടാമത്തെ കഥാപാത്രം വയോധികനായ ഒരു റിട്ടയേര്‍ഡ് പൊലീസ് ഓഫീസറാണ്, പേര് മൈക്കല്‍ എഹമാന്‍ഡ്രോട്ട്. ഗുസ്താവോ ഫ്രിംഗിന്റെ വലംകൈയ്യാണ് ഈ പൊലീസുകാരന്‍. കണ്ടാല്‍ പരമമസാധുവെന്ന് തോന്നുന്ന ഒരു വൃദ്ധനാണ് മൈക്. എന്നാല്‍ കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ കൊലപാതകിയും അയാളാണ്. ഇത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന അമ്പരപ്പ് ചില്ലറയല്ല. ചത്ത മീനിന്റേതുപോലുള്ള കണ്ണുകളുള്ള, വാര്‍ദ്ധഖ്യത്തിന്റെ അവശതകള്‍ പുറമേക്ക് പ്രകടിപ്പിക്കാത്ത, കയ്യില്‍ എപ്പോഴും തോക്കുമായി നടക്കുന്ന, ഉന്നം തെറ്റാതെ ആരേയും വെടിവച്ചിടുന്ന മൈക് ഒരസാധാരണ മനുഷ്യനാണ്.

മൂന്നാമത്തെ കഥാപാത്രം സോള്‍ ഗുഡ്മാന്‍ എന്ന അഭിഭാഷകനാണ്. പണത്തിനായി എന്തും ചെയ്യുന്ന ഒരു വൃത്തികെട്ടവനാണ് സോള്‍. ഡ്രഗ് കാര്‍ട്ടലിനുവേണ്ടിയും കള്ളപ്പണക്കാര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന വായാടിയും പേടിത്തൊണ്ടനുമായ ഒരാള്‍. തന്റെ കുരുട്ട് ബുദ്ധിയും സൃഗാലപദ്ധതികളും കൊണ്ട് പ്രേക്ഷകനെ രസിപ്പിക്കുന്ന കഥാപാത്രമാണിത്. ഇവരുംകൂടി ചേരുമ്പോഴാണ് ബ്രേക്കിങ് ബാഡ് ഒരു സമ്പൂര്‍ണ്ണ എപ്പിക് സീരീസ് ആയി മാറുന്നത്. ഗുസ്താവോ ഫ്രിംഗ്, സോള്‍ ഗുഡ്മാന്‍, മൈക്കല്‍ എഹമാന്‍ഡ്രോട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'ബെറ്റര്‍ കാള്‍ സോള്‍' എന്നൊരു സ്പിന്‍ ഓഫ് കൂടി ബ്രേക്കിങ് ബാഡിനുണ്ട്. ഇതും സൃഷ്ടിച്ചത് വിന്‍സ് ഗില്ലിഗനും ടോം ഷ്‌നൗട്‌സും ചേര്‍ന്നാണ്.ബ്രേക്കിങ് ബാഡിനൊപ്പം നിരൂപക പ്രശംസ നേടിയ സീരീസാണിത്.

ബ്രേക്കിങ് ബാഡിന്റെ ഭൂമിക

അമേരിക്കന്‍ സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലാണ് ബ്രേക്കിങ് ബാഡിന്റെ കഥ നടക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ന്യൂ മെക്‌സിക്കോയിലെ ഏറ്റവും വലിയ നഗരമായ ആല്‍ബക്കുര്‍ക്കിയില്‍. ന്യൂ മെക്‌സിക്കോയുടെ ഭൂപ്രകൃതി നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. മരുഭൂമികളാല്‍ സമ്പന്നമാണ് ഈ സംസ്ഥാനം. 15 നാഷനല്‍ പാര്‍ക്കുകളും റെഡ് ഇന്‍ഡ്യന്‍സിന് വേണ്ടിയുള്ള നിരവധി റിസര്‍വേഷനുകളും ഇവിടെയുണ്ട്. ഒരു ഇന്ത്യന്‍ റിസര്‍വേഷനായ 'ഹാജിലിയിലാണ്' ബ്രേക്കിങ് ബാഡിലെ കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പേരുപോലെ തന്നെ മെക്‌സിക്കോയുമായി നേരിട്ട് ബന്ധമുള്ള സ്ഥലമാണിത്. ഏകദേശം 290 കിലോമീറ്റര്‍ അതിര്‍ത്തി ഈ അമേരിക്കന്‍ സംസ്ഥാനവും മെക്‌സിക്കോയും പങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെ മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകളുടെ അമേരിക്കയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഇവിടം. ന്യൂ മെക്‌സിക്കോയുടെ വരണ്ടതും തെളിഞ്ഞതും വിജനവുമായ ഭൂപ്രകൃതിയില്‍ ചിത്രീകരിച്ചിരിക്കുന്നത് ബ്രേക്കിങ് ബാഡിന് പ്രത്യേകമായൊരു അനുഭവ പരിസരമാണ് നല്‍കുന്നത്. തിരക്കേറിയ നഗരത്തിലോ മറ്റോ ഈ കഥ പ്രതിഷ്ടിച്ചാല്‍ ഇപ്പോഴുള്ളതിന്റെ അത്ര വിശ്വസനീയത ലഭിക്കില്ലായിരുന്നു.

ക്രിസ്റ്റൽ ഷിപ്പ്

ബ്രേക്കിങ് ബാഡുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ശ്രദ്ധിച്ചാല്‍ ഒരു റിക്രിയേഷന്‍ വെഹിക്കിള്‍ അഥവാ കാരവന്‍ എല്ലാത്തിലും വരുന്നതായി കാണാം. വിന്‍സ് ഗില്ലിഗനും ടോം ഷ്‌നൗട്‌സും തമ്മില്‍ തമാശക്ക് പറഞ്ഞ കാരവന്‍ റെഫറന്‍സില്‍ നിന്നും വികസിച്ച ആശയമാണ് ഈ ആര്‍.വി. പൊലീസിന്റെ കണ്ണ് വെട്ടിക്കാന്‍ ആര്‍.വിയിലാണ് ആദ്യം വാള്‍ട്ടര്‍ വൈറ്റും ജെസ്സി പിങ്ക്മാനും ക്രിസ്റ്റല്‍ മെത് കുക്ക് ചെയ്യുന്നത്. 1986 മോഡല്‍ ഫ്‌ലീറ്റ് വുഡ് ബൗണ്ടര്‍ എന്ന ആര്‍.വിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിങ് ബാഡ് ആരാധകര്‍ ഇതിനെ ക്രിസ്റ്റല്‍ ഷിപ്പ് എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. ബ്രേക്കിങ് ബാഡിനൊപ്പം അതില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങളും പ്രശസ്തിയിലേക്ക് വന്നിട്ടുണ്ട്. വാള്‍ട്ടര്‍ ഉപയോഗിക്കുന്ന പോണ്ടിയാക് ആസ്‌ടെക് കാര്‍, ജെസ്സിയുടെ ഷെവി മോണ്ടെ കാര്‍ലോ, വാള്‍ട്ടറിന്റെ ഭാര്യ സ്‌കൈലര്‍ വൈറ്റിന്റെ ജീപ്പ് ഗ്രാന്റ് വാഗണീര്‍, ഗസ് ഫ്രിംഗ് ഉപയോഗിക്കുന്ന വോള്‍വോ വി70, ഹാങ്ക് ഷ്രേഡറിന്റെ ജീപ്പ് കമാണ്ടര്‍ എന്നിവയെല്ലാം പിന്നീട് ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു.

അഭിനേതാക്കൾ

പ്രതിഭാധനരായ അഭിനേതാക്കളാല്‍ സമ്പന്നമാണ് ബ്രേക്കിങ് ബാഡ്. വാള്‍ട്ടര്‍ വൈറ്റായി ബ്രയാന്‍ ക്രാന്‍സ്റ്റണ്‍, ജെസ്സി പിങ്ക്മാനായി ആരോണ്‍ പോള്‍, ഹാങ്ക് ഷ്രേഡറായി ഡീന്‍ ജോസഫ് നോറിസ്, ഗസ് ഫ്രിംഗ് ആയി ജിയാന്‍കാരിയോ എസ്പോസിറ്റോ, മൈക്കല്‍ എഹമാന്‍ഡ്രോട്ടായി ജോനാഥന്‍ ബാങ്ക്‌സ്, സ്‌കൈലര്‍ വൈറ്റായി അന്നാ ഗണ്‍, സോള്‍ ഗുഡ്മാനായി ബോബ് ഓഡന്‍കിര്‍ക്, മറീ ഷ്രേഡറായി ബെറ്റ്‌സി ബ്രാന്‍ഡ്റ്റ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സീരീസ് ആയതിനാല്‍തന്നെ ഓരോ കഥാപാത്രവും സമയമെടുത്താണ് വികസിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനങ്ങളില്‍ ഏറ്റവും മികവുറ്റത് ഒരു പക്ഷെ ജെസ്സി പിങ്ക്മാനായി വരുന്ന ആരോണ്‍ പോളിന്റേതായിരിക്കും. ഡ്രഗ് അഡിക്ടും തലതെറിച്ചവനുമായ ജെസ്സിയായി ആരോണ്‍ ജീവിക്കുകയാണിതില്‍.

 മൂന്ന് പ്രധാന സവിശേഷതകൾ

ബ്രേക്കിങ് ബാഡിനെ ഇതിഹാസ സമാനമാക്കുന്നത് അതിന്റെ മൂന്ന് സവിശേഷതകളാണ്. ഏറ്റവും പ്രധാനം കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളുമാണ്. രണ്ടാമത്തേത് കഥാപാത്രങ്ങളുടെ വികാസക്ഷമതയാണ്. ബ്രേക്കിങ് ബാഡിന്റെ ക്രിയേറ്റര്‍ വിന്‍സ് ഗില്ലിഗന്‍ അതിനൊരു കാരണം പറയുന്നുണ്ട്. അതിനുമുമ്പ് വിന്‍സ് ജോലി ചെയ്തതും കണ്ടതുമായ പോപ്പുലര്‍ അമേരിക്കന്‍ സീരീസുകളിലെല്ലാം കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും പ്രായം കൂടില്ലായിരുന്നു. അതുപോലെ തന്നെ അവരുടെ സ്വഭാവത്തില്‍ കാര്യമായൊരു മാറ്റവും ഉണ്ടാകുമായിരുന്നില്ല. ഇതിനെ മനപ്പൂര്‍വ്വം അട്ടിമറിക്കുകയാണ് വിന്‍സ് ചെയ്തത്. മൂന്നാമത്തേത് ഫാമിലി എന്ന അമേരിക്കന്‍ സെന്റിമെന്റ്‌സിനെ നന്നായി ഉപയോഗിക്കുന്ന സീരീസ് ആണ് ബ്രേക്കിങ് ബാഡ് എന്നതാണ്. അമേരിക്കന്‍ വിനോദ വ്യവസായത്തിന്റെ ഏറ്റവും വലിയ അടിയൊഴുക്കുകളിലൊന്ന് ഫാമിലി പാസം എന്ന കുടുംബ സ്‌നേഹമാണ്. ഒരു സമൂഹത്തിന് നഷ്ടപ്പെടുന്നതെന്താണോ അതിനെയാണവര്‍ ഗൃഹാതുരതകളായി മുറുകെ പിടിക്കുക. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം അമേരിക്കക്കാരുടെ വലിയ ആധിയാണ്. ബ്രേക്കിങ് ബാഡ് ഈ ആധികളെ തൃപ്തിപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.നമ്മുക്ക് മേല്‍പ്പറഞ്ഞ ചില സവിശേഷതകളെ വിശദമായി പരിശോധിക്കാം.

1. വൈരുധ്യാത്മക ജീവിതങ്ങൾ:

ബ്രേക്കിങ് ബാഡിനെ ഇതിഹാസ സമാനമാക്കുന്നത് അതിന്റെ മൂന്ന് സവിശേഷതകളാണ്. ഏറ്റവും പ്രധാനം കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘര്‍ഷങ്ങളുമാണ്. രണ്ടാമത്തേത് കഥാപാത്രങ്ങളുടെ വികാസക്ഷമതയാണ്. ബ്രേക്കിങ് ബാഡിന്റെ ക്രിയേറ്റര്‍ വിന്‍സ് ഗില്ലിഗന്‍ അതിനൊരു കാരണം പറയുന്നുണ്ട്. അതിനുമുമ്പ് വിന്‍സ് ജോലി ചെയ്തതും കണ്ടതുമായ പോപ്പുലര്‍ അമേരിക്കന്‍ സീരീസുകളിലെല്ലാം കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും പ്രായം കൂടില്ലായിരുന്നു. അതുപോലെ തന്നെ അവരുടെ സ്വഭാവത്തില്‍ കാര്യമായൊരു മാറ്റവും ഉണ്ടാകുമായിരുന്നില്ല. ഇതിനെ മനപ്പൂര്‍വ്വം അട്ടിമറിക്കുകയാണ് വിന്‍സ് ചെയ്തത്. മൂന്നാമത്തേത് ഫാമിലി എന്ന അമേരിക്കന്‍ സെന്റിമെന്റ്‌സിനെ നന്നായി ഉപയോഗിക്കുന്ന സീരീസ് ആണ് ബ്രേക്കിങ് ബാഡ് എന്നതാണ്. അമേരിക്കന്‍ വിനോദ വ്യവസായത്തിന്റെ ഏറ്റവും വലിയ അടിയൊഴുക്കുകളിലൊന്ന് ഫാമിലി പാസം എന്ന കുടുംബ സ്‌നേഹമാണ്. ഒരു സമൂഹത്തിന് നഷ്ടപ്പെടുന്നതെന്താണോ അതിനെയാണവര്‍ ഗൃഹാതുരതകളായി മുറുകെ പിടിക്കുക. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം അമേരിക്കക്കാരുടെ വലിയ ആധിയാണ്. ബ്രേക്കിങ് ബാഡ് ഈ ആധികളെ തൃപ്തിപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്.നമ്മുക്ക് മേല്‍പ്പറഞ്ഞ ചില സവിശേഷതകളെ വിശദമായി പരിശോധിക്കാം.

2. കഥാപാത്ര പരിണാമം (Character Arc):

ബ്രേക്കിങ് ബാഡിലെ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കുന്ന പരിണാമം അതിപ്രശസ്തമാണ്. അക്കാലത്തിറങ്ങിയ ഫാമിലി ഡ്രാമാ സീരീസുകളില്‍ നിന്ന് വ്യത്യസ്തമാണിത്. വാള്‍ട്ടര്‍ വൈറ്റ് എന്ന മരണാസന്നനും പ്രാരാബ്ധക്കാരനുമായ ഹൈസ്‌കൂള്‍ അധ്യാപകന്‍ ഹെയ്‌സന്‍ബര്‍ഗ് എന്ന മയക്കുമരുന്ന് കിങ്പിന്‍ ആയി മാറുക എന്നതുതന്നെ വലിയൊരു മാറ്റമാണ്. ആദ്യം തോക്ക് കയ്യില്‍ പിടിക്കാന്‍ തന്നെ ഭയപ്പെടുന്ന അയാള്‍ പിന്നീട് ?സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ച് ആളെ കൊല്ലുന്നുണ്ട്. മനുഷ്യത്വത്തിലും ഈ പരിണാമം നമ്മുക്ക് കാണാനാകും. തനിക്കുവേണ്ടി ചുറ്റുമുള്ളവരെ മാനിപ്പുലേറ്റ് ചെയ്യാന്‍ മിടുക്കനാണ് വാള്‍ട്ടര്‍. സീരീസ് അവസാനത്തിലെത്തുമ്പോള്‍ പൈശാചികതയുടെ മൂര്‍ത്തിമത് രൂപമായി അയാള്‍ മാറുന്നു. ഇനി ജെസ്സിയിലേക്ക് വന്നാല്‍ അയാളാണ് ബ്രേക്കിങ് ബാഡിലെ മാനവികതയുടെ അംശം എന്ന് പറയാം. തലതെറിച്ചവനും വഴിയാധാരവുമായ ജെസ്സി അവസാനം നന്മയുടെ കിരണമായി അവശേഷിക്കുകയാണ്. വാള്‍ട്ടര്‍ വൈറ്റിന്റെ ഭാര്യ സ്‌കൈലറിലും ഈ പരിണാമം കാണാം. ഭര്‍ത്താവിനെപറ്റിയുള്ള വിവരങ്ങള്‍ ആദ്യം അറിയുമ്പോള്‍ പൊട്ടിത്തെറിക്കുന്ന സ്‌കൈലര്‍ പിന്നീട് അയാളുടെ പണം വെളുപ്പിക്കുന്ന ഫിനാന്‍ഷ്യല്‍ മാനേജരായി മാറുന്നു.

ക്രാഫ്റ്റ്

കഥയും കഥാപാത്രങ്ങളും മികവുറ്റതാകുന്നതിനൊപ്പം പറയേണ്ടതാണ് ബ്രേക്കിങ് ബാഡിലെ ക്രാഫ്റ്റ്. എ.എം.സി നെറ്റ്‌വര്‍ക്കിനുവേണ്ടി സോണി പിക്ചേഴ്‌സ് ആണ് ഈ സീരീസ് നിര്‍മിച്ചിരിക്കുന്നത്. നൂറും ഇരുനൂറും എപ്പിസോഡുകളുള്ള പരമ്പരാഗത സീരിയലുകകളില്‍ നിന്ന് വിഭിന്നമായി ഷോര്‍ട്ട് സീരീസ് എന്ന കാറ്റഗറിയിലാണ് ബ്രേക്കിങ് ബാഡ് വരുന്നത്. അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് സീരീസിലേത്. ന്യൂ മെക്‌സിക്കോയുടെ വരണ്ടതും തുറസ്സായതുമായ ഭൂഭാഗങ്ങള്‍, മയക്കുമരുന്ന് മണക്കുന്ന ഇരുളടഞ്ഞ സങ്കേതങ്ങള്‍, പ്രകൃതിയുടെ നിറങ്ങളാല്‍ സമ്പന്നമായ വീടുകളും റസ്റ്ററന്റുകളും തുടങ്ങി കാഴ്ച്ചകളില്‍ ഒട്ടും മടുപ്പിക്കുന്നില്ല ബ്രേക്കിങ് ബാഡ്.

ഓരോ രംഗത്തിനും അനുസൃതമായി ചലിക്കുന്ന കാമറയാണ് മറ്റൊരു പ്രത്യേകത. ആദ്യം മുതല്‍ അവസാനം വരെ നിയതമായി ചലിപ്പിക്കുന്നതരം സിനിമാട്ടോഗ്രാഫി അല്ല സീരീസില്‍ ഉപയോഗിച്ചിരിക്കുന്നത്. ചില ദൃശ്യങ്ങള്‍ക്കായി കാമറ ചലിക്കുന്നേ ഇല്ല. സംഘര്‍ഷങ്ങളില്‍ കാമറ അതിനനുസരിച്ച് മൂവ് ചെയ്യുന്നുണ്ട്. ചിലയിടങ്ങളില്‍ സ്‌തോഭജനകമായി ദൃശ്യങ്ങള്‍ മുറിച്ചിരിക്കുന്നു. കാഴ്ച്ചക്ക് തടസമാകുന്ന തരത്തില്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിട്ടില്ല എന്നതും മേന്മയാണ്. ബ്രേക്കിങ് ബാഡ് പ്രശസ്തമായിരിക്കുന്നത് അതിലെ പ്ലോട്ട് ട്വിസ്റ്റുകള്‍ കൊണ്ടുകൂടിയാണ്. ആദ്യം കാണുന്നയാള്‍ക്ക് ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ആകാംഷ നല്‍കുന്ന കഥാ കഥന രീതിയാണ് ഇതില്‍ പിന്‍തുടരുന്നത്. ഇതിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് ഓരോ എപ്പിസോഡിലേയും ഇന്‍ട്രാകളിലൂടെ നല്‍കുന്ന ശ്ലഥ ബിംബങ്ങളും പ്രേക്ഷകനെ മുള്‍മുനയിലാക്കുന്ന അവസാനിപ്പിക്കലുകളുമാണ്. അഞ്ച് സീസണുകളിലായി 62 എപ്പിസോഡുകളും കണ്ടുതീര്‍ക്കാതെ സമാധാനം തരാത്തൊരു പൊറുതികേട് സൃഷ്ടിക്കുന്നുണ്ട് ബ്രേക്കിങ് ബാഡ്.

വിധി

എന്താണ് ബ്രേക്കിങ് ബാഡ് ആത്യന്തികമായി പ്രേക്ഷകനോട് സംവദിക്കുന്നത്. ലളിതമാണത്. മനുഷ്യാസക്തികളുടെ കഥയാണ് ബ്രേക്കിങ് ബാഡ്. ഈ സീരീസിനെപറ്റിയുള്ള പ്രധാന വിമര്‍ശനങ്ങളിലൊന്ന് അത് ലഹരിയെ നോര്‍മലൈസ് ചെയ്യുന്നു എന്നതാണ്. ആ വിമര്‍ശനം സാധ്യമാണ് എന്നുതന്നെയാണ് കരുതുന്നത്. ബ്രേക്കിങ് ബാഡ് കാണുന്ന ഏതൊരാള്‍ക്കും വാള്‍ട്ടറിനും ജെസ്സിക്കുമൊപ്പം ഒന്ന് കൂടിയാലോ എന്ന് തോന്നും. മരണഭീതി, കൊടും നഷ്ടങ്ങള്‍, ഒടുങ്ങാത്ത ദുരിതം എന്നിവക്കിടയിലും ബ്രേക്കിങ് ബാഡിലെ ജീവിതങ്ങള്‍ നല്‍കുന്നൊരു ത്രില്ല് ഉണ്ട്. വളരെ ഫാഷനബിള്‍ ആയാണ് ഇവിടെ കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. വാള്‍ട്ടറിന്റെ വീക്ഷണകോണിലൂടെയാണ് നാം കാഴ്ച്ചകള്‍ കാണുന്നതെന്നതും പ്രശ്‌നമാണ്. എന്നാൽ ഈ സീരീസ് നല്‍കുന്ന ആത്യന്തിക പാഠം ലഹരിയുടെ ലോകം ദുരിതത്തിലേക്കുള്ള കുറുക്കുവഴിയാണെന്നതാണ്. തിന്മയിലൂടെ സമ്പാദിക്കുന്നതെല്ലാം വെള്ളത്തില്‍ വരച്ച വരകള്‍ പോലെ മാഞ്ഞുപോകുമെന്നും പറയാതെ പറയുന്നുണ്ട് ബ്രേക്കിങ് ബാഡ്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - ഷബീർ പാലോട്

contributor

Similar News