ആരാണ് കാവ്യ മാരൻ? 24,600 കോടിയുടെ സാമ്രാജ്യത്തിൻ്റെ ഏക അവകാശി; വിവാഹത്തിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

കാവ്യ മാരൻ്റെയും അനിരുദ്ധ് രവിചന്ദറിൻ്റെയും വിവാഹവിരുന്ന് നവംബര്‍ 21ന് ചെന്നൈയില്‍വെച്ച് നടക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചിരിക്കുന്നത്

Update: 2026-10-17 17:10 GMT
Editor : Athulya | By : Athulya

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് വധുവരന്‍മാരുടെ കുടുംബത്തേക്കാള്‍ മുമ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിര്‍മാതാവും സണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ കലാനിധി മാരനും ഭാര്യയും വിവാഹത്തിന് ക്ഷണിച്ചെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വിഡിയോ സഹിതം പുറത്തുവിട്ടു. നവംബര്‍ 21ന് ചെന്നൈയില്‍വെച്ച് വിവാഹവിരുന്ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നവംബർ 11ന് ഗ്രീസിൽ വെച്ചായിരിക്കും വിവാഹം എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Advertising
Advertising

പിന്നാലെ സണ്‍ ടിവിയുടെ സണ്‍ന്യൂസ് തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖര്‍ക്ക് സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരനും കുടുംബാംഗങ്ങളും വിവാഹക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങളാണ് സണ്‍ന്യൂസ് പങ്കുവെച്ചത്. 

24,600 കോടി രൂപ ആസ്തിയുള്ള സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമയായ കലാനിധി മാരൻ, 2026-ലെ ഹുറോൺ സമ്പന്ന പട്ടികയിൽ 146-ാം സ്ഥാനത്താണ്. വിനോദമേഖലയിൽ ടി-സീരീസ് ഉടമ ഭൂഷൺ കുമാറിന് (36,300 കോടി രൂപ) പിന്നിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. സൺ ടിവി നെറ്റ്‌വർക്കിന് പുറമെ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഉടമയാണ് കലാനിധി മാരൻ. ഐപിഎൽ വെബ്‌സൈറ്റുകളുടെ കണക്കുപ്രകാരം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മൂല്യം 17,500 കോടി മുതൽ 18,400 കോടി രൂപ വരെയാണ്. ടൂർണമെന്റിലെ ഫ്രാഞ്ചൈസികളിൽ നാലാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദരാബാദ്.

കലാനിധി മാരൻ്റെയും കാവേരി കലാനിധിയുടെയും ഏകമകളാണ് കാവ്യ മാരൻ. പിതാവിൻ്റെ 24,600 കോടി രൂപയുടെ സാമ്രാജ്യത്തിൻ്റെ ഏക അവകാശി. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയും സഹ ഉടമയുമാണ് കാവ്യ. വ്യക്തിപരമായി കാവ്യയുടെ ആസ്തി 409 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. യുകെയിലെ വാർവിക്ക് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ കാവ്യ, 2019-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടാണ് സൺ ടിവി നെറ്റ്‌വർക്കിൽ ചേർന്നത്. തുടർന്ന് 2017-ൽ പിതാവ് ഏറ്റെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിന്റെ നേതൃസ്ഥാനത്തേക്ക് വരികയായിരുന്നു.

തമിഴ് സിനിമയിലൂടെ സംഗീതസംവിധാന രംഗത്ത് പ്രശസ്തനായ അനിരുദ്ധ് രവിചന്ദർ, പിന്നീട് മറ്റ് ഭാഷകളിലും തന്റെ ജനപ്രീതി വ്യാപിപ്പിച്ചു. മാരൻ കുടുംബത്തിന്റെ മീഡിയ ബിസിനസിന്റെ ചലച്ചിത്ര നിർമാണ വിഭാഗമായ സൺ പിക്ചേഴ്സ് നിർമിച്ച 'ജൈലർ 2' ആണ് അനിരുദ്ധ് രവിചന്ദറിൻ്റെ ഒടുവിലത്തെ പ്രധാന പ്രൊജക്ട്.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Athulya

contributor

Similar News