വീക്കെന്ഡ് ആഘോഷമാക്കാം; ഒടിടിയില് പുതിയ അഞ്ച് മലയാളം സിനിമകള്
തിയറ്ററില് കാണാതെ പോയ മികച്ച ചിത്രങ്ങള് വീട്ടിലിരുന്ന് കാണാം...
ഇന്നലെയും ഇന്നുമായി ഒടിടിയില് റിലീസായത് അഞ്ച് മലയാളം സിനിമകള്. ഉര്വശിയും ജോജുവും ഒന്നിച്ച 'ആശ', സംഗീത് പ്രതാപ്, ഷറഫുദീന് എന്നിവരുടെ 'ഇറ്റ്സ് എ മെഡിക്കല് മിറക്കിള്', ഷൈന് ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ 'അടിനാശം വെള്ളപ്പൊക്കം', ഷൈന് ടോം ചാക്കോയുടെ തന്നെ 'ഒരു അന്വേഷണത്തിന്റെ തുടക്കം', മലയാളം വെബ് സീരീസ് 'കാപ്പി സ്ക്വാഡ്' എന്നിവയാണ് ഇന്ന് ഒടിടി റീലീസായത്.
1. ആശ
ഉര്വശി, ജോജു ജോര്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവര്ക്കൊപ്പം ലക്ഷ്മി മേനോന്, ഭാഗ്യലക്ഷ്മി, അജയന് അടാട്ട്, വിജയരാഘവന്, ജോയ് മാത്യു, അലക്സാണ്ടര് പ്രശാന്ത് തുടങ്ങിയവരും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സഫര് സനല് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് ജോജു ജോര്ജ്, രമേഷ് ഗിരിജ, സഫര് സനല് എന്നിവര് ചേര്ന്നാണ്. ആശ എന്ന വിധവയായ അമ്മയുടെ ജീവിതമാണ് ചിത്രം പറയുന്നത്. മുന്കാല ട്രോമകളും ഉറക്കമില്ലായ്മയും കാരണം ആശ എപ്പോഴും ഭയപ്പാടിലും സംശയദൃഷ്ടിയിലും ജീവിക്കുകയും ആളുകളോട് പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന ആളായി മാറുകയാണ്. ഒരു രാത്രിയില് നടക്കുന്ന ചെറിയൊരു വാഹനാപകടവും അതിനെ തുടര്ന്നുണ്ടാകുന്ന സംഭവങ്ങളും ആശയുടെ പ്രവൃത്തികളുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ അവര് എങ്ങനെ നേരിടുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം സീ5ല് കാണാം.
2. 'ഇറ്റ്സ് എ മെഡിക്കല് മിറക്കിള്'
സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിലെത്തുന്ന മലയാളം സൂപ്പര്നാച്ചുറല് കോമഡി ത്രില്ലറാണ് 'ഇറ്റ്സ് എ മെഡിക്കല് മിറക്കിള്'.ഷാമിന് ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില് ബ്രെയിന് ഡെഡ് എന്ന് സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന യുവാവിനെയാണ് കേന്ദ്രമാക്കുന്നത്. തിരിച്ചെത്തിയ ശേഷം അസാധാരണമായ കേള്വിശേഷി ലഭിക്കുന്നതോടെ, തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന് കാരണമായ ശബ്ദത്തെ തേടിയുള്ള യാത്രയാണ് കഥ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. പ്ലാറ്റ്ഫോം: മനോരമ മാക്സ്.
3. അടിനാശം വെള്ളപ്പൊക്കം
എ.ജെ വര്ഗീസ് സംവിധാനം ചെയ്ത അടിനാശം വെള്ളപ്പൊക്കം സൈന പ്ലേയിലാണ് ഒടിടി റിലീസ്. ഷൈന് ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരു ഫണ് എന്റര്ടെയ്നറാണ്. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്ക്കു ശേഷം എ.ജെ വര്ഗീസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്, മഞ്ജു പിള്ള, തമിഴ് നടന് ജോണ് വിജയ്, യൂട്യൂബര് ജോണ് വെട്ടിയാര് എന്നിവരും വിനീത് മോഹന്, സജിത് അമ്പാട്ട്, അരുണ് പ്രിന്സ്, എലിസബത്ത് ടോമി, രാജ് കിരണ് തോമസ്, വിജയകൃഷ്ണന് എം ബി എന്നിവരും പ്രധാന വേഷങ്ങളില് എത്തുന്നു.
4. ഒരു അന്വേഷണത്തിന്റെ തുടക്കം
ഷൈന് ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം' സണ് നെക്സ്റ്റിലാണ് സ്ട്രീമിങ് ആരംഭിച്ചത്. എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്വെസ്റ്റിഗേഷന് ത്രില്ലര് ചിത്രമാണ്. വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകന്, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്, ആഭിജ, പ്രശാന്ത് അലക്സാണ്ടര്, ജോണി ആന്റണി, വിജയ് ബാബു, സുധീര് കരമന, ഇര്ഷാദ്, ജാഫര് ഇടുക്കി, രമേശ് പിഷാരടി, ഷഹീന് സിദ്ദിഖ്, കോട്ടയം നസീര്, കൈലാഷ്, ബിജു സോപാനം, കലാഭവന് ഷാജോണ്, സായ്കുമാര്, കലാഭവന് നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്.
5. കാപ്പി സ്ക്വാഡ്
റിനോഷ് ജോര്ജ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ കോമഡി- ഡ്രാമ വെബ് സീരീസ് 'കാപ്പി സ്ക്വാഡ്' ജിയോ ഹോട്ട്സ്റ്റാറില് സ്ട്രീമിംഗ് ആരംഭിച്ചു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില് രാഹുല് റിജി നായര് നിര്മ്മിച്ച ഈ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്ത് മോഹനും സംവിധാനം നിര്വഹിച്ചിരിക്കുന്നത് ബെല്രാജ് കളരിക്കലുമാണ്. ആദിത്യ തേജസും സുബിന് ജോര്ജും ചേര്ന്നാണ് സീരീസിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്. യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് ഈ സീരീസിന്റെ പ്രധാന പ്രമേയം. റിനോഷ് ജോര്ജിനൊപ്പം അനഘ അജിത്ത്, ദിയ ദീപന്, ജോയല് ജോസഫ്, അഭിരാമി ദയാനന്ദന് തുടങ്ങിയ യുവതാരങ്ങളും പ്രധാന വേഷങ്ങളില് അണിനിരക്കുന്നു.