സ്റ്റാർലിങ്കിനെ അംബാനി ഭയക്കുന്നത് എന്തുകൊണ്ട്? മസ്ക് vs ജിയോ യുദ്ധത്തിന് പിന്നിലെ ബിസിനസ് രഹസ്യം
ഭൂമിയിലെ കുത്തകകൾ ആകാശത്തും വാഴുമോ? സ്റ്റാർലിങ്കും ജിയോയും നേർക്കുനേർ എത്തുമ്പോൾ മാറുന്ന ഇന്ത്യൻ ടെലികോം വിപണി
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെലികോം വിപണി മറ്റൊരു വമ്പൻ ‘യുദ്ധത്തിന്’ സാക്ഷ്യം വഹിക്കുകയാണ്. ഇത്തവണ പോരാട്ടം ഭൂമിയിലെ മൊബൈൽ ടവറുകൾ തമ്മിലല്ല; മറിച്ച് ആകാശത്തെ ഉപഗ്രഹങ്ങൾ തമ്മിലാണ്. ലോകത്തെ ഒന്നാം നമ്പർ ധനികനായ ഇലോൺ മസ്കും ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനിയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, അത് ഇന്ത്യൻ ഇന്റർനെറ്റ് വിപണിയുടെ തലവര മാറ്റിയെഴുതുന്ന ഒന്നായി മാറും.
ഇന്ത്യയിലേക്ക് തങ്ങളുടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് കടന്നുവരുന്നത് തടയാൻ രാജ്യത്തെ ‘ഒലിഗാർക്കുകൾ’ (ഭരണസ്വാധീനമുള്ള കോടീശ്വര പ്രഭുക്കൾ) ചരടുവലിക്കുന്നു എന്ന മസ്കിന്റെ സോഷ്യൽ മീഡിയ കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മസ്ക് ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ലക്ഷ്യമിട്ടത് റിലയൻസ് ജിയോയെയും മുകേഷ് അംബാനിയെയുമാണെന്ന് ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ ഇതിനകം വിലയിരുത്തിക്കഴിഞ്ഞു.
വിവാദം കനത്തതോടെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തി. മോദി ഭരണത്തിൽ രാജ്യം ഏതാനും ശതകോടീശ്വരന്മാരുടെ കുത്തകയായി മാറുന്നുവെന്ന തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് മസ്കിന്റെ വാക്കുകളെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. 'ചങ്ങാത്ത മുതലാളിമാരുടെ' കൈപ്പിടിയിലാണ് രാജ്യമെന്ന രാഹുൽ ഗാന്ധിയുടെ നേരത്തെയുള്ള വിമർശനങ്ങൾക്ക് കരുത്തുപകരുന്നതായി മാറി ഇലോൺ മസ്കിന്റെ ഈ പ്രതികരണം.
എന്നാൽ രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം എന്താണ് യഥാർത്ഥത്തിൽ ഇലോൺ മസ്കും മുകേഷ് അംബാനിയും തമ്മിലുള്ള ഈ തർക്കം? ഇന്ത്യൻ വിപണിയിൽ ആരെയും ഭയക്കാത്ത റിലയൻസ് ജിയോ സ്റ്റാർലിങ്കിന്റെ വരവിനെ ഭയക്കുന്നതിന് പിന്നിലെന്താണ്? കോടീശ്വരന്മാർ തമ്മിലുള്ള ഈ യുദ്ധം ഇന്ത്യയിലെ സാധാരണക്കാർക്ക് ഗുണം ചെയ്യുമോ എന്നാണ് സാധാരണക്കാർ ഉറ്റുനോക്കുന്നതെങ്കിൽ, ഇതിൽ നിന്ന് എന്ത് ലാഭമുണ്ടാക്കാമെന്നാണ് കോർപ്പറേറ്റ് ലോകം നോക്കുന്നത്.
എന്താണ് സ്റ്റാർലിങ്ക്?
നമുക്ക് ഇപ്പോൾ ലഭിക്കുന്ന ഇന്റർനെറ്റ് പ്രവർത്തിക്കുന്നത് കടലിനടിയിലൂടെയും റോഡരികിലൂടെയും വലിച്ചിരിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴിയാണ്. ഇവ പ്രാദേശിക മൊബൈൽ ടവറുകളിൽ സിഗ്നലുകൾ എത്തിക്കുകയും, അവിടെനിന്ന് റേഡിയോ തരംഗങ്ങൾ വഴി നമ്മുടെ ഫോണിലേക്ക് വരികയും ചെയ്യുന്നു. എന്നാൽ കാടുകളിലോ, മലനിരകളിലോ, ഉൾനാടൻ ദ്വീപുകളിലോ കേബിളുകൾ വലിക്കാനോ ടവറുകൾ നിർമ്മിക്കാനോ ഉള്ള ഭീമമായ ചെലവ് കാരണം കമ്പനികൾ പലപ്പോഴും അത്തരം മേഖലകളെ അവഗണിക്കാറുണ്ട്. അതുകൊണ്ടാണ് അവിടെയൊന്നും കൃത്യമായ മൊബൈൽ റേഞ്ച് കിട്ടാത്തത്.
ഇവിടെയാണ് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് വിപ്ലവമാകുന്നത്. ഭൂമിയിൽ നിന്ന് വെറും 500 മുതൽ 600 കിലോമീറ്റർ വരെ ഉയരത്തിൽ ആകാശത്തുകൂടി സഞ്ചരിക്കുന്ന ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങളുടെ ശൃംഖലയാണിത്. മൊബൈൽ ടവറുകളോ ഭൂമിയിലെ കേബിളുകളോ ഇതിന് ആവശ്യമില്ല. നമ്മുടെ വീട്ടിലോ ഓഫീസിലോ സ്ഥാപിക്കുന്ന ഒരു ചെറിയ ഡിഷ് ആന്റിനയിലേക്ക് ഈ ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് അതിവേഗ ഇന്റർനെറ്റ് സിഗ്നലുകൾ എത്തും. അതായത്, ഹിമാലയത്തിന്റെ മുകളിലായാലും നടുക്കടലിലായാലും നഗരങ്ങളിലേതിന് സമാനമായ രീതിയിൽ തടസ്സമില്ലാതെ ഇന്റർനെറ്റ് ലഭിക്കും.
എന്താണ് 'സ്പെക്ട്രം' പോര്?
രാജ്യത്തിന്റെ എല്ലാ കോണുകളിലും ഒരേ വേഗതയിൽ ഇന്റർനെറ്റ് നൽകാൻ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ സ്പെക്ട്രം ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ഈ സ്പെക്ട്രം വിതരണം ചെയ്യുന്നതിലാണ് മസ്കും അംബാനിയും തമ്മിൽ ശീതസമരം നടക്കുന്നത്.
അംബാനിയുടെയും ജിയോയുടെയും വാദം: ഇന്ത്യയിൽ 4G, 5G ഇന്റർനെറ്റ് നൽകാൻ ജിയോയും എയർടെല്ലും ലക്ഷക്കണക്കിന് കോടി രൂപ മുടക്കിയാണ് ലേലത്തിലൂടെ സർക്കാരിൽ നിന്ന് സ്പെക്ട്രം വാങ്ങിയത്. അങ്ങനെയിരിക്കെ, ആകാശത്തുകൂടി ഇന്റർനെറ്റ് നൽകാൻ വരുന്ന വിദേശ കമ്പനിയായ സ്റ്റാർലിങ്കിന് ലേലമില്ലാതെ ചുരുങ്ങിയ ചെലവിൽ സ്പെക്ട്രം നൽകിയാൽ അത് ഇന്ത്യൻ കമ്പനികളോട് ചെയ്യുന്ന അനീതിയാണ്. അതിനാൽ സാറ്റലൈറ്റ് സ്പെക്ട്രവും എല്ലാവർക്കുമായി പരസ്യമായി ലേലം ചെയ്തു നൽകണമെന്ന് ജിയോ വാദിക്കുന്നു.
ഇലോൺ മസ്കിന്റെ വാദം: സാറ്റലൈറ്റ് സ്പെക്ട്രം എന്നത് ഭൂമിയിലെ മൊബൈൽ ടവറുകൾ പോലെയല്ല. ലോകമെമ്പാടും അത് ഒരേസമയം പല കമ്പനികൾക്ക് പരസ്പരം പങ്കിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. അവിടെ ലേലം നടത്തിയാൽ കമ്പനികൾക്ക് ഭീമമായ തുക ചെലവാകും. അങ്ങനെ വന്നാൽ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകാൻ കഴിയില്ല. അതിനാൽ ലേലമില്ലാതെ, നിശ്ചിത ഫീസ് ഈടാക്കി ഭരണപരമായി സ്പെക്ട്രം അനുവദിക്കണം എന്നാണ് മസ്ക് മുന്നോട്ട് വെയ്ക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പുതിയ ടെലികോം നിയമം (Telecom Act 2023) ലേലമില്ലാതെ സ്പെക്ട്രം അനുവദിക്കുന്നതിന് അനുകൂലമായതോടെ നിയമപരമായ ആദ്യ റൗണ്ടിൽ മസ്ക് ജയിച്ചു. എന്നാൽ അതോടെ തർക്കം അവസാനിച്ചില്ല.
മസ്കിന്റെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ കേന്ദ്ര സർക്കാരും വിശദീകരണവുമായി രംഗത്തെത്തി. സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള മൂന്ന് ലൈസൻസുള്ള സാറ്റലൈറ്റ് ഓപ്പറേറ്റർമാരും സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട നടപടികളിലാണെന്നും, സർക്കാരിന്റെ അനുമതി പ്രക്രിയ വിവേചനരഹിതമാണെന്നും വ്യക്തമാക്കിയ കേന്ദ്രം മസ്കിന്റെ ആരോപണങ്ങളെ പൂർണ്ണമായി തള്ളുകയും ചെയ്തു.
സാധാരണക്കാരന് എന്ത് നേട്ടം?
സ്റ്റാർലിങ്ക് ഇന്ത്യയിൽ വന്നാൽ എല്ലാവരും ജിയോയും എയർടെല്ലും ഉപേക്ഷിച്ച് സ്റ്റാർലിങ്കിലേക്ക് പോകുമോ? ഒരിക്കലുമില്ല. കാരണം ഇതിന്റെ ചെലവ് തന്നെയാണ്. ഇന്ത്യയിൽ നമ്മൾ ഒരു മാസത്തെ മൊബൈൽ റീച്ചാർജിന് നൽകുന്നത് ശരാശരി 150 മുതൽ 250 രൂപ വരെയാണ്. എന്നാൽ സ്റ്റാർലിങ്കിന്റെ പ്രതിമാസ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ 4000 മുതൽ 8000 രൂപ വരെയാണ്. കൂടാതെ വീടിന് മുകളിൽ വെയ്ക്കുന്ന ഡിഷ് ആന്റിനയ്ക്ക് തുടക്കത്തിൽ 30,000 മുതൽ 40,000 രൂപ വരെ വേറെയും മുടക്കണം. സ്റ്റാർലിങ്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശിക മാർക്കറ്റിന് അനുയോജ്യമായ രീതിയിൽ നിരക്കുകൾ പകുതിയോളം കുറച്ചിട്ടുണ്ട്. ഭാവിയിൽ ഇന്ത്യയിൽ വിപണി പിടിക്കാൻ അവർ സബ്‌സിഡിയോ കുറഞ്ഞ പ്ലാനുകളോ കൊണ്ടുവന്നേക്കാം.
എന്തിനാണ് അംബാനി ഇത്രയധികം ഭയപ്പെടുന്നത്? യഥാർത്ഥത്തിൽ ഈ പോരാട്ടം സാധാരണ റീട്ടെയിൽ ഉപഭോക്താക്കൾക്ക് വേണ്ടിയല്ല; മറിച്ച് കോടികൾ മറിയുന്ന വൻകിട ബിസിനസ് മാർക്കറ്റിന് വേണ്ടിയാണ്. ഉൾനാടൻ ഗ്രാമങ്ങളിലെ എടിഎമ്മുകൾക്ക് തടസ്സമില്ലാത്ത ഇന്റർനെറ്റ് നൽകാൻ ബാങ്കുകൾ വൻ തുക നൽകുന്നുണ്ട്. കടലിലൂടെ പോകുന്ന കൂറ്റൻ ചരക്കുകപ്പലുകൾക്കും വിമാനങ്ങളിലെ വൈഫൈയ്ക്കും നിലവിൽ സാറ്റലൈറ്റ് ഇന്റർനെറ്റാണ് ആശ്രയം. മലയോരങ്ങളിലെ മൊബൈൽ ടവറുകളിലേക്ക് കേബിൾ എത്തിക്കാൻ പറ്റാത്തപ്പോൾ ജിയോയ്ക്കും എയർടെല്ലിനും പോലും സാറ്റലൈറ്റ് ഇന്റർനെറ്റ് വാടകയ്‌ക്കെടുക്കേണ്ടി വരും.
ഈ കോടികളുടെ വൻകിട വിപണി കൈയടക്കാനാണ് ജിയോ സ്വന്തം നിലയിൽ 'ജിയോ സാറ്റ്കോം' എന്ന പേരിൽ പദ്ധതി ഒരുക്കുന്നത്. എയർടെല്ലിന് 'വൺവെബ്' എന്ന കൂട്ടുകെട്ടുമുണ്ട്. ഇവിടേക്കാണ് ഏറ്റവും മികച്ച സാങ്കേതികവിദ്യയുമായി സ്റ്റാർലിങ്ക് കടന്നുവരുന്നത്.
സുരക്ഷാ കടമ്പകൾ
മസ്കിന്റെ ആരോപണം പോലെ അംബാനി മാത്രമല്ല സ്റ്റാർലിങ്കിന്റെ വരവ് വൈകിക്കുന്നത്; ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും ഇതിൽ നിർണായകമാണ്. ആകാശത്തുകൂടിയുള്ള ഇന്റർനെറ്റ് ആയതിനാൽ, ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശ സെർവറുകളിലേക്ക് ചോരുമോ എന്ന ആശങ്ക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. ഇന്ത്യയിൽ സർവീസ് നടത്തണമെങ്കിൽ, ഇന്ത്യക്കാരുടെ വിവരങ്ങൾ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കണം. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷാ ഏജൻസികൾക്ക് നിരീക്ഷിക്കാനുള്ള സൗകര്യം നൽകണം. സാറ്റലൈറ്റുകളിൽ നിന്നുള്ള സിഗ്നലുകൾ കൈകാര്യം ചെയ്യുന്ന ഗ്രൗണ്ട് സ്റ്റേഷനുകൾ ഇന്ത്യയിൽ തന്നെ സ്ഥാപിക്കണം. ഇത്തരത്തിൽ പൂർണ്ണമായ സുരക്ഷാ പരിശോധനകൾ കഴിയാതെ അന്തിമ ലൈസൻസ് നൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്ര സർക്കാർ.
ആകാശയുദ്ധത്തിൽ ആര് ജയിക്കും?
2016ൽ സൗജന്യ ഡാറ്റ നൽകി ഇന്ത്യയിലെ പരമ്പരാഗത ടെലികോം കമ്പനികളെ നിലംപരിശാക്കിയ ചരിത്രമാണ് റിലയൻസ് ജിയോയ്ക്കുള്ളത്. എന്നാൽ ഇന്ന് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് കമ്പനിയുടെയും സാങ്കേതികവിദ്യയുടെയും പിൻബലമുള്ള ഇലോൺ മസ്ക് എതിരാളിയായി വരുമ്പോൾ, വിപണിയിലെ തങ്ങളുടെ അപ്രമാദിത്യം നഷ്ടപ്പെടുമോ എന്ന സ്വാഭാവിക ഭയം ജിയോയ്ക്കുണ്ട്.
ശതകോടീശ്വരന്മാർ തമ്മിലുള്ള മത്സരം ശക്തമാകുമ്പോൾ രാജ്യത്തെ ഏറ്റവും വിദൂരമായ കോണുകളിൽ പോലും മികച്ച ഇന്റർനെറ്റ് എത്തും. നഗരങ്ങളിൽ ഇതിനകം ലഭ്യമായ സേവനങ്ങൾക്ക് പുതിയൊരു ബദൽ ലഭിക്കുന്നതോടൊപ്പം, ഇതുവരെ ഇന്റർനെറ്റ് ലഭിക്കാത്ത പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാൻ ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.