യുപിഐയിലെ എംഡിആര്‍ ചാര്‍ജ്: ഒക്‌ടോബറില്‍ നടപ്പാക്കിയേക്കില്ല

രാജ്യത്ത് ഉത്സവ സീസണില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എംഡിആര്‍ നടപ്പാക്കുന്നത് നീട്ടാനുള്ള നീക്കം

Update: 2026-10-08 04:38 GMT

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിയേക്കും. ഒക്ടോബര്‍ 15ന് നിലവില്‍ വരാനിരുന്ന പുതിയ എംഡിആര്‍ സംവിധാനം 2027 ജനുവരി ഒന്നിലേക്ക് മാറ്റാനാണ് ആലോചന. വ്യാപാരികള്‍ക്കും പേയ്‌മെന്റ് മേഖലയ്ക്കും കൂടുതല്‍ സമയം നല്‍കുന്നതിനായാണ് തീരുമാനം പരിഗണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

നിലവിലെ നിര്‍ദേശപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്കാണ് 0.4 ശതമാനം എംഡിആര്‍ ഈടാക്കുക. 75,000 രൂപയോ അതില്‍ കൂടുതലോ വരുന്ന ഇടപാടുകളില്‍ പരമാവധി 300 രൂപയായിരിക്കും ചാര്‍ജ്. അതേസമയം ചെറുകിട വ്യാപാരികളുമായുള്ള ഇടപാടുകള്‍ക്കും വ്യക്തിഗത യുപിഐ ഇടപാടുകള്‍ക്കും എംഡിആര്‍ ബാധകമാകില്ല.

Advertising
Advertising

ഉദാഹരണത്തിന്, എംഡിആര്‍ ബാധകമായ 5,000 രൂപയുടെ യുപിഐ ഇടപാടിന് 20 രൂപയും 10,000 രൂപയുടെ ഇടപാടിന് 40 രൂപയുമാകും 0.4 ശതമാനം നിരക്കില്‍ ചാര്‍ജ്. എന്നാല്‍ എല്ലാ യുപിഐ ഇടപാടുകള്‍ക്കും ഈ നിരക്ക് ബാധകമാകില്ലെന്നതാണ് പ്രധാന കാര്യം.

ഉത്സവ സീസണ്‍ കണക്കിലെടുത്ത് തീരുമാനം

രാജ്യത്ത് ഉത്സവ സീസണില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എംഡിആര്‍ നടപ്പാക്കുന്നത് നീട്ടാനുള്ള നീക്കം. വ്യാപാരികള്‍ക്കും പേയ്‌മെന്റ് മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പുതിയ സംവിധാനത്തിലേക്ക് മാറാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

യുപിഐ എംഡിആര്‍ സംബന്ധിച്ച് വ്യാപാരി സംഘടനകളും ഫിന്‍ടെക് കമ്പനികളും പേയ്‌മെന്റ് സേവനദാതാക്കളും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് (എന്‍പിസിഐ) നടപ്പാക്കല്‍ ജനുവരി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എംഡിആര്‍ നിരക്കുകളും വിവിധ ഇടപാടുകള്‍ക്ക് അവ എങ്ങനെ ബാധകമാക്കണമെന്നതിലും ഇപ്പോഴും വ്യക്തത ആവശ്യമാണ് എന്നാണ് വ്യവസായ രംഗത്തുള്ളവരുടെ നിലപാട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News