മൈക്രോസോഫ്റ്റിനെതിരായ നടപടിക്ക് പിന്നാലെ സിഇഒക്ക് ട്രംപിന്റെ പുരസ്‌കാരം

വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സത്യ നദെല്ലയ്ക്ക് നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സമ്മാനിച്ച ട്രംപ്, മൈക്രോസോഫ്റ്റിനെ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ നദെല്ല വഹിച്ച പങ്കിനെ പ്രശംസിച്ചു

Update: 2026-10-09 03:20 GMT

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിനെ അമേരിക്കയുടെ ഗ്രീന്‍ കാര്‍ഡ് പദ്ധതിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത അതേ ദിവസം, കമ്പനിയുടെ സിഇഒ സത്യ നദെല്ലയ്ക്ക് ദേശീയ സാങ്കേതികവിദ്യാ പുരസ്‌കാരം നല്‍കി ആദരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കാനെന്ന പേരില്‍ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനിടെയാണ് വൈറ്റ് ഹൗസില്‍ നടന്ന ഈ പുരസ്‌കാരദാനവും ശ്രദ്ധ നേടുന്നത്.

മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ എട്ട് ഐടി കമ്പനികളെയാണ് അമേരിക്കയുടെ പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വിദേശ തൊഴിലാളികള്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമമാണ് ഈ പദ്ധതി.

Advertising
Advertising

നടപടിക്ക് പിന്നാലെ പ്രതികരിച്ച മൈക്രോസോഫ്റ്റ്, അമേരിക്കയിലെ തങ്ങളുടെ ജീവനക്കാരില്‍ ഭൂരിഭാഗവും അമേരിക്കന്‍ പൗരന്മാരാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമര്‍പ്പിച്ച ഏകദേശം 6,000 എച്ച്-1ബി വിസ അപേക്ഷകളില്‍ 80 ശതമാനവും നിലവിലുള്ള ജീവനക്കാരുടെ വിസ നീട്ടുന്നതിനോ പദവി മാറ്റുന്നതിനോ വേണ്ടിയുള്ളതായിരുന്നുവെന്നും കമ്പനി വിശദീകരിച്ചു.

അതേസമയം, വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സത്യ നദെല്ലയ്ക്ക് നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സമ്മാനിച്ച ട്രംപ്, മൈക്രോസോഫ്റ്റിനെ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ നദെല്ല വഹിച്ച പങ്കിനെ പ്രശംസിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി മൈക്രോസോഫ്റ്റിന്റെ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സത്യ നദെല്ല. ലോകമെമ്പാടുമുള്ള ബിസിനസുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലൂടെ അദ്ദേഹം കമ്പനിയെ മാറ്റിമറിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News