40,000 കോടി നിക്ഷേപം, 23,000 തൊഴിലവസരങ്ങള്‍; റിയല്‍ എസ്‌റ്റേറ്റില്‍ വന്‍ നിക്ഷേപം
ബംഗളൂരുവിലും കോയമ്പത്തൂരിലുമായി മൂന്ന് വേള്‍ഡ് ട്രേഡ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സുകളും കമ്പനി നേടിയിട്ടുണ്ട്
മുംബൈ:ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബ്രിഗേഡ് എന്റര്‍പ്രൈസസ് അടുത്ത മൂന്ന് വര്‍ഷത്തിനിടെ 4.1 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഇതിലൂടെ 23,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
പാര്‍പ്പിട സമുച്ചയങ്ങള്‍, ഓഫിസ് കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം നാല് കോടി ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ബംഗളൂരുവിലും കോയമ്പത്തൂരിലുമായി മൂന്ന് വേള്‍ഡ് ട്രേഡ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സുകളും കമ്പനി നേടിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ബെംഗളൂരുവിലും ഒന്ന് കോയമ്പത്തൂരിലുമാണ് സ്ഥാപിക്കുക.
ഇന്ത്യയിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചയും ഓഫിസ് കെട്ടിടങ്ങള്‍ക്കുള്ള ആവശ്യകതയും പുതിയ നിക്ഷേപത്തിന് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍. ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ് മേഖലകളുടെ വളര്‍ച്ചയോടെ വെയര്‍ഹൗസിങ് സൗകര്യങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നതും കമ്പനിയുടെ ശ്രദ്ധാകേന്ദ്രമാണ്.
പ്രീമിയം ഭവനപദ്ധതികള്‍ക്കും ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാര്‍പ്പിട മേഖലയിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ബ്രിഗേഡ് ഗ്രൂപ്പിന്റെ നീക്കം.