ആദിവാസി വാച്ചര്‍മാരെകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രിക്കാനാവില്ല - പി.ടി ജോണ്‍

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നതിന്റെയും കര്‍ഷക ആത്മഹത്യകളുടെയും അടിസ്ഥാന കാരണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു സംയുക്ത കിസാന്‍ മോര്‍ച്ച സൗത്ത് ഇന്ത്യന്‍ കോഡിനേറ്ററും ആക്ടിവിസ്റ്റുമായ പി.ടി ജോണ്‍.

Update: 2023-11-18 08:38 GMT

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ കര്‍ഷകന്‍ ജീവനൊടുക്കിയത്. അയ്യന്‍കുന്ന് പാലത്തിന്‍കടവ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യനാണ് ജീവനൊടുക്കിയത്. കാട്ടാന ഭീഷണിയെ തുടര്‍ന്ന് കൃഷിയിടവും വീടും ഉപേക്ഷിച്ചു പോരേണ്ടിവന്ന കര്‍ഷകനാണ് സുബ്രഹ്മണ്യന്‍. നവ കേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കട ഹര്‍ജി തയ്യാറാക്കി വെച്ച ശേഷമായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്.

കര്‍ഷക ആത്മഹത്യാ വാര്‍ത്തകള്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നുണ്ട് കേരളത്തിലും. നിത്യജീവിതത്തിനുള്ള വക അന്നന്ന് എടുക്കുന്ന വിളവെടുപ്പില്‍ നിന്നും കണ്ടെത്തുന്നവരാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ, അവര്‍ വിളവെടുത്തുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിച്ചില്ലെങ്കില്‍ അവരുടെ കുടുംബം പട്ടിണിയിലാകും. സാധാരണ ജോലി ചെയ്ത് ജീവിക്കുന്നവരുടെ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതം നയിക്കുന്ന കര്‍ഷകരുടെ ഇന്നത്തെ ജീവിത സാഹചര്യം തീര്‍ത്തും പരിതാപകരമാണ്. തിരുവനന്തപുരത്ത് വച്ച് നടന്ന കേരളീയം പരിപാടിയില്‍ നടന്‍ മമ്മൂട്ടി പറഞ്ഞതുപോലെ 'കര്‍ഷകര്‍ ചേറില്‍ കാലു വെക്കുന്നതുകൊണ്ടാണ് നമ്മള്‍ ദിവസവും ചോറില്‍ കൈ വെക്കുന്നത്'. എന്നാല്‍, ചേറില്‍ കാല്‍വെക്കുന്ന കര്‍ഷകര്‍ ചോറില്‍ കൈ വെക്കുന്നുണ്ടോ എന്നത് സംശയമാണ്. 

Advertising
Advertising

മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് മൂലവും, സാമ്പത്തിക പ്രതിസന്ധി മൂലവും നൂറുകണക്കിന് കര്‍ഷകരാണ് ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നത്. ഇത്രയേറെ പേര്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാരോ ബന്ധപ്പെട്ട അധികൃതരോ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ഒടുവില്‍ ഇതാ ഒരു കര്‍ഷകന്‍ മുഖ്യമന്ത്രിക്ക് സങ്കട ഹരിജി എഴുതിവച്ച് മരിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്നു. കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നതിന്റെയും കര്‍ഷക ആത്മഹത്യകളുടെയും അടിസ്ഥാന കാരണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു സംയുക്ത കിസാന്‍ മോര്‍ച്ച സൗത്ത് ഇന്ത്യന്‍ കോഡിനേറ്ററും ആക്ടിവിസ്റ്റുമായ പി.ടി ജോണ്‍.

പി.ടി ജോണ്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകരുടെ അവസ്ഥ വളരെ ദയനീയമാണ്. കൊറോണയും പ്രളയവും മറ്റു പല കാലാവസ്ഥവ്യതിയാനങ്ങളും മൂലം കര്‍ഷകരുടെ ജീവിതവും തൊഴില്‍ മാര്‍ഗവും വഴിമുട്ടിയ അവസ്ഥയിലാണ്. ഇതിന്റെ എല്ലാം ഇടയില്‍ കൂടെയാണ് വന്യമൃഗ ശല്യവും അവര്‍ നേരിടുന്നത്. മലയോര മേഖല പരിസരത്തും വനമേഖല പരിസരത്തും താമസിക്കുന്ന ആളുകള്‍ക്ക് അവിടെ ജീവിച്ചു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനെല്ലാം കാരണം വനമേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലികള്‍ കൃത്യമായി ചെയ്യാത്തതാണ്. ഉദാഹരണമായി പറയുകയാണെങ്കില്‍, ജയില്‍ പുള്ളികളുടെ മേല്‍നോട്ടം വഹിക്കുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി ചെയ്തില്ല എന്നുണ്ടെങ്കില്‍ ഉറപ്പായും പ്രതികള്‍ ജയില്‍ ചാടി പോകും. അതുപോലെതന്നെയാണ് വനമേഖല ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ട് വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങി ചെല്ലുന്നത്. ഇങ്ങനെ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് പോകുന്നതോടുകൂടി അവര്‍ ഉണ്ടാക്കി വച്ചിരിക്കുന്ന കൃഷി വിഭവങ്ങളും മറ്റും മൃഗങ്ങള്‍ നശിപ്പിക്കുകയും അവരുടെ ജീവിതമാര്‍ഗം വഴിമുട്ടുകയും ചെയ്യുന്നു.

വന വികസന കോര്‍പ്പറേഷന്‍ ഉണ്ടാക്കിക്കൊണ്ട് സ്വാഭാവിക വനങ്ങള്‍ അടിയോടെ വെട്ടി നശിപ്പിച്ചു. കമ്പ മലയിലെ തേയില തോട്ടവും, ബത്തേരി പുല്‍പ്പള്ളി റൂട്ടിലെ കാടുകള്‍ വെട്ടി നശിപ്പിച്ച് കുരുമുളക് തോട്ടവും ഇങ്ങനെയുള്ള പ്രകൃതി സമ്പത്തുകള്‍ നിറഞ്ഞ കാടുകള്‍ വെട്ടി നശിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്.

കാട്ടിനകത്ത് നിന്ന് ജോലി ചെയ്യാന്‍ വനംവകുപ്പ് തിരഞ്ഞെടുത്ത ആദിവാസികള്‍ ആയിട്ടുള്ള കുറച്ച് ആളുകള്‍ മാത്രമേ ഉള്ളൂ. അതേസമയം, പണ്ട് ഒരു സി.സി.എഫ് (ചീഫ് കണ്‍സര്‍വേറ്റീവ് ഫോറസ്റ്റ് ഓഫീസര്‍) ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നൂറില്‍ അധികം സി.സി.എഫ് ഉദ്യോഗസ്ഥര്‍ ഉണ്ട്. മാത്രമല്ല, ഒരു പി.സി.സി.എഫ് ഉദ്യോഗസ്ഥന്റെ സ്ഥാനത്ത് ഇപ്പോള്‍ പത്ത് പി.സി.സി.എഫ് ഉദ്യോഗസ്ഥര്‍ ഉണ്ട്. ഇത്രയും വലിയ ഉദ്യോഗസ്ഥ ശ്രേണി ഉണ്ടായിട്ട് കൂടി ഒരു ഉദ്യോഗസ്ഥന്‍ പോലും കാടിനുള്ളില്‍ ജോലി ചെയ്യാന്‍ തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ മുഴുവന്‍ വനത്തിന് പുറത്തായാണ് നിര്‍മിച്ചിരിക്കുന്നത്. ഈ മുഴുവന്‍ ഉദ്യോഗസ്ഥരും വനത്തിനകത്ത് ഓഫീസുകള്‍ സ്ഥാപിക്കുകയും വനത്തിനുള്ളില്‍ ജോലി ചെയ്യുകയും ചെയ്താല്‍ മാത്രമേ വന്യമൃഗങ്ങളുടെ ആക്രമണവും ജനവാസ മേഖലയിലേക്കുള്ള അവരുടെ കടന്നുകയറ്റവും തടയുവാന്‍ സാധിക്കുകയുള്ളൂ. വനത്തിനകത്ത് അവര്‍ നിയമിച്ചിരിക്കുന്ന ആദിവാസി വാച്ചര്‍മാര്‍ക്ക് ഒരിക്കലും വന്യമൃഗത്തെ നിയന്ത്രിക്കാനാവില്ല. അവര്‍ പോലും വന്യമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍, ആദ്യം നടപ്പാക്കേണ്ടത് എന്തെന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശരിയായ രീതിയില്‍ അവരുടെ ജോലി ചെയ്യുക എന്നതാണ്. ഇത് ചെയ്യാത്തിടത്തോളം കാലം വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയും ജനങ്ങളുടെ സ്വത്തിനും ജീവനും അപകടമാവുകയും ചെയ്യും.


ഈ ദയനീയ അവസ്ഥയുടെ മറ്റൊരു കാരണം എന്തെന്നാല്‍ വനത്തില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വച്ചുപിടിപ്പിച്ചിട്ടുള്ള വനംവകുപ്പിന്റെ തേക്ക്, യൂകാലിപ്‌സ്, മഞ്ഞകൊന്ന എന്നീ വിളകളാണ്. ഈ വിളകള്‍ മുഴുവനും പ്രകൃതിവിരുദ്ധമാണ്. മാത്രമല്ല, ഇവ മണ്ണിലെ ജലം മുഴുവന്‍ വലിച്ചെടുക്കുകയും കാട്ടില്‍ ജീവിക്കുന്ന ജീവികള്‍ക്ക് മതിയായ വെള്ളം ലഭിക്കാതെ വരികയും അവ ജലവാസ മേഖലകളിലേക്ക് പോകുന്നതിനും കാരണമാകുന്നു. കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്ത മറ്റൊരു ദ്രോഹം എന്തെന്നാല്‍, വന വികസന കോര്‍പ്പറേഷന്‍ ഉണ്ടാക്കിക്കൊണ്ട് സ്വാഭാവിക വനങ്ങള്‍ അടിയോടെ വെട്ടി നശിപ്പിച്ചു. കമ്പ മലയിലെ തേയില തോട്ടവും, ബത്തേരി പുല്‍പ്പള്ളി റൂട്ടിലെ കാടുകള്‍ വെട്ടി നശിപ്പിച്ച് കുരുമുളക് തോട്ടവും ഇങ്ങനെയുള്ള പ്രകൃതി സമ്പത്തുകള്‍ നിറഞ്ഞ കാടുകള്‍ വെട്ടി നശിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ്.

കേരളത്തിന്റെ വനങ്ങളെ വെട്ടി നശിപ്പിച്ച് ഇതുപോലുള്ള പ്ലാന്റേഷന്‍സ് ആരംഭിച്ചത് ഉദ്യോഗസ്ഥരാണ്. കേരളത്തിലെ എട്ട് ശതമാനത്തോളം വനങ്ങള്‍ ഇതുപോലെ വെട്ടി നശിപ്പിച്ചത് സര്‍ക്കാരിന്റെ ഈ വനവികസന കോര്‍പ്പറേഷന്‍ പദ്ധതിയാണ്. ഒരുഭാഗത്ത് വന്യജീവികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും മറുഭാഗത്ത് അവരുടെ ആവാസ വ്യവസ്ഥ തകര്‍ത്തുകൊണ്ട് ഇത്തരം പ്ലാന്റേഷന്‍സ് ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ ഇത് ഭീഷണിയാവുന്നത് പാവം കര്‍ഷകര്‍ക്കും വനമേഖല പരിസരത്ത് ജീവിക്കുന്നവര്‍ക്കുമാണ്. അതുകൊണ്ടുതന്നെ ഇത്തരം അനാവശ്യമായ വെച്ചുപിടിപ്പിക്കല്‍ ഒഴിവാക്കി വന്യമൃഗങ്ങള്‍ക്കാവശ്യമായ വൃക്ഷങ്ങളും ചെടികളും വച്ചുപിടിപ്പിച്ച് കാടിനെ കാടാക്കി തന്നെ നിലനിര്‍ത്തിയാല്‍ മാത്രമേ കര്‍ഷകരുടെ ഈ പ്രശ്‌നം തീരുകയുള്ളൂ.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നതും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ആത്മഹത്യ ചെയ്യുന്നതും ഇനി കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല. ഇതിന്റെ കൃത്യമായ പരിഹാരത്തിന് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ മാത്രം മതി. ഇവ കൃത്യമായി നടപ്പാക്കിയാല്‍ തന്നെ വന്യമൃഗങ്ങളുടെ ഈ ശല്യം പൂര്‍ണമായും തടയാന്‍ സാധിക്കും.

പിന്നെയുള്ള ഒരു പ്രധാന പ്രശ്‌നമാണ് ക്വാറികള്‍. വന്യമൃഗങ്ങളെ വളരെ മോശമായ രീതിയില്‍ ബാധിക്കുന്ന ഒന്നാണ് ക്വാറികള്‍. വനത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ക്വാറി പ്രവര്‍ത്തനങ്ങള്‍ എങ്കിലും എന്നെന്നേക്കുമായി നിര്‍ത്തിവെക്കണം. ഇല്ലായെങ്കില്‍ ഇത് വലിയ പ്രശ്‌നം ഉണ്ടാക്കും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രായോഗികമായ രീതിയില്‍ തന്നെ സര്‍ക്കാരിന് പരിഹാരം കണ്ടെത്താനാകും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നതും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ആത്മഹത്യ ചെയ്യുന്നതും ഇനി കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല. ഇതിന്റെ കൃത്യമായ പരിഹാരത്തിന് ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ മാത്രം മതി. ഇവ കൃത്യമായി നടപ്പാക്കിയാല്‍ തന്നെ വന്യമൃഗങ്ങളുടെ ഈ ശല്യം പൂര്‍ണമായും തടയാന്‍ സാധിക്കും. ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണമെങ്കില്‍ ആദ്യം വനാവകാശ നിയമം നടപ്പാക്കേണ്ടതുണ്ട്. ഈ നിയമപ്രകാരം വനത്തിന്റെ നടത്തിപ്പുകാര്‍ അവിടുത്തെ പ്രദേശവാസികളാണ്. ഒരുപക്ഷേ ഈ നിയമം നടപ്പാക്കിയിരുന്നെങ്കില്‍ ആദിവാസികള്‍ക്ക് ഭൂമി ഉണ്ടാകുമായിരുന്നു. മാത്രമല്ല, വന്യജീവികള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയില്‍ തന്നെ ജീവിച്ചു പോകാനുള്ള വകയും ഉണ്ടാവുമായിരുന്നു. 


1971 ലെ സ്വകാര്യ വന നിക്ഷിപ്തമാക്കലും പതിച്ചു നല്‍കലും എന്ന നിയമപ്രകാരം കേരളത്തിലെ പല സ്വകാര്യ വ്യക്തികളില്‍ നിന്നും 5,35,000 ഏക്കര്‍ ഭൂമിയാണ് വനമായി മാറ്റപ്പെട്ടത്. ഈ ഭൂമി ഭൂരഹിതരായ ആളുകള്‍ക്ക് വേണ്ടി പതിച്ചു നല്‍കുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യാനുസരണം കൃഷി ചെയ്യാനും ജീവിക്കാനും ഉള്ള വക ഉണ്ടാവുമായിരുന്നു. അതുകൊണ്ടുതന്നെ അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാവേണ്ട ഒരു മേഖലയാണ് വനവകുപ്പ്. കൃഷിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ വനംവകുപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ഈയിടെ കുട്ടനാട്ടിലെ ഒരു കര്‍ഷകന്‍ആത്മഹത്യ ചെയ്തിരുന്നു. വന്യജീവിയുടെ ശല്യം മൂലം കൃഷി നഷ്ടമായി ആത്മഹത്യ ചെയ്തതല്ല, സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്തതിനാലായിരുന്നു അയാള്‍ ആത്മഹത്യ ചെയ്തത്. നെല്‍കര്‍ഷകരുടേത് പോലെതന്നെയാണ് റബര്‍ കര്‍ഷകരുടെയുംഅവസ്ഥ. 250 രൂപ തറവില കൊടുക്കേണ്ട സ്ഥാനത്ത് 120 രൂപ പോലും നല്‍കാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല. ഇങ്ങനെ സമസ്ത മേഖലകളിലും ഒരു കൃഷിക്കാരന് നിലനിന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ് കാണുന്നത്. കേരളത്തിലെ മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടി ഖജനാവില്‍ നിന്നും പണം എടുക്കുകയും അനധികൃതമായി ചെലവാക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ കര്‍ഷകന് വേണ്ടി കുറച്ചെങ്കിലും ചിന്തിച്ചില്ലെങ്കില്‍ ഇനിയും ഇതുപോലുള്ള മരണവാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയാകും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - വൃന്ദ ടി.എം

Media Person

Similar News