ഇങ്ങനെയും നാടകം ചെയ്യാം സാര്‍

ഇന്ത്യയില്‍ ഒബ്ജക്ട് തിയറ്ററിന്റെ സ്ഥാപകയാണ് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ജേത്രി കൂടിയായ ചോയ്തി. ഇറ്റ്‌ഫോക്കില്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ 'മാട്ടി കഥ' സംവിധായകയും അഭിനേത്രിയുമായ ചോയ്തി ഘോഷ് സംസാരിക്കുന്നു. അഭിമുഖം: സക്കീര്‍ ഹുസൈന്‍.

Update: 2024-02-15 08:07 GMT

ചോയ്തി ഘോഷ്: രാജ്യത്ത് ഒബ്ജക്ട് തിയറ്ററിന് (മെറ്റീരിയല്‍ തിയറ്റര്‍) തുടക്കം കുറിച്ച വനിത. നിരവധി പേര്‍ ഇവരില്‍ നിന്ന് പരിശീലനം നേടുകയും ഒബ്ജക്ട് തിയറ്ററില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പ്രോപ്പര്‍ട്ടി എന്നതിനപ്പുറത്ത് വസ്തുക്കള്‍കൊണ്ട് അരങ്ങില്‍ വ്യാഖ്യാനങ്ങളും വ്യത്യസ്തങ്ങളായ ആവിഷ്‌ക്കാരങ്ങളും കൊണ്ട് വരുന്ന ഒബ്ജക്റ്റ് തിയറ്റര്‍ ആഗോളതലത്തില്‍ ഇപ്പോള്‍ ശ്രദ്ധേയമാണ്. ഒബ്ജക്ട് തിയറ്ററിനെ പപ്പറ്ററി തിയറ്ററുമായി (പാവ നാടകം) സമന്വയിപ്പിക്കുകയാണ് ഈ 44 കാരി..

പരമ്പരാഗത നാടക കുടുംബത്തിലെ അംഗം. അമ്മ റൂമയില്‍ നിന്നും അഛന്‍ ആശിഷ് ഘോഷില്‍ നിന്നു മാണ് നാടക ഭ്രാന്ത് തലക്ക് പിടിച്ചത്. മാതാപിതാക്കള്‍ അനന്ത് എന്ന നാടകസംഘം നടത്തിയിരുന്നു. മുതിര്‍ന്നശേഷം നാടകം അഭിനിവേശമായി മാറിയ ചോയ്തിയുടെ ഈ വഴിയിലൂടെയുള്ള യാത്ര ആവേശമുണര്‍ത്തുന്നതാണ്. മൂന്ന് വയസു മുതല്‍ അരങ്ങിലെത്തിയ ചോയ്തി' ഇംഗ്ലീഷ് സാഹിത്യ ബിരുദമെടുത്ത ശേഷം ദല്‍ഹിയില്‍ നയ നാടക സംഘത്തില്‍ അംഗമായി. 2002 ല്‍ കാട്ട്കഥ പപ്പറ്റ് ആര്‍ട്ട് ട്രസ്റ്റിലും അംഗമായി. സുശ്രീ അനുരൂപ റോയില്‍ നിന്ന് സമകാലിക പാവനാടകത്തില്‍ പരിശീലനം നേടി.

Advertising
Advertising

ഇതിനിടെയാണ് ഒബ്ജക്ട് തിയറ്ററിനെക്കുറിച്ച് അറിഞ്ഞത്. പിന്നെ നേരെ വിട്ടത് ഫ്രാന്‍സിലേക്ക്; ഒബ്ജക്ട് തിയറ്ററിനെക്കുറിച്ച് പഠിക്കാന്‍. 2010 ല്‍. അവിടെ ആഗ്‌നസ് ലിമ്പോസിന്റെ കീഴില്‍ ഒബ്ജക്ട് തിയറ്റര്‍ കോഴ്‌സിന് ചേര്‍ന്നു. തിരിച്ച് ദല്‍ഹിയിലെത്തി ട്രാം ആര്‍ട്ട് തിയറ്റര്‍ രൂപവത്കരിച്ച് ഒബ്ജക്ട് തിയറ്ററില്‍ ശ്രദ്ധേയങ്ങളായ നാടകങ്ങള്‍ ചെയ്തു. ഇതിനിടെ 2012ല്‍ പാവനാടകത്തിന് ബിസ്മില്ലാഖാന്‍ യുവ പുരസ്‌ക്കാരവും 2016ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും നേടി. എഴുത്തുകാരി, ഗായിക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചോയ് തി ബോളിവുഡിലും ശ്രദ്ധ നേടി.

ബംഗാള്‍ കളിമണ്‍ പാവകളുടെയും നാടാണെന്ന് ചോയ്തി പറയുന്നു. അവര്‍ തന്നെ പറയട്ടെ:

ബംഗാളിലെ കളിമണ്‍ പാവകളെക്കുറിച്ചുള്ള ഗവേഷണമാണ് 'മാട്ടി കഥ' എന്ന നാടകത്തില്‍ എത്തിച്ചേര്‍ന്നത്. കണ്ടല്‍കാടുകള്‍കൊണ്ട് സമ്പന്നമായ സുന്ദരവനത്തെക്കുറിച്ചും (സുന്ദര്‍ബന്‍) അവിടത്തെ ജനങ്ങളുടെ വ്യത്യസ്തങ്ങളായ അതിജീവനത്തെക്കുറിച്ചും മനുഷ്യരെയും പ്രകൃതിയെയും തന്റെ മക്കളായി കരുതുന്ന അവരുടെ ബോണ്‍ബീബി എന്ന ദൈവത്തെക്കുറിച്ചും ഇതിനിടയില്‍ കേട്ടു. അത് കൂടുതല്‍ ജിജ്ഞാസയുളവാക്കി. കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുകയായിരുന്നു പിന്നീട്. 


മാട്ടി കഥയില്‍ ചോയ്തി ഘോഷ്  

പാവകളെ ഉപയോഗിച്ചുള്ള പ്രദര്‍ശനത്തിലൂടെ അവരുടെ കഥ പറയാനായിരുന്നു ആദ്യ തീരുമാനം. മുംബൈയില്‍ അത് നടത്തുകയും ചെയ്തു. പിന്നീടാണ് ഒബ് കട് തിയറ്ററും പപ്പറ്ററി തിയറ്ററും സമന്വയിച്ച് നാടകം ചെയ്താലോ എന്നാലോചിച്ചത്. തുടര്‍ന്ന് നാടക രചയിതാവ് മഞ്ജിമയുമായും എന്റെ സംവിധായകന്‍ മുഹമ്മദ് ഷമീമുമായും ചര്‍ച്ച ചെയ്തു.

സംഗതി പാളരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പലതവണ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതി. സമകാലിക രാഷ്ട്രീയവും സമന്വയിപ്പിച്ചാണ് നാടകം തയാറാക്കിയത്. വളരെ ലളിതമായ അവതരണമാണ് തെരഞ്ഞെടുത്തത്. അത് പ്രേക്ഷകരില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കും.

സുന്ദരവനമെന്ന ദ്വീപിലെ ജനങ്ങളുടെ അതിജീവനമെന്ന് പറയുമ്പോള്‍ അത് പ്രകൃതിയോടും വന്യമൃഗങ്ങളോടും പുഴയോടും മുതല അടക്കമുള്ള ജീവികളോടുമുള്ള പോരാട്ടം മാത്രമല്ല. മനുഷ്യരെ തമ്മില്‍ തല്ലിച്ച് മുതലെടുക്കുന്ന വര്‍ഗീയ വന്യജീവകള്‍ക്കെതിരിലുമാണ്. 


മാട്ടി കഥയുടെ അണിയറ ശില്‍പികള്‍ ചോയ്തിക്കൊപ്പം; നാടകാവതരണശേഷം

മാട്ടി കഥ മണ്ണിന്റെയും മനുഷ്യന്റെയും കഥയാണ് പറയുന്നത്. മണ്ണ് ഒരു രൂപകം കൂടിയാണ്. നാടകം മനുഷ്യത്വവും സ്‌നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്നുണ്ട്. സുന്ദരവനത്തിലെ ജീവിതം അങ്ങിനെയാണ്. അവരുടെ ദൈവം ബോണ്‍ബീബിക്ക് എല്ലാവരും ഒന്നാണ്. ഹിന്ദുവും മുസല്‍മാനും എന്തിന്, കടുവയും മുതലയും പോലും തന്റെ കുടുംബത്തിലെ അംഗമാണ്.

അതുണ്ടാക്കുന്ന വിശാലതയുണ്ട്. അത് തകര്‍ക്കാനാണ് കലാപമുണ്ടാക്കുന്നത്. സുന്ദര്‍വനത്തിന് സമീപമുള്ള ദ്വീപുകളില്‍ കലാപങ്ങള്‍ അരങ്ങേറി. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചപോലെ അവര്‍ ആ കലാപങ്ങളെയും അതിജീവിച്ചു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മനുഷ്യന്‍ ഒന്നാകും. കോവിഡ് കാലത്ത് നമ്മള്‍ അത് കണ്ടതാണ്. 


ചോയ്തി ഘോഷ് - സക്കീര്‍ ഹുസൈന്‍, ടി. രാമവര്‍മന്‍ എന്നിവരോട് സംസാരിക്കുന്നു. 

എനിക്ക് വലതുപക്ഷ ആത്മീയത ഇഷ്ടമല്ല. അതില്‍ ബഹുസ്വരതയില്ല. സുന്ദരവനത്തിലെ ജനങ്ങളില്‍ ഈ ബഹുസ്വരത വേണ്ടുവോളമുണ്ട്. നാടകത്തില്‍ സന്ദേശങ്ങള്‍ നല്‍കണമെന്നതിനോട് എനിക്ക് താല്‍പര്യമില്ല. നാടകം ജനങ്ങള്‍ക്ക് ആസ്വദിക്കാനാവുന്നതാകണം. അവതരണവും അങ്ങിനെയാകണം. അതിന് ഇന്റിമേറ്റ് തിയറ്ററാണ് ഏറ്റവും ഫലപ്രദം. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നാടകങ്ങളുടെ അവതരണത്തില്‍ പ്രേക്ഷകരെ പങ്കാളിത്തവും ഉറപ്പാക്കാറുണ്ട്. അതിന് ഇന്റിമേറ്റ് തിയറ്ററാണ് ഏറ്റവും നല്ലത്. മനുഷ്യന്റെ അധികാര മേധാവിത്വത്തെ ഇല്ലാതാക്കാന്‍ പോന്നതാണ് ഒബ്ജക്ട് തിയറ്റര്‍ എന്ന പ്രത്യേകതയുമുണ്ട്. അവതരണങ്ങളിലൂടെ ഞാനത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സക്കീര്‍ ഹുസൈന്‍

Media Person

Similar News