കടലിനടിയിൽ ചരിത്രമെഴുതിയ അതുല്യയുടെ ആഴക്കടൽ വിശേഷങ്ങൾ

'ഏത് വെല്ലുവിളിയെയും നേരിടാൻ മനസ്സിലുറപ്പിച്ച് വേണം ആഴങ്ങളിലേക്ക് ഇറങ്ങാൻ. ചുറ്റും അപകടകാരികളായ മത്സ്യങ്ങളെക്കണ്ട് പേടിതോന്നാറില്ലേ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാൽ അതൊന്നും എന്നെ കീഴ്പ്പെടുത്താറില്ല. മറിച്ച് കടലിന്റെ ആഴങ്ങളിലെ മനോഹരമായ കാഴ്ചകളാണ് എന്നെ മുന്നോട്ടുനയിക്കുന്നത്...'

Update: 2026-07-31 12:04 GMT

കരയിലെ പരിചിതമായ സുരക്ഷിതത്വത്തിൽ നിന്ന്, കിലോക്കണക്കിന് ഭാരമുള്ള ഡൈവിംഗ് ഉപകരണങ്ങളുമണിഞ്ഞ് ഇരുണ്ട നീലക്കടലിലേക്ക് ഊളിയിടുമ്പോൾ അതുല്യ കടന്നുചെല്ലുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്തേക്കാണ്. സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന കൊമേഴ്ഷ്യൽ ഡൈവിംഗ് രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പാലക്കാടുകാരിയായ അതുല്യ. സ്കൂബ ഡൈവിംഗിൽ പരിശീലനം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ വനിതയും, ഇന്റർനാഷണൽ മറൈൻ കോൺട്രാക്ടേഴ്സ് അസോസിയേഷന് കീഴിലുള്ള കൊമേഴ്ഷ്യൽ സ്കൂബ ഡൈവിംഗ് സർട്ടിഫിക്കറ്റ് നേടുന്ന ഇന്ത്യയിലെ പ്രഥമ വനിത എന്ന ബഹുമതിയും ഇനി ഈ ഇരുപത്തിയൊമ്പതുകാരിക്ക് സ്വന്തം.വിനോദസഞ്ചാര ആവശ്യങ്ങൾക്കായി നടത്തുന്ന സ്കൂബ ഡൈവിംഗിൽ നിന്ന് വ്യത്യസ്തമായി, സമുദ്രത്തിന്റെ അടിത്തട്ടിലെ സാങ്കേതിക ജോലികളാണ് കൊമേഴ്സ്യൽ സ്കൂബ ഡൈവർമാരുടെ പ്രധാന ദൗത്യം. കടലിനടിയിലൂടെയുള്ള ഓയിൽ-ഗ്യാസ് പൈപ്പ് ലൈനുകളുടെ പരിപാലനം, ഇന്റർനെറ്റ് കേബിളുകളുടെ അറ്റകുറ്റപ്പണികൾ, വെൽഡിംഗ് ജോലികൾ തുടങ്ങി അതീവ അപകടം പിടിച്ച സാങ്കേതിക ജോലികളാണ് ഒരു കൊമേഴ്ഷ്യൽ സ്കൂബ ഡൈവർ നിർവഹിക്കേണ്ടത്. വെല്ലുവിളികൾ നിറഞ്ഞ ഈ തൊഴിൽ മേഖലയിലേക്കാണ് അതുല്യ ധൈര്യപൂർവ്വം ചുവടുവെച്ചത്.

Advertising
Advertising

തുടക്കത്തിലെ വെല്ലുവിളികൾ

സാധാരണയായി പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തുന്ന മേഖലയാണിത്. കൊമേഴ്ഷ്യൽ സ്കൂബ ഡൈവിംഗിന്റെ ആഴക്കടൽ ലോകത്തേക്ക് കടന്നുചെല്ലുക ഏതൊരു സ്ത്രീക്കും വലിയൊരു അഗ്നിപരീക്ഷ തന്നെയാണ്. ചുറ്റും പുരുഷന്മാർ മാത്രമായിരുന്ന അന്തരീക്ഷം തുടക്കത്തിൽ വല്ലാത്ത ഭയവും ആശങ്കയും ഉണ്ടാക്കിയിരുന്നു. എന്നാൽ തൊഴിലിടങ്ങളിൽ ആൺ-പെൺ വ്യത്യാസമില്ലെന്ന് കൂടെയുള്ള സഹപ്രവർത്തകർ പറഞ്ഞു മനസ്സിലാക്കി തന്നതോടെ ആ ഭയം മാറി.

ഡൈവിംഗ് ഉപകരണങ്ങളുടെ അമിത ഭാരം താങ്ങുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. കനത്ത ഭാരം പേറി കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിടുക എന്നത് തുടക്കത്തിൽ വളരെ പ്രയാസകരമായിരുന്നു. എന്നാൽ നിരന്തരമായ പ്രയത്നത്തിലൂടെയും മനക്കരുത്തിലൂടെയും അതെല്ലാം സ്വന്തം ശരീരത്തിന്റെ ഭാഗമെന്നോണം ശീലിച്ചെടുക്കാൻ അതുല്യക്ക് കഴിഞ്ഞു.

പഠനകാലം

കൊടുമുണ്ട ജിയുപി സ്കൂൾ, പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. തുടർന്ന് തൃശൂർ സെന്റ് മേരീസ് കോളജിൽ നിന്ന് ബിരുദം നേടി. രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ, ജെൻഡർ സ്റ്റഡീസ് ക്ലാസിലെ അധ്യാപികയുടെ വാക്കുകളിൽ നിന്നാണ് സ്കൂബ ഡൈവിംഗ് എന്ന മോഹം മനസ്സിൽ കയറുന്നത്. 2021-ൽ കോവളത്തെ സ്കൂബ ഡൈവിംഗ് അക്കാദമിയിൽ നിന്ന് മൂന്ന് മാസത്തെ കോഴ്സ് പൂർത്തിയാക്കി. കോവളത്തും ആൻഡമാനിലും കൊച്ചിയിലെ അക്വാലിയോ ഡൈവ് സെന്ററിലും സ്കൂബ ഡൈവറായി ജോലി ചെയ്തു.

തീരദേശ പൊലീസിനും ഫയർ വുമൺസിന്റെ ആദ്യ ബാച്ചിനും പരിശീലനം നൽകിയ സംഘത്തിലും അതുല്യ ഉണ്ടായിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുമ്പോഴാണ് സൗത്ത് ആഫ്രിക്കയിലെ ഒരു കൊമേഴ്ഷ്യൽ കമ്പനി അതുല്യയെ തേടിയെത്തിയത്. പഠനവും യാത്രാചെലവും ഉൾപ്പെടെ കമ്പനി സ്പോൺസർ ചെയ്തു. അതോടെ സൗത്ത് ആഫ്രിക്കൻ കടലിലേക്കുള്ള അതുല്യയുടെ യാത്ര ആരംഭിച്ചു.

കടൽ നൽകുന്ന ആവേശം

ഏകദേശം 30 കിലോ ഭാരമുള്ള ഉപകരണങ്ങളും ചുമന്നാണ് 50 മീറ്ററിലേറെ ആഴങ്ങളിലേക്ക് ഒരു കൊമേഴ്ഷ്യൽ ഡൈവർ ഇറങ്ങിച്ചെല്ലേണ്ടത്. ശക്തമായ അടിയൊഴുക്കുകളും ചുഴികളും അതിശക്തമായ തണുപ്പും കടൽജീവികളിൽ നിന്നുള്ള ഭീഷണികളും ഒരേസമയം നേരിടാൻ ഡൈവർമാർ സജ്ജരായിരിക്കണം.

'കടൽജീവികളെ നേരിടാനുള്ള പരിശീലനം നമുക്ക് ലഭിച്ചിട്ടുണ്ടാകും. പക്ഷേ വെള്ളത്തിനടിയിലെ സാഹചര്യം എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ ആയിരിക്കില്ല. എങ്കിലും, ഏത് വെല്ലുവിളിയെയും നേരിടാൻ മനസ്സിലുറപ്പിച്ച് വേണം ആഴങ്ങളിലേക്ക് ഇറങ്ങാൻ. ചുറ്റും അപകടകാരികളായ മത്സ്യങ്ങളെക്കണ്ട് പേടിതോന്നാറില്ലേ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നാൽ അതൊന്നും എന്നെ കീഴ്പ്പെടുത്താറില്ല. മറിച്ച് കടലിന്റെ ആഴങ്ങളിലെ മനോഹരമായ കാഴ്ചകളാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയമുള്ള മത്സ്യങ്ങളെ നേരിട്ടുകാണുമ്പോഴുള്ള കൗതുകം, അവയെപ്പോലെ നീന്താൻ കഴിയുന്നത്, അവരിൽ ഒരാളായി മാറാൻ സാധിക്കുന്നത് - ഇതെല്ലാം വ്യത്യസ്തമായ അനുഭവം തന്നെയാണ്. ഒരുവശത്ത് മനുഷ്യർ പരസ്പരം കലഹിച്ചും ഭിന്നിച്ചും കഴിയുമ്പോൾ, അതൊന്നുമില്ലാത്ത വിസ്മയങ്ങൾ നിറഞ്ഞ ശാന്തമായ ഒരു ലോകമാണ് കടൽ എനിക്ക് നൽകുന്നത്,' അതുല്യ പറയുന്നു.

ഇനിയും കൂടുതൽ സാഹസികമായ കാര്യങ്ങൾ ഏറ്റെടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ കാര്യങ്ങൾ തേടാനുള്ള തയ്യാറെടുപ്പിലാണെന്നും അതുല്യ കൂട്ടിച്ചേർത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - ഫാത്തിമ ഷിഫ്ന .കെ

contributor

Similar News