ഇരുട്ടിലെ വെട്ടം; ഉമ്മ മകന് കൊടുത്ത പിറന്നാള്‍ സമ്മാനം

മകന്റെ പിറന്നാളിന് എന്തു സമ്മാനം കൊടുക്കുമെന്ന് ആലോചിച്ചപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള അവന്, അവനുണ്ടായ കഥയേക്കാള്‍ വലിയ സമ്മാനമില്ലെന്ന് തോന്നിപ്പോയി.

Update: 2022-09-23 06:40 GMT
Click the Play button to listen to article

ഒരു പാതിരാത്രി എന്നിലേക്ക് വന്നെന്റെ വെളിച്ചവും വായുവും മറ്റെല്ലാമായവനേ,

നാല് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഈ രാത്രി കഴിച്ചു കൂട്ടാന്‍ ഞാനെത്ര സമയം ക്ലോക്കിലേക്ക് നോക്കി കിടന്നുവെന്നോ!

അസഹ്യമായ വേദനയും വിട്ടൊഴിയാത്ത മഴയും പ്രളയവും ആ രാത്രിയെ കൂടുതല്‍ ഭീകരമാക്കി, പ്രസവവും പേറ്റുനോവും എന്താണെന്ന് അതുവരെ കേട്ടവറിവ് മാത്രമായതുകൊണ്ട് ലേബര്‍ റൂമില്‍ ടേബിളില്‍ തലചായ്ച്ചു കിടന്നിരുന്ന നേഴ്‌സുമാരെ വിളിച്ചു വേദന വരുന്നുണ്ടെന്ന് പറയാന്‍ പേടിയായിരുന്നു, മരണ വേദനയുടെ പകുതിയാണത്രേ പ്രസവവേദന!

അപ്പോ ചിലപ്പോ ഇനിയും വേദനയുണ്ടാവുമായിരിക്കും, തലയിണ അമര്‍ത്തിപിടിച്ചു കണ്ണുകള്‍ ഇറുക്കിയടച്ചു ഇങ്ങനെയാണോ ഞാനും ജനിച്ചിരിക്കുക എന്നു ചിന്തിച്ചു, എനിക്കപ്പോള്‍ എന്റെ ഉമ്മയോടും ലോകത്തുള്ള സകല ഉമ്മമാരോടും വല്ലാത്ത സ്‌നേഹം തോന്നി, ഇടയ്ക്കു തലപൊക്കി കിടന്നുറങ്ങിയിരുന്ന നേഴ്സുമാരെ ഞാന്‍ നോക്കി, എനിക്ക് വേദന സഹിക്കാനാവുന്നിലെന്ന് പറയാനൊരുങ്ങുമ്പോ അവര്‍ക്കീ ദിവസം സാധാരണമാണെന്നും ഇതു സ്ഥിരം കാഴ്ചയാണെന്നും എന്റെ സമയം ആയിട്ടിലെന്നും ഞാന്‍ കരുതി, ഇനിയും വേദന ഉണ്ടാവുമോ? എവിടെയാണീ വേദനയുടെ അറ്റം?

എനിക്ക് താങ്ങാന്‍ കഴിയുന്നില്ല എന്ന് തോന്നിയ നേരത്ത് ഞാനവരെ വിളിച്ചു, 'ഉടനെയൊന്നും ഉണ്ടാവില്ല കുട്ടി കിടന്നോളു' എന്നവര്‍ ഉറക്കത്തില്‍ നിന്നും തലയുയര്‍ത്തി പറഞ്ഞു, കിടന്നിരുന്ന കട്ടിലിന്റെ കമ്പിയില്‍ കൈകള്‍ അമര്‍ത്തി ഞാന്‍ ഒരു സമായോജന തന്ത്രത്തിലേക്ക് കടന്നു, രാത്രിക്ക് പകലിനെക്കാള്‍ പ്രകാശവര്‍ഷങ്ങളുടെ ദൈര്‍ഗ്യമുണ്ടെന്നു എനിക്ക് തോന്നിപോയി. ഞരമ്പുകള്‍ വലിഞ്ഞു മുറുകി ഞാന്‍ മരിച്ചുപോകുമെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ വീണ്ടും അവരെ വിളിച്ചു, എന്റെ വിളി പുറത്തു ആര്‍ത്തു പെയ്തിരുന്ന മഴയില്‍ അലിഞ്ഞു പോയതല്ലാതെ അവരെഴുന്നേറ്റില്ല!

എന്റെ തലയ്ക്കു നേരെയായി ഒരു മേശയില്‍ കത്രികപോലെയുള്ള വസ്തുക്കള്‍ അടക്കിവെച്ച സ്റ്റീലിന്റെ ഒരു ഇന്‍സ്ട്രുമെന്റ് ബോക്‌സ് വെച്ചിരുന്നു, ഞാനത് കൈക്കൊണ്ട് തട്ടി, വലിയ ശബ്ദത്തില്‍ അത് താഴെ വീണു. ഉറങ്ങിയിരുന്ന ഒരു നേഴ്‌സ് ഞെട്ടി എഴുന്നേറ്റു. അവര്‍ എന്തോ പിറുപിറുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. പരിശോധിച്ച ശേഷം ഉടനെ ഡോക്ടറെ വിളിക്കൂ എന്നവര്‍ മറ്റുള്ളവരോട് കുറച്ചു ഉറക്കെ വിളിച്ചു പറഞ്ഞു.

ഡോക്ടര്‍ വന്നതും ചെറിയ ഒരു മിന്നലോടെ കറണ്ട് പോയി, പ്രളയം കാരണം ഹോസ്പിറ്റലിലേക്ക് വെള്ളം കയറി അവിടുത്തെ ജനറേറ്റര്‍ സിസ്റ്റം തകരാരിലാണ് ഇനിയിപ്പോ കറണ്ട് വരില്ലെന്നും അവരില്‍ ഒരാള്‍ പറഞ്ഞു. വല്ലാത്ത ഭയമപ്പോള്‍ എന്നില്‍ ഇരച്ചുക്കയറി. എനിക്ക് മുറുക്കെ ചേര്‍ത്തു പിടിക്കാന്‍ ഒരു കൈ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചു

കുറച്ചു നേരത്തെ വലിയ പരിശ്രമത്തിനു ശേഷം എമര്‍ജന്‍സിയുടെ അരണ്ട വെട്ടത്തില്‍ ഞാനവന് ജന്മം നല്‍കി, ആദ്യമായി ഞാനവന്റെ ശബ്ദം കേട്ടു. പിന്നെയാരോ അവനെയെന്റെ നെഞ്ചില്‍ കിടത്തിത്തന്നു, പതിഞ്ഞൊട്ടിയ അവന്റെ തലമുടിയില്‍ ഞാന്‍ അമര്‍ത്തി ചുംബിച്ചു. ആദ്യാമയാണ് അത്രേം നിര്‍വൃതിയോടെ ഞാനൊരു ഉമ്മ വെക്കുന്നത്. ഈ വേദനയുടെ അറ്റം മറ്റെന്തിനെക്കാളും വലിയ ആനന്ദമാണെന്ന് എല്ലാ അമ്മമാരെ പോലെ ഞാനും അറിഞ്ഞു! ഞാനവനോട് ഇടയ്ക്കിടയ്‌ക്കൊക്കെ പറയും

'പ്രളയം പോലെ സങ്കീര്‍ണമായിരുന്ന എന്റെ ജീവിതത്തിലേക്ക് വലിയ വെളിച്ചവുമായി കടന്നുവന്നവനാണ് നീയെന്ന്' എന്റെ ഇരുട്ടിലെ വലിയ വെട്ടം!


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആരിഫ അവുതല്‍

Writer

Similar News