അസ് ഹോളിവുഡിനെ ഭയപ്പെടുത്തും; ജോർദാൻ പീലെ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്
മികച്ച യഥാര്‍ത്ഥ തിരക്കഥക്കുള്ള ഓസ്കാര്‍ നേടിയ ഗെറ്റ് ഔട്ട് എന്ന സിനിമയുടെ ശില്‍പിയാണ് ജോര്‍ദാന്‍ പീലെ
ഹോളിവുഡ് ഹൊറർ ചിത്രങ്ങൾക്കിടയിൽ പുതിയൊരു പരീക്ഷണമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗെറ്റ് ഔട്ട്. ഈ സിനിമയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ജോർദാൻ പീലെക്ക് മികച്ച യഥാര്‍ത്ഥ തിരക്കഥക്കുള്ള ഓസ്കറും ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി പീലെ വരികയാണ്. അസ് എന്ന ചിത്രത്തിലൂടെയാണ് പീലെ തിരിച്ച് വരുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി
ഗെറ്റ് ഔട്ട് പോലെ തന്നെ ഒരു ഹൊറർ ചിത്രമാകും അസ് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. അവധി ദിനം ചെലവഴിക്കാൻ ബീച്ച് റിസോർട്ടിലേക്ക് പോകുന്ന കുടുംബത്തില്‍ നിന്നാണ് അസ് ആരംഭിക്കുന്നത്. എന്നാൽ ഇവരെ കൂടാതെ ക്ഷണിക്കപ്പെടാത്ത ചിലർ റിസോർട്ടിലെത്തുന്നതും ഭയപ്പെടുത്തുന്ന ഒരു രാത്രിയുമാണ് സിനിമയുടെ ഇതിവൃത്തം.
ലുപിത ന്യോങ്കോ, വിൻസ്റ്റൺ ഡ്യൂക്ക് എന്നിവർ ദമ്പതിമാരായും സുഹൃത്തുക്കളായി എലിസബെത്ത് മോസും ടിം ഹെയ്‍ഡെക്കറും അഭിനയിക്കുന്നു.. സംവിധാനത്തിന് പുറമെ ഈ ചിത്രത്തിന്റെയും തിരക്കഥ ജോർദാൻ പീലെ തന്നെയാണ് നിര്‍വഹിക്കുന്നത്. 24.6 മില്യൺ ഡോളർ മുടക്കിയാണ് അസിന്റെ നിർമാണം. അടുത്ത വർഷം മാർച്ച് 15നാകും അസിന്റെ റിലീസ്