നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി; കലാഭവന്‍ ഷാജോണ്‍ സംവിധാനം
ഷാജോണ്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍സാണ്
മലയാളിക്ക് ഒരുപാട് കാലമായി സുപരിചിതമായ മുഖമാണ് കലാഭവന്‍ ഷാജോണിന്‍റേത്. നടനായി നമ്മെ വിസ്മയിപ്പിച്ച ഷാജോണ്‍ ഇനി സംവിധാന വേഷം അണിയുകയാണ്. പൃഥ്വിരാജിനെ നായകനാക്കി കോമഡിക്കും ആക്ഷനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ബ്രദേഴ്സ് ഡേ അണിയറയില്‍ ആരംഭിക്കുകയാണ്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊച്ചിയില്‍ നടന്നു. ഷാജോണ്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍സാണ്. മലയാളത്തിന്‍റെ ഭാഗ്യ നായിക എന്ന പേര് സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. പ്രയാഗ മാര്‍ട്ടിന്‍, ഐമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
നടന്‍ പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പുറത്തുവിട്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് സിനിമയുടെ തിരക്കഥയുമായി ഷാജോണ്‍ തന്നെ സമീപിച്ചിരുന്നെന്നും സിനിമയില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് പൃഥ്വി പറയുന്നു.
സിനിമ സംവിധാനം ചെയ്യാന്‍ ഓരാളെ നിര്‍ദ്ദേശിക്കണമെന്നും ഷാജോണ്‍ അവശ്യപ്പെട്ടിരുന്നു. പക്ഷെ, മനോഹരമായി കഥ പറഞ്ഞുതന്ന ഷാജോണിന്റെ ശൈലി തന്നെ ആകര്‍ഷിച്ചു. ഷാജോണ്‍ തന്നെ സിനിമ ചെയ്യണമെന്ന് അന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തെന്ന് പൃഥ്വിരാജ് പറയുന്നു. പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ റിലീസാകുന്നത്.