തരംഗമായി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഫസ്റ്റ്ലുക്ക്
പലനാടുകള്‍, പല നാളുകള്‍, പല രൂപങ്ങള്‍.. എല്ലാം ഇവിടെ തുടങ്ങുന്നു എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. പലനാടുകള്‍, പല നാളുകള്‍, പല രൂപങ്ങള്‍.. എല്ലാം ഇവിടെ തുടങ്ങുന്നു എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ ഫസ്റ്റ്‌ലുക്ക് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നത്. ഇൌ വര്‍ഷം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ നോക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്.
ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ ആദ്യ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്. നേരത്തെ വിദേശത്ത് വെച്ച് നടന്ന ഷൂട്ടിങ്ങിനിടെ ദുല്‍ഖറിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നതിനാല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സുഷിന്‍ ശ്യാം ആണ് സംഗീതം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുക. ദുൽഖറിൻ്റെ നിർമ്മാണക്കമ്പനിയായ വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.