സീറ്റിന്റെ എണ്ണം 'വല്യ ഇഷ്യു' ആക്കേണ്ടെന്ന് ലീഗ് നേതൃത്വം; ഇഷ്യു ആക്കി അണികൾ

ലീഗിന് പരമാവധി മൂന്ന് സീറ്റുകളേ അധികം ലഭിക്കൂ എന്ന സ്ഥിതി വന്നപ്പോഴാണ് അണികൾ സാമൂഹ്യമാധ്യമങ്ങളിൽ രോഷപ്രകടനം തുടങ്ങിയത്

Update: 2021-03-02 15:41 GMT

രണ്ട് പാർട്ടികൾ യുഡിഎഫ് വിട്ടതോടെ ഒഴിവു വന്ന പതിനഞ്ചോളം സീറ്റുകളിൽ അർഹമായത് ചോദിച്ചുവാങ്ങാൻ നേതൃത്വം തയ്യാറാകുന്നില്ലെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിൽ മുസ്‌ലിം ലീഗ് അണികൾ രംഗത്ത്. 24 സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച ലീഗിന് പരമാവധി മൂന്ന് സീറ്റുകളേ അധികം ലഭിക്കൂ എന്ന സ്ഥിതി വന്നപ്പോഴാണ് അണികൾ സാമൂഹ്യമാധ്യമങ്ങളിൽ രോഷപ്രകടനം തുടങ്ങിയത്. പാർട്ടിയുടെ പ്രധാന സൈബർ പോരാളികളെല്ലാം ആറ് സീറ്റെങ്കിലും അധികം വാങ്ങിക്കണമെന്ന നിലപാടിലാണ്. നേതൃത്വമാകട്ടെ കൂടുതൽ സീറ്റ് ചോദിക്കാൻ പറ്റിയ സാമൂഹ്യ സാഹചര്യമില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളിൽ വിശദീകരിക്കുന്നത്.

Advertising
Advertising

വയനാട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ പാർട്ടിയുടെ ശക്തിക്ക് അനുസൃതമായി സീറ്റില്ലെന്ന വിമർശനം തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം കൂടി നിരത്തി അണികൾ വാദിക്കുകയാണ്. തളിപ്പറമ്പ് അടക്കമുള്ള മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് നടത്തിയ പ്രകടനവും കോൺഗ്രസിന്റെ ദയനീയ അവസ്ഥയുമെല്ലാം പോസ്റ്റുകളിൽ കണക്ക് സഹിതമുണ്ട്. സീറ്റ് വിഭജന ചർച്ചകൾ ഒരു വിധം പൂർത്തിയാകുമ്പോൾ കൂത്തുപറമ്പ്, ബേപ്പൂർ, ചേലക്കര സീറ്റുകളാണ് കോൺഗ്രസ് ലീഗിന് വാഗ്ദാനം ചെയ്യുന്നത്.

എറണാകുളം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ അധിക സീറ്റ് നൽകാത്തതും വയനാട് ജില്ലയിലെ രണ്ടാമത്തെ പാർട്ടിയായിട്ടും ഒരു സീറ്റ് പോലും ചോദിക്കാത്തതും ലീഗ് അണികൾ രോഷത്തോടെ ഉന്നയിക്കുകയാണ്. കണ്ണൂരിൽ യുഡിഎഫ് വിജയിച്ച തദ്ദേശവാർഡുകളിൽ 45 ശതമാനവും ലീഗിന്റേതാണ്. അഴീക്കോട് നിയമസഭാ സീറ്റ് മാത്രമാണ് നിലവിൽ ലീഗിന്റെ കൈവശമുള്ളത്. കൂത്തുപറമ്പ് കൂടി നൽകിയാൽ പോലും ലീഗിന്റെ ശക്തി അനുസരിച്ച് ഇത് നീതിയാണോ എന്ന ചോദ്യം അണികൾ ഉന്നയിക്കുന്നു.

കൽപ്പറ്റ സീറ്റ് ചോദിച്ച് വാങ്ങണമെന്ന അഭിപ്രായം വയനാട് ജില്ലാ നേതൃത്വത്തിന് ഉണ്ടെങ്കിലും അതിന് സംസ്ഥാന നേതൃത്വം തയ്യാറല്ല. സംഘടനാ ശക്തിയിൽ സിപിഎം കഴിഞ്ഞാൽ വയനാട് ജില്ലയിലെ രണ്ടാമത്തെ പാർട്ടിയാണ് ലീഗ്. തൃശൂർ ജില്ലയിൽ അധിക സീറ്റ് വാങ്ങേണ്ടെന്ന വിചിത്ര നിലപാടാണ് ലീഗ് ജില്ലാ നേതൃത്വത്തിന്. കോൺഗ്രസ് വാഗ്ദാനം ചെയ്ത ചേലക്കര സീറ്റ് വേണ്ടെന്ന നിലപാട് ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ലീഗ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസിന്റെ എതിർപ്പ് നേരിടേണ്ടി വരുമെന്ന കാരണം പറഞ്ഞാണ് ജില്ലാ നേതൃത്വം സീറ്റ് വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നത്.

ലീഗിന്റെ ഒരു ഉറച്ച സീറ്റ് സിപി ജോണിന് നൽകുന്നതിലും അണികൾക്ക് രോഷമുണ്ട്. സി പി ജോണിനോട് ലീഗിന്റെ ബാധ്യത എന്താണെന്ന ചോദ്യം മാത്രമല്ല, യുവാക്കളും പ്രായമുള്ളവരുമായ ലീഗ് നേതാക്കൾ സീറ്റിനായി കാത്ത് നിൽക്കുമ്പോൾ ജോണിന് സീറ്റ് നൽകുന്നതിലെ യുക്തിയാണ് അണികൾ ചോദിക്കുന്നത്. പുനലൂർ സീറ്റ് വിജയസാധ്യത കുറഞ്ഞ ചടയമംഗലവുമായി വെച്ചുമാറുന്നതിനെതിരെ കോൺഗ്രസിൽ ഉയരുന്ന പ്രതിഷേധവും ലീഗ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. ചടയമംഗലും പുനലൂരും കോൺഗ്രസിന് വിട്ടുകൊടുക്കണമെന്നാണ് ചിലർ നിരാശയോടെ പറയുന്നത്.

മലബാറിലെ സീറ്റുകളിൽ കോൺഗ്രസിന് വേണ്ടി ലീഗ് അണികൾ മരിച്ച് പണിയെടുക്കുമ്പോഴും തിരിച്ച് കോൺഗ്രസ് വോട്ടുകൾ ലീഗിന് ലഭിക്കുന്നില്ലെന്ന പരാതിയും ലീഗണികൾ ഉന്നയിക്കുന്നു. ഗുരുവായൂർ മണ്ഡലത്തിൽ പ്രത്യക്ഷത്തിൽ തന്നെ ലീഗ് സ്ഥാനാർഥിയെ കോൺഗ്രസുകാർ കയ്യൊഴിയുന്ന സ്ഥിതിയാണ്. സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്ക് വേണ്ടത്ര പരിഗണന ലഭിക്കില്ലെന്ന തോന്നലും കൂടുതൽ സീറ്റ് ലീഗ് ചോദിക്കാത്തതിലുള്ള അമർഷവും ലീഗണികളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രകടിപ്പിക്കുകയാണ്.

വിവിധ സെൻട്രൽ യൂനിവേഴ്‌സിറ്റികളിൽ എം.എസ്.എഫ് നേതൃത്വത്തിലുള്ളവരും പാർട്ടിയുടെ ആശയ പ്രചാരകരായി സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരുമാണ് മുസ്ലിം ലീഗിന്റെ 'കീഴടങ്ങൽ നിലപാടി'നെതിരായ വിമർശനവുമായി രംഗത്ത് വരുന്നത്. ദുർബലമായ സിപിഐക്ക് എൽ.ഡി.എഫ് നൽകുന്ന പരിഗണനയുടെ അടുത്തു പോലും വരുന്നില്ല യു.ഡി.എഫ് ലീഗിന് നൽകുന്ന പരിഗണന എന്നതാണ് അവരുടെ വിമർശനം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്തിന് തെക്ക് നാല് ജില്ലകളിലായി വെറും നാല് ജില്ലാ പഞ്ചായത്ത് സീറ്റുകൾ (തൃശൂർ 1, എറണാകുളം 1, കൊല്ലം 1, തിരുവനന്തപുരം 1) യു.ഡി.എഫ് ലീഗിന് അനുവദിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ലീഗിന്റെ ബലത്തിൽ മലബാറിൽ സീറ്റുകൾ നേടുന്ന കോൺഗ്രസ് അത്തരമൊരു പരിഗണന തെക്കൻ കേരളത്തിൽ കോൺഗ്രസ് ലീഗിന് നൽകുന്നില്ല എന്നതാണ് അവരുടെ വിമർശനം.

Tags:    

Similar News